രചന : സജി കണ്ണമംഗലം✍️

ആലാപനവും ചിത്രീകരണവും: ബാബു ഡാനിയൽ.

കരളിനും കവിതയ്ക്കുമിടയ്ക്കാഹാ കരിങ്കാളി
നട കേറിവരുമ്പോഴേയ്ക്കെഴുത്തോല ചിരിക്കുന്നു
എഴുത്തോല ചിരിക്കുമ്പോളെഴുത്താണി തരിക്കുന്നു
എഴുത്താണി തരിക്കുമ്പോളെഴുത്താളി മരിക്കുന്നു!
എഴുത്താളി മരിക്കുമ്പോളുയിർക്കൊണ്ട
റിഥത്തിൽ നിന്നൊരു കുഞ്ഞിക്കിളിപ്പെണ്ണിൻ ചിറകൊച്ചയുയരുന്നു!
കിളിപ്പെണ്ണ് പറക്കുന്നു,വിഹായസ്സിൽ രമിക്കുന്നു
മിഴിപ്പൂക്കൾ വിടർത്തിക്കൊണ്ടടുത്തെത്തും പവിത്രങ്ങൾ
മിഴിക്കോണിൽ കവിതയ്ക്കായൊരു രാജ്യമൊളിപ്പിച്ചോർ

അകത്താരെന്നകംകാളി പെരുങ്കാളി ഭയപ്പെട്ടാൾ
അകത്തൂറും വിഷം പേറും വെറും വാക്കിന്നുടമസ്ഥർ!
കിളിപ്പെണ്ണേപ്പിടിക്കാനായ് വെറും വാക്കിൻ വല നെയ്തോർ
കിളിപ്പെണ്ണോ?… കവിക്കൂട്ടിൻ നിറം പേറും ശുകപ്പെണ്ണാൾ!!
വെറും വാക്കിൽ തളരാത്തോരകക്കാമ്പിൻ കരുത്തുള്ളോൾ!!

By ivayana