ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : മാധവിറ്റീച്ചർ ചാത്തനാത്ത്✍

പ്രണയനിലാക്കുളിർ പെയ്യുന്ന രാവിലെൻ
മധുമാസരാക്കിളി പാടുകയായ് !..
മാനസവാതിൽ തുറന്നൊരാൾ
പുഞ്ചിരി തൂകിയെൻ ചാരത്തണയുകയായ് !.

വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾ
മണിവീണാതന്ത്രികൾ മീട്ടിടുമ്പോൾ
മധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെ
പ്രിയമാനസൻ പ്രിയമോതുകയായ്..!

മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേ
മനസ്സിൽ നിലാമഴ പെയ്യുകയായ്!
മിഴികളിൽ ദിവ്യാനുരാഗം തെളിയുന്ന,
മനമാകെയനുഭൂതി പൂത്തകാലം!

ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്ത
വെള്ളാമ്പൽപ്പൂമാല്യം ചൂടിയപ്പോൾ
മിഴികളിൽ, ചൊടികളിൽ,ഹൃത്തിൻദളങ്ങളിൽ
ചുംബനപ്പൂ ചാർത്തിത്തന്നൊരുനാൾ!

നീളേ വിരിയും നറുപുഷ്പചുംബനം
മധുപകർന്നീടും വസന്തരാവിൽ
ചെമ്മേ മൊഴിഞ്ഞതാം പ്രിയമോലും വാക്കുകൾ
പ്രാണനിൽ കുളിരേകും തേൻമഴയായ്!

പെയ്തിറങ്ങും പരിരംഭണമോടെയെൻ
ഹൃത്തിൽ കുളിർകോരും പോയകാലം.
ഇന്നുമെൻ ചിന്തകളക്കരെയിക്കരെ
ചാഞ്ചാടിയാടി രസിച്ചിടുന്നൂ ! …

മാധവിറ്റീച്ചർ ചാത്തനാത്ത്

By ivayana