അമേരിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ പോലീസിനാൽ, ശ്വാസം കിട്ടാതെ കൊല്ലപ്പെട്ട, ജോർജ് ഫ്ലോയിഡിൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു.

എഴുതാനിരിക്കുന്ന കവിതകൾ
ശ്വാസം തേടിയലഞ്ഞ അതേ ദിവസമാണ്
നിൻ്റെ നിലവിളി ഉയർന്നത്
നിനക്ക് ശ്വാസം കിട്ടുന്നില്ലെങ്കിൽ
ഞങ്ങൾക്കെങ്ങനെ ശ്വാസം കിട്ടും

ഉറഞ്ഞു തുള്ളാനോ ഉറക്കെ കരയാനോ
സ്വാതന്ത്ര്യം തേടിയലഞ്ഞ നൂറ്റാണ്ടിൻ്റെ മേൽ
അന്ധകാരത്തിൻ്റെ കരിനിഴൽ വീഴ്ത്തി
മരണം ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.
എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല
നിങ്ങളുടെ മുട്ടുകാൽ എൻ്റെ കഴുത്തിനെ
ഞെരിച്ചുകൊണ്ടിരിക്കുന്നു
എനിക്ക് ശ്വാസം തരൂ, ശ്വാസം തരൂ

ബന്ധങ്ങളിൽ നിന്നും ഇറ്റിറ്റു വീഴുന്ന
കബന്ധങ്ങൾ ചുറ്റിലും നിറയുമ്പോൾ
ദീർഘനിശ്വാസത്തിൻ്റെ കടൽത്തിരകൾ
കരയെ കാർന്നുതിന്നുമ്പോൾ
കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യം
അന്ധത അഭിനയിക്കുമ്പോൾ
നിൻ്റെ ശബ്ദം തെരുവിൽ മുഴങ്ങുമ്പോൾ
നീ മരിച്ചവർക്കിടയിൽ ശ്വാസം പിടിച്ചവൻ
ഈ നൂറ്റാണ്ടിൻന്മേൽ നിൻ്റെ പേര് എഴുതിച്ചേർത്തവൻ.

കൊല്ലുമ്പോൾ അവൻ പറഞ്ഞ വാക്കുകളായിരുന്നു
വരാനിരിക്കുന്ന സ്വാതന്ത്യ സമരത്തിലെ
ഏറ്റവും വലിയ മുദ്രാവാക്യം.

…………. താഹാ ജമാൽ

By ivayana