റാണി റോസ് (ജോയ്സി )*

എന്നിലേക്ക്‌ ഒരിക്കൽ വന്നുപോയ
നീ മറഞ്ഞത് ഒരു അവധൂതനെപ്പോലെയാണ്
എനിക്കറിയാം നീയെവിടെയും തങ്ങുന്നില്ല
ആരിലും നിറയുവാൻ ഇഷ്ടപ്പെടുന്നില്ല
കാറ്റുപോലെ തഴുകിതലോടി
മനംകുളിർപ്പിച്ചു മറയുന്നു
പക്ഷേ എന്റെ മനവും മിഴിയും
നിന്നെ മാത്രം തിരയുന്നു
എന്റെ സഞ്ചാരങ്ങളിൽ ഞാൻ തിരയുന്നത്
എന്റെ മിഴികളിൽ ഞാൻ നിറച്ചുവെച്ചിട്ടുള്ള
നിന്റെ പ്രതിബിംബമാണ്
നിന്റെ രൂപം, നിറം, ഗന്ധം ഇവയൊക്കെ
ഞാൻ തേടുന്ന അടയാളമെന്ന്
മനസെന്റെ കാതിലോതുന്നു
ഏത് അഗാധ ഗർത്തത്തിലാണ്
നീ ഒളിച്ചിരിക്കുന്നത്
ആകാശത്തിന്റെ ഏതു ചെരുവിലാണ്
നീ കൂടുകൂട്ടിയിരിക്കുന്നത്
പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികളിലും
ഞാൻ നിന്റെ രൂപം തിരയുന്നു
കടലമ്മ ആരെയും കാണിക്കാതെ
ഒളിപ്പിച്ചുവെച്ചിരിക്കുന്ന നിധി
തേടിപ്പോയതാണോ നീ
ഡിസംബർ മാസം നേർത്ത മഞ്ഞിലൂടെ
നീയിറങ്ങിപ്പോയത് പിന്നെയൊരു
ഋതുഭേദവും എന്നെ ബാധിക്കാത്ത
വിധമായിരുന്നു
ഞാൻ അന്നത്തെ പോലെ തന്നെ
ഇലകൾ കൊഴിഞ്ഞു നേർത്ത ഞരമ്പുകൾ
ആകാശത്തേക്ക് വിരിച്ചു പിടിച്ചു
ഇമയൊന്നു ചിമ്മാതെ കാത്തിരിക്കുമ്പോൾ
നീയെന്നിലേക്ക് ഇറങ്ങിവരണം
ഇല്ലെങ്കിൽ നീയൊരിക്കൽ തിരികെവന്നാൽ
തിരിച്ചറിയാനാവാത്ത വിധം വെയിലെന്റെ
ചില്ലകളെ വിഴുങ്ങിയിട്ടുണ്ടാകും
ചിതലെന്നെ അടങ്ങാത്ത ആവേശത്തോടെ
ചേർത്തുപിടിച്ചു ഉമ്മകൾ കൊണ്ട്
മൂടുന്നുണ്ടാവും
കാറ്റെന്നെ തോർത്തി ഉണക്കുമ്പോൾ
ഓരോ ദിനവും ഞാൻ
തിരിച്ചറിയാനാവാത്തവിധം
ശുഷ്‌കിച്ചുപോകുന്നുണ്ടാവും
എനിക്ക് നിന്റേതായാൽ മതിയെന്നു
ഞാനെന്റെ വേര് മാത്രമായി ചുരുങ്ങുമ്പോൾ
ഇവിടെ കുറിക്കുന്നു
നീയെന്തിനാണെന്നിൽ നിന്നും മറഞ്ഞിരിക്കുന്നത്?
എന്റെ ഹൃദയത്തിൽ
ബന്ധിതനായിപ്പോയവനല്ലേ നീ!
മോക്ഷം തേടി നീ അലയേണ്ടതില്ല
ഞാനെന്റെ സ്നേഹബന്ധനം
അഴിച്ചുവിടുംവരെ നീ എന്റെ ഹൃദയത്തിനെ
മന്ത്രോച്ചാരണങ്ങളാൽ മുഖരിതമാക്കുക
എന്നുമെന്നും നിനക്കായ്‌ മാത്രം
ഒഴുകുന്നൊരു ഉറവയായ് തീരാൻ
എന്നെ അനുവദിക്കുക
മോക്ഷത്തിലേക്കുള്ള ആദ്യപടിയായി
എന്റെ ഹൃദയരക്തത്താൽ
സ്നാനം ചെയ്യപ്പെടുക
ഒടുവിൽ നിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു
നീ പോയ വഴിയേ ഞാൻ വരും വരെ
നീ നിന്റെ തപസ് തുടരുക

By ivayana