രചന : മേരിക്കുഞ്ഞ് ✍️
വാക്കുകൾ കൊണ്ടൊന്നും
ഒപ്പിയെടുക്കുവാൻ
ആവില്ലെനിക്കെന്റെ
പുലർക്കാല വെട്ടമേ
നിന്നോടെനിക്കുള്ള
പ്രണയം.
ഒരു സ്വർണ്ണ വർണ്ണ –
ക്കിരീടമണിഞ്ഞു നീ
നില്പതാണോർമ്മയിൽ
ആദ്യം.
നിന്റെ കണ്ണിൽ നിന്നൊ-
രുന്മാദ രശ്മി –
വന്നെന്നെപ്പൊതിഞ്ഞതറിഞ്ഞു.
ഒന്നുമില്ലാത്തവളാണു
ഞാൻ
എന്നു നീ
പുച്ഛിച്ചതില്ലൊരു നാളും.
പതിവായി യെന്നെ
ഉണർത്തുന്നൊരാർദ്രമാം
പൊൻ പട്ടു
ചുംബനത്താലെ
എൻ മിഴിയിൽ നിന്റെ
മന്ദഹാസം നേർത്ത
മഞ്ഞായ് നിറയുന്നു പൊന്നേ
പിന്നെ പുൽമേട്ടിലൊ-
രിളമാൻകിടാവായി
എൻ മനം തുള്ളിത്തുളുമ്പും.

