രചന : യൂനസ് മണത്തല ✍️
വായനയായിരുന്നു എന്റെ ശ്വാസം
പുസ്തകങ്ങളായിരുന്നു എന്റെ ഗുരുക്കന്മാർ
ചിന്തകളുടെ ലോകത്ത് ഞാൻ സഞ്ചരിച്ചു
എന്നാൽ വാക്കുകളെ ജനിപ്പിക്കാൻ
സമയം എന്നെ കാത്തിരുന്നു
എഴുതിയത് എന്റെ പിതാവായിരുന്നു
പുറംലോകത്തിന്റെ കൈയടികൾ
അദ്ദേഹത്തെ ആകർഷിച്ചില്ല
അദ്ദേഹം അന്വേഷിച്ചത്
അന്തരാത്മാവിന്റെ സത്യമായിരുന്നു
അദ്ദേഹത്തിന്റെ സൃഷ്ടികൾ
അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടല്ല
അവയുടെ ശക്തിയാൽ
ലോകം അംഗീകരിച്ചു
അദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസി
വിശ്വാസത്തിനപ്പുറം
മറ്റൊരു അടയാളവും തേടാത്ത മനുഷ്യൻ
അദ്ദേഹം വിടവാങ്ങിയപ്പോൾ
പലരും ചോദിച്ചു
ഇനിയും എന്തെങ്കിലും ബാക്കി ഉണ്ടോ
അതെ—ബാക്കി ഉണ്ടായിരുന്നു
കാഗിതങ്ങളിൽ അല്ല
രക്തത്തിൽ
മഷിയിലല്ല
മൂല്യങ്ങളിൽ
അദ്ദേഹം വിട്ടുപോയത്
ഒരു ദീർഘവീക്ഷണം
ഒരു ഉത്തരവാദിത്വം
ഇന്ന് ഞാൻ എഴുതാൻ തുടങ്ങുന്നു
വലിയ ജ്ഞാനം അവകാശപ്പെടാതെ
പക്ഷേ ഒരു വസ്തുത ഞാൻ അറിയുന്നു
എഴുത്ത് ഒരു വിനോദമല്ല
അത് ഒരു പാരമ്പര്യം
അതുകൊണ്ട് ഞാൻ
എഴുത്താണി കയ്യിലേന്തുന്നു
അനുമതിയോടെ അല്ല
അവകാശത്തോടെ
