രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം✍

ആണൊരുത്തൻ മഞ്ഞുപോലെ
ആവിയാകും മയൂഖത്താൽ !
അർദ്ധദേഹം ചാർത്തിടുന്ന
ആമയങ്ങൾ നെഞ്ചിലേറ്റി .

പൂരുഷാദി ജന്തുവർഗ്ഗം
പ്രകൃതിയിൽ ലയിപ്പതും
പകൽദേവൻ പതിച്ചാലെ
പങ്കജം കൺതുറന്നിടൂ ..

മിഥ്യയിൽനിന്നുയിർക്കില്ല
മർത്ത്യജാതിഗണങ്ങളും
മഞ്ഞലോഹം മിന്നിടാതെ
മായയാലതു മായ്കയോ !

പൂവിരിഞ്ഞസുഗന്ധവും
പൂനിലാനറുശോഭയും
പുലരിമഞ്ഞുതുള്ളിയും
പതിയ്ക്കുമല്പമാത്രയിൽ .

മായയാം മറിമായമോ !
മൗനമായ് പെൺപൂവുകൾ
മനം മാറിമറിഞ്ഞിടാം
മാത്രമാത്രയിലെത്രയോ .


കാത്തുവയ്പ്പതോ കാന്തനെ !
കൈയ്ക്കുടന്നയിലെന്നപോൽ
കരഞ്ഞുകണ്ണീർവാർത്തും നീ
കയ്പ്പുനീരുകുടിപ്പിക്കാൻ .

നീട്ടിയാട്ടിയാ നാക്കുകൾ ;
നാമ്പിടുന്നേതുവാക്കിലും
നിർഗ്ഗമിക്കാതടങ്ങിടും
നിയതിതന്നിലെങ്കിലും

നന്മയുള്ളമരത്തിലായ്
നഞ്ചാ,യിത്തിൾ വളരുകിൽ
നിശ്ചയമതിൻ വളർച്ച;
നാമ്പുപോലു,മടച്ചിടും.

ക്ഷണികജീവിതചക്രം;
ക്ഷണിയ്ക്കുമുദ്രസം നമ്മെ
ക്ഷിതിയിലടിയും ജന്മം
ക്ഷയിയ്ക്കുമെന്നറിയുക !!

ഉണ്ണികൃഷ്ണൻ ബാലരാമപുരം

By ivayana