രചന : അൻസൽന ഐഷ ✍️
എന്തുകൊണ്ടാവും
ഒരുപാടിഷ്ടപ്പെട്ട ആളുകളെ
പെട്ടെന്ന്
നമ്മൾ വെറുക്കാൻ തുടങ്ങുന്നത്?
ഒരു നോട്ടംകൊണ്ടുപോലും
വെറുപ്പ് പ്രകടിപ്പിക്കാതെ
എപ്പോഴും ചേർത്തുനിർത്തിയിരുന്ന
ചില മനുഷ്യരെ ഒട്ടും
സഹിക്കാൻപറ്റാതെ വരുന്നത്
കാരണമില്ലാതെയാകുമോ?
കാരണം..
അതില്ലാതെ എന്തെങ്കിലും
കാര്യമുണ്ടാകുമോ?
ചേർത്തുപിടിച്ച് തഴുകിയ
കൈകൾ ബലക്ഷയമെന്നോണം
ഊർന്നുവീഴുമ്പോൾ
വല്ലാതെ ഉള്ളു പിടയും
എന്തുപറ്റിയെന്നോർത്ത്.
എന്നാൽ…
അകൽച്ചയുടെ
ആദ്യപടിയെന്നോണം
അഭിനയചക്രവർത്തിയാകാനുള്ള
തയ്യാറെടുപ്പെന്ന്
തിരിച്ചറിയുന്നത്
വൈകിയെത്തുന്ന
വിവേകത്തിലൂടെമാത്രം.
കാലമുരുളുമ്പോൾ
കാരണങ്ങൾ ഒരു
കുന്നോളം മുന്നിലെത്തുന്ന
ആ പ്രതിഭാസത്തിലൂടെ
വെറുപ്പ് അതിന്റെ
പരകോടിയിലെത്തുമ്പോഴല്ലേ
സഹനത്തിനും
അതിരുണ്ടെന്നു തിരിച്ചറിയുന്നത്.
അതേ..
ഒരുകാരണവുമില്ലാതെ
ഒന്നുമുണ്ടാവില്ലെന്നതുപോലെ
ജീവനായിക്കരുതിയ
പലതും ചവറ്റുകുട്ടയിൽ
സ്ഥാനം പിടിക്കുന്നതും
ഇങ്ങനൊക്കെതന്നെയാ.

