​ചോപ്പന്നുടയാട ചുറ്റിയുടുത്തിതാ-
കാപ്പിട്ടു നിൽക്കുന്നു പെൺകോമരം!
വെള്ളോട്ടുകാപ്പിട്ടു നിൽക്കുന്ന നേരത്തോ-
ഉള്ളം തുടിക്കുന്ന പെൺകോമരം.

​പാറിപ്പറക്കുന്ന നീളൻമുടിയിലാ-
വാരിവിതറിയ ഭസ്മക്കുറി!
മാറിലണിഞ്ഞൊരു മാലകളാടുമ്പോ-
കാറ്റിലുലയുന്ന ചോന്നപട്ടും.

​പാരമ്പര്യത്തിൻ മഹിമയും നേർച്ചയും-
ഭാരമായ് മാറുന്ന പെൺകൊടിയാൾ-
ഇഷ്ടമില്ലാത്തൊരു കോലമേന്താനിന്നു-
കഷ്ടമാ പെൺകൊടി എത്തി നിൽപ്പൂ!

​സ്വേദംപടര്‍ന്നൊരു നെറ്റിയില്‍ സിന്ദൂരം
ഖേദം കലര്‍ന്ന കടല്‍കണക്കേ
കണ്ണിലെ ശാന്തത, ഭക്തിയും മായാതെ-
കണ്ണീരിലൊട്ടേറെ നൊമ്പരങ്ങൾ!

ആരുണ്യചേല അണിഞ്ഞൊരാ സുന്ദരി-
താരുണ്യചേലൊത്ത വെൺപിറവായ്.
നീരുറ്റിക്കേഴുന്നു ദേവിതൻ മുന്നിലായ്-
നേരറ്റ ലോകത്തിൻ മാപ്പിരന്നു.

ബാബു ഡാനിയേൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *