𝕍𝕠𝕝𝕦𝕞𝕖◾◾◼️⬛⬛
നബീസയെ പതിനാറാംവയസിൽ
നിക്കാഹ് ചെയ്തയക്കുമ്പോൾ
അവളുടെ ശബ്ദം ഫുൾപവറായിരുന്നു ,
𝕍𝕠𝕝𝕦𝕞𝕖
◾◾◼️◼️⬛⬛1️⃣0️⃣0️⃣
പിന്നെയത്..
എന്റെ അയലത്തെ വീട്ടിലെ
മരുമകളായ നബീസയെ ഞാൻ
എന്റെ മുറിയിലെ ജാലകംവഴി എത്തിനോക്കുമ്പോൾ
അവളെ തിരുകിക്കയറ്റിയ
പച്ചനിറമുള്ള നൈറ്റിയിൽ
എന്നുമവളൊരു വീടിനെ
ചുമന്നു തളരുന്നതും കാണാം,
കോലം കണ്ടാൽ ഏതോ
അപൂർവ സസ്യയിനത്തിൽപ്പെട്ട
പച്ചിലയാണെന്ന് തോന്നും.
കൂടെയവളുടെ മൂളിപ്പാട്ടും കേൾക്കാം.
𝕍𝕠𝕝𝕦𝕞𝕖
◼️◼️2️⃣0️⃣
എന്റെ ഉമ്മച്ചിയും
നല്ല പാട്ടുകാരിയായിരുന്നു,
മരിക്ക്ണ തലേദിവസം
ഞാനുമ്മച്ചിയോട് ചോദിച്ചു
“ഉമ്മാ എനിക്കൊരു പാട്ടുപാടിത്തരുമൊ”
“ഖബറിൽ നിന്നൊരു കത്ത്….”
പാട്ടിൽ നിറയെ വാപ്പാടെ
കത്തിലെ വിശേഷങ്ങളായിരിക്കും,
ഞാൻ വോളിയം കുറച്ചു ഉമ്മാടെ കാലുകൾ തടവുമപ്പോൾ,
വട്ടമിട്ടുപറക്കുന്ന മൗത്തിന്റെ മാലാഖയോടുമ്മയപ്പോൾ
കണ്ണിറുക്കിക്കാണിക്കും,
“അല്ലേലും ചിലരങ്ങനെയ,
പ്രിയപ്പെട്ടതിലേക്ക്
ഓടിച്ചെന്നെത്തുവാനുള്ള
തിടുക്കത്തിൽ തീയും പുകയുമെല്ലാമവർക്ക് നിസാരമായ പൊട്ടിത്തെറികൾ മാത്രമായിരിക്കും”
ഉമ്മയിടക്കിടക്ക് പാടുന്ന വിപ്ലവകവി
മൊയിൻ കുട്ടിവൈദ്യരുടെ
“ബദറിലെ വീരന്മാർ ധൈര്യത്തോടെ നിന്നു,ദീനിന്റെ വഴിയിൽ
പോരാടിയ വീരർ.”
എന്ന വരികൾ കടലാസ്
റോക്കറ്റിലാക്കി ഞാൻ
എനിക്കൊന്നു പാടിത്തരുവാനായി
ഒരുദിവസം നബീസക്കയച്ചപ്പോൾ
പണ്ടാരത്തിനു കൈകാലുകൾവച്ച
അവളുടെ അമ്മായുമ്മ
അതുവഴി മിന്നലുപോലെപോയി,
ഇജ്ജാതി സാധനം
എന്റെ പഞ്ചായത്തിലില്ല.
നൂറിൽനൂറ് പെവറുള്ള
നബീസയുടെ സൗണ്ടിപ്പോൾ
ആ തള്ളയുടെ പ്രാകൽകൊണ്ട്,
𝕍𝕠𝕝𝕦𝕞𝕖
◾1️⃣0️⃣
നിങ്ങളറിഞ്ഞോ..
നബീസയെ കാണാനില്ല.
പച്ചവെളുപ്പിൽ വിരിയുന്ന
പൂക്കൾ നിറഞ്ഞ ഒരിടവഴിയിൽ
നബീസയുടെ അവസാനത്തെ
പാട്ടിലെ വരികൾ ശബ്ദം കൂടിയും
കുറഞ്ഞും അലഞ്ഞുതിരിഞ്ഞു
നടക്കുന്നുണ്ടെന്ന് എന്റെ മുറിയിലെ ജാലകം വഴിവന്നയൊരു
അലവലാതികാറ്റ് പറഞ്ഞപ്പോൾ
ഞാനവിടേക്ക് ചെന്നതും
എന്റെയുമ്മ അവസാനമായി
പാടിയ പാട്ടിലെവരികളാരൊ
പാടിയുപേക്ഷിച്ചതും കാണാം.
ഞാൻ വോളിയം ബട്ടൺ
അമർത്തിനോക്കി.
𝕍𝕠𝕝𝕦𝕞𝕖
◾◾◼️◼️⬛⬛1️⃣0️⃣0️⃣
ഫുൾ പവറിൽ നബീസയുടെ
ശബ്ദം ഞാനുറക്കെ വിളിച്ചു,
നബീസാ………………
വീണ്ടും അദൃശ്യമായയൊരിടത്തിൽ
നിന്നും പാട്ടുതുടരുന്നു,
𝕍𝕠𝕝𝕦𝕞𝕖
◾◾2️⃣0️⃣
𝕍𝕠𝕝𝕦𝕞𝕖
◾◾◼️◼️6️⃣0️⃣
𝕍𝕠𝕝𝕦𝕞𝕖
◾◾⬛⬛⬛8️⃣0️⃣
തിരിഞ്ഞുനടക്കുമ്പോൾ..
എന്റുമ്മയുടെ പാട്ടും
നബീസയുടെ പാട്ടും
വട്ടമിട്ടുപറക്കുന്ന ആകാശത്തിലേക്ക്
നോക്കി ഞാൻ മുന്നോട്ടുപോകുമ്പോൾ
വായടക്കപ്പെട്ടവരുടെ നിശബ്ദമായ കരച്ചിലുകൾ അലഞ്ഞുതിരിഞ്ഞു പറക്കുന്ന പാതിരാത്രിയിലെ വാൽനക്ഷത്രങ്ങളുടെ ചിറകുകളിലിരുന്നു
പുഞ്ചിരിക്കുന്നത് കാണാം..
“പുഞ്ചിരികളെന്നത് ചിലർക്ക് പ്രിയപ്പെട്ടവരാൽ നഷ്ടപ്പെട്ടുപോയ സമാധാനത്തിന്റെ സൗന്ദര്യമാണത്രെ,
𝕍𝕠𝕝𝕦𝕞𝕖
◾◾◼️◼️⬛⬛1️⃣0️⃣0️⃣ ൽ നിന്നും
𝕍𝕠𝕝𝕦𝕞𝕖
◾1️⃣0️⃣ലേക്കുള്ള “ബാറ്ററി ലൊ 🔋”

By ivayana

Leave a Reply

Your email address will not be published. Required fields are marked *