ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : റഫീഖ്. ചെറുവല്ലൂർ✍

വിഷാദം പൂക്കുന്ന തീരങ്ങളിൽ
ഞാൻ, നിന്നെത്തിരയില്ലൊരിക്കലും
വസന്തം നിന്നിൽ പൂത്തൊരുങ്ങും വരെ
മരുപ്പച്ച തെളിയുവാൻ കാത്തിരിക്കാം.
കണ്ണീരുപ്പുറഞ്ഞ കടൽകരയിലും
നിന്റെ കാൽപാടുകളെ പിൻതുടരില്ല ഞാൻ.
പ്രണയോന്മാദങ്ങൾ തിരയടിക്കുമ്പോൾ,
തിരമാലത്തുഞ്ചത്തൊരു
തുഴയില്ലാതോണിയായ് വരാം.
വിണ്ടുണങ്ങിയ വിളനിലങ്ങൾക്കു മേൽ,
ആർത്തു പെയ്യാതെത്ര നാൾ
കൽതുറുങ്കിലടച്ച കാർമേഘപാളിയായ്… !
കണ്ണീരുണങ്ങിയ കവിൾത്തടങ്ങളിൽ,
ചുംബനങ്ങൾ വിതറി ചിത്രങ്ങളാകുവാൻ,
ചിത്രശലഭങ്ങളെ മധുവൂട്ടിനു വിളിക്കുവാൻ,
കാലമെത്രയിനി ബാക്കിയുണ്ടറിയുമോ…?
ജനിമൃതിക്കിടയിലെ മൺകവാടത്തിലായ്,
ദിനമേതുമെണ്ണാതെ കാത്തിരിക്കാം.

റഫീഖ്. ചെറുവല്ലൂർ

By ivayana