രചന : ബിന്ദു കുറ്റിപ്പാല ✍️
വാക്ക്……
പൊട്ടിയ ചില്ലു കഷ്ണങ്ങളേക്കാൾ മൂർച്ചയേറിയത് ……
വാക്കേറിനാൽ
ഹൃദയം കീറി മുറിഞ്ഞ്
രക്തം വാർന്നു മരിച്ചവർ
സൗമ്യമായ് പിന്നെയും
പ്രതിവചിച്ചത്രേ…..
സാരമില്ല
അറിവില്ലാഞ്ഞല്ലേ……
വാക്കേറിനാൽ
മുറിവേറ്റ മറ്റുചിലർ
അകത്തളങ്ങളിൽ
മൗനം കൊണ്ട്
വൻമതിൽ തീർത്തു…..
അവർക്കായി
അടുക്കളപ്പാത്രങ്ങൾ കലമ്പി
വാതിലുകൾ ഞെട്ടി…..
തെരുവോരങ്ങളിൽ
വെളിവുകെട്ട വാക്കുകൾ
ലക്കില്ലാതെ വഴുതിവീണു…..
മറ്റു ചിലരെപ്പോലെ ഞാനും
അവയിൽ ചവിട്ടാതെ
ചെളി പുരളാതെ
ചവിട്ടടിമാറ്റി പുതുവഴി തിരഞ്ഞു …..
സ്വയം നഷ്ടപ്പെട്ട ഇടങ്ങളിൽ
വാക്ക് തൊണ്ടക്കുഴിക്കുള്ളിൽ
വിങ്ങി വിതുമ്പി
മരവിച്ചു നിന്നു…..
നിസ്സഹായതയോടെ
കണ്ടുനിന്നവൻ്റെ വാക്കും
എവിടെയോ നഷ്ടപ്പെട്ടു…..
കവടിപ്പാത്രം
വീണുടഞ്ഞശബ്ദത്തിൽ
ചിലവാക്കുകൾ
ചിതറി വീണത് കേട്ടുവോ……
ഗതികിട്ടാത്ത ജീവിതങ്ങളുടെ
നിരാശയുടെ
നിസ്സംഗതയുടെ
വിലാപങ്ങളാണവ
അവയിൽ ആശ്രയമറ്റ
പ്രതീക്ഷയുടെ നോവുണ്ട്
ഒറ്റപ്പെട്ടതിൻ്റെ സങ്കടമുണ്ട്
ഉപേക്ഷിക്കപ്പെട്ടതിൻ്റെ വിങ്ങലുണ്ട്…….
