രചന: സന്തോഷ് രാമചന്ദ്രൻ*

മടങ്ങുകയായിതാ
ഞാനെന്റെമാത്രമാം
ഏകാന്തകളിലേതോ
അനശ്വരതയിലേയ്ക്ക്.
കര്‍മങ്ങളില്ലിനിയേതുമേ
തീര്‍ത്തിടാനെനിയ്ക്കിനി.
മോഹിപ്പതിന്നവകാശവും
തെല്ലുമവശേഷിപ്പതില്ലയിനി.
ഹൃദയവാതിലിന്നരികെ
നെഞ്ചകം കീറിയൊരു
കരച്ചിലലമുറയിടുന്നൂ
മൗനമായ്, വിങ്ങലായ്.
വറ്റിയൊരാനയനങ്ങളെ
കഴുകിത്തലോടിടാന്‍
വിലാപങ്ങള്‍ക്കൊപ്പമായ്
തുളുമ്പിടുന്നനേകം കണ്‍കള്‍.
ഏതോ വിജനതയില്‍
കളഞ്ഞു കിട്ടിയൊരാ
പ്രണയവുമായ് നില്പൂ
അവസാനപാതയിൽ.
സ്വപ്നക്കൊടുമുടികള്‍
കയറവേയിടറിയ കാലുകള്‍
വിധിയുടെ കൂട്ടിക്കെട്ടലില്‍
ഒരുമിച്ചു മടങ്ങുന്നിതാ.
തിരിച്ചടികളേറെയേറെ
കനലുകള്‍ക്കുള്ളിലായ്
കാലം കാച്ചിയെടുക്കുന്നൂ;
കരുതി വയ്ക്കുന്നൂ.
കാലമേ, നിനക്കെന്നെ
തോല്പിക്കാമെങ്കിലും
മടക്കമില്ലയെനിക്കാ
വിജയം വരിക്കും വരേയ്ക്കും.
ഇവിടെയെന്‍ ശ്വാസവും
നിശ്വാസവുമടക്കുന്നൂ.
അവസാന മരണത്തില്‍
അപരാജിതനാണ് ഞാന്‍.

By ivayana