ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല യാത്രാക്ലേശം പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണല്ലോ, ശ്രീ ബാദുഷയുടെ നേതൃത്വത്തിലുള്ള വയനാട് പ്രകൃതിസംരക്ഷണ സമിതി ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അതിനെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശം അംഗീകരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. അതുകൊണ്ട് തന്നെ ഈ നിയമനടപടികളുടെ അവകാശത്തെ മാനിക്കുന്നു.

അതുപോലെ തന്നെ വികസനം എന്ന പ്രക്രിയയിൽ പ്രകൃതിയുമായി ഒരു നിസ്സാരമല്ലാത്ത സംഘർഷം നടക്കുന്നുണ്ട് എന്ന സത്യവും നാം അംഗീകരിക്കണം. ലോകത്തിന്റെ ഏത് ഭാഗത്തായാലും, ഒരു വികസനപ്രവർത്തനവും പരിസ്ഥിതിയിൽ ഒരു മാറ്റവും സൃഷ്ടിക്കാതെയുണ്ടായിട്ടില്ല. ഒരു വീട് പണിയുമ്പോഴും, ഒരു റോഡ് നിർമ്മിക്കുമ്പോഴും, എന്തിനേറേ ഒരു ചെറിയ പറമ്പ് കിളക്കുമ്പോൾ പോലും പ്രകൃതിയുടെ സമതുലിതാവസ്ഥയിൽ ചെറിയൊരു ഇടപെടൽ ഉണ്ടാകുന്നുണ്ട്. അതിനാൽ വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ ഒരു വിവേകപൂർവ്വമായ സന്തുലനം കണ്ടെത്തുകയാണ് ഇന്നത്തെ ലോകത്ത് സാധ്യമായത്.

ഇത്തരമൊരു പശ്ചാത്തലത്തിൽ നോക്കുമ്പോൾ തുരങ്കപാത പോലുള്ള സംവിധാനങ്ങൾ പലപ്പോഴും പരിസ്ഥിതിദോഷം കുറയ്ക്കുന്ന മാർഗ്ഗങ്ങളായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. മലനിരകളെ ചുറ്റിപ്പറ്റി നീളുന്ന റോഡുകൾ നിർമ്മിക്കുന്നതിനേക്കാൾ, പലപ്പോഴും മലയുടെ അടിവഴി കടക്കുന്ന തുരങ്കപാതകൾ വനനശീകരണവും കുത്തനെയുള്ള കയറ്റങ്ങളും കുറയ്ക്കുന്ന സംവിധാനങ്ങളായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ലോകത്തിലെ മലനിരകൾ നിറഞ്ഞ രാജ്യങ്ങളായ സ്വിറ്റ്സർലാൻഡിലും നോർവേയിലും ഇത്തരത്തിലുള്ള തുരങ്കപാതകൾ വ്യാപകമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് അവർ വികസനത്തെ മുന്നോട്ട് കൊണ്ടുപോയത്.

വയനാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളിലേക്ക് നോക്കിയാൽ യാത്രാക്ലേശം ഒരു സങ്കൽപ്പമല്ല, ദിവസേന അനുഭവിക്കുന്ന കഠിന യാഥാർത്ഥ്യമാണ്. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും തൊഴിൽ ആവശ്യങ്ങൾക്കും ദിവസേന മലമടക്കുകൾ കടന്ന് പോകേണ്ടി വരുന്ന ജനങ്ങൾ ഈ ബുദ്ധിമുട്ട് വളരെ നാളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സംഘടനയുടെ പത്രസമ്മേളനങ്ങളിലും സമരങ്ങളിലും ജനങ്ങളുടെ ഈ പ്രയാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കേൾക്കാറില്ലെന്നതാണ് അത്ഭുതം.

ചിലർ നിർദേശിക്കുന്ന ബദൽ സംവിധാനം പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നോ ബത്തേരി, കൽപ്പറ്റ, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നോ യാത്ര ചെയ്യുന്നവർക്ക് അത് വളരെ നീണ്ടൊരു വഴിയാത്രയായി മാറും. അതുകൊണ്ട് അത് മുഴുവൻ വയനാടിന്റെ ആവശ്യങ്ങൾക്ക് പൂർണ്ണമായൊരു പരിഹാരമാകില്ല. എന്നിരുന്നാലും ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭാവിയിൽ അത് ആവശ്യമായ ഒരു അടിസ്ഥാന സൗകര്യമായി വികസിപ്പിക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല.

വയനാട്ടിലെ ഭൂരിപക്ഷം ജനങ്ങളും തുരങ്കപാതയെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ, വളരെ ചെറിയൊരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മാത്രം ജനാധിപത്യത്തിന്റെ സമഗ്രമായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ല. കേവലം ഒരു ശതമാനത്തിൽ താഴെയുള്ളവരാണ് എതിർക്കുന്നവരെന്ന് കോടതികളും അറിയണം. ജനാധിപത്യം എന്നത് അഭിപ്രായവ്യത്യാസങ്ങളെ അംഗീകരിക്കുന്നതും, അതോടൊപ്പം ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുന്നതുമായ ഒരു വ്യവസ്ഥയാണ്.
വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഴിമതിയുടെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ചിലർ ഉന്നയിക്കുന്നു. അത് പൂർണ്ണമായും നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്. ഇന്ത്യയിലെ പൊതുമേഖലയിലെ പല നിർമ്മാണ പ്രവർത്തനങ്ങളിലുമുള്ള ചില ദുഷിപ്പുകൾ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ അതിന്റെ പേരിൽ വികസനത്തെ മുഴുവൻ നിർത്തിവയ്ക്കുകയല്ല പരിഹാരം. പകരം അത്തരം പിഴവുകൾ കണ്ടെത്തി തിരുത്തുകയും കൂടുതൽ സുതാര്യമായ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുകയാണ് വേണ്ടത്.വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സംഘർഷം പരിഹരിക്കേണ്ടത് ഏറ്റുമുട്ടലുകളിലൂടെ അല്ല, വിവേകപൂർവ്വമായ സംവാദങ്ങളിലൂടെ തന്നെയാണ്. വയനാടിന്റെ ഭാവി സുരക്ഷിതവും സൗകര്യപ്രദവുമായതാക്കാൻ കഴിയുന്ന വഴികളെ കണ്ടെത്തുകയാണ് ഇന്ന് സമൂഹത്തിന്റെ യഥാർത്ഥ ഉത്തരവാദിത്വം. അതിൽ തന്നെ നാം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

ജോയ് പാലക്കാമൂല

By ivayana

Leave a Reply

Your email address will not be published. Required fields are marked *