രചന : രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍

കേശവാ…ഇന്ന് ഉത്രാടമല്ലെ ?
എന്നെ കണ്ടിട്ട് കണ്ട ഭാവം നടിക്കാതെയാണല്ലൊ
നിന്റെ നില്പ്.
അയ്യൊ.. കണ്ടില്ല ഞാൻ നിന്നെ .കണ്ടാൽ മിണ്ടാതിരിക്കുമൊ? നീ എന്റെ ചങ്കല്ലെ
എന്ന് പറഞ്ഞു് കൊണ്ട് കേശവൻ ഖാദറിന്റെ തോളിൽ കയ്യ് വെച്ചു.
അതൊക്കെയിരിക്കട്ടെ .ഓണം എന്തായ് ?
കായ് വറുക്കണ്ടെ? സദ്യയൊക്കെ ഒരുക്കണ്ടെ?
കേശവനെ നോക്കി ഖാദറിന്റെ ചോദ്യം.
വേണമെടാ സമയം ഉണ്ടല്ലൊ? ഇത്രയും പറയുമ്പോൾ അവന്റെ മിഴികളിൽ നനവ് പടരുന്നതും ഒപ്പം മുഖം ചുമന്നതും ഖാദർ അറിഞ്ഞു.
അപ്പോൾ മുറ്റത്തേക്ക് പൂക്കളുമായി വന്ന കുട്ടികളെ നോക്കി ഖാദറിന്റെ ചോദ്യം.
ഇന്ന് എത്ര പൂക്കളമാണ് ഇടുന്നത് ?
അങ്കിളെ ഇന്ന് ഉത്രാടമല്ലെ അപ്പോൾ ഒൻപതാം ഓണം . ഒൻപത് പൂക്കളം വേണം.
ശരി.. എന്നാൽ താമസിക്കണ്ടാ. ഇട്ടോളു.
കേശവാ എനിക്ക് ടൗണിൽ വരെ പോകണം.
വന്നിട്ട് കാണാമെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് പോയി ഖാദർ .
വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന ഭാര്യയുടെ അടുത്തേക്ക് ചെന്ന കേശവൻ
അവളുടെ മുഖത്തേക്ക് നോക്കി.
ഏട്ടൻ വിഷമിക്കേണ്ടാ സർക്കാർ നൽകിയ ഓണ കിറ്റുണ്ട് നമ്മൾക്കത് മതി.
കാശുള്ളപ്പോൾ നമ്മൾക്കെന്നും ഓണമല്ലെ
സങ്കടം പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
മഴക്കാരണമല്ലെ നമ്മുടെ കൃഷി നശിച്ചു പോയത്. ഇല്ലങ്കിൽ നമ്മൾക്കും ഓണം പൊന്നോണമാവില്ലെ.
ഏതയാലും ഏട്ടൻ ഖാദർ ഇക്കെയും കുടുംബത്തെയും തിരുവോണത്തിന് ക്ഷണിക്കണം. എല്ലാ വർഷവും അവർ നമുക്കൊപ്പമല്ലെ ഓണം ആഘോഷിക്കുന്നത്.
എടീ.. എന്റെ കയ്യിൽ പത്തിന്റെ കാശില്ല.
മാത്രമല്ല ഇവിടെ കറിവെയ്ക്കാനൊന്നുമില്ല ആരും വരാനില്ലങ്കിൽ
നമ്മൾക്കില്ലാത്തത് നമ്മളല്ലെ അറിയു.
സർക്കാർ നൽകിയ ഓണ കിറ്റുകൊണ്ട് തലക്കാലം മകൾക്കെന്തങ്കിലും ഉണ്ടാക്കാം.
പലചരക്ക് കടയിൽ നിന്നും കടം വാങ്ങി പറ്റ്
ബുക്ക് തീർന്നു.
അയ്യാളിനി കടം തരില്ല.
എങ്കിലും ഞാൻ രണ്ട് കവർ പാൽ മേടിച്ചു വരാം. കിറ്റിൽ സേമിയ കൂട്ട് ഉണ്ടല്ലൊ?
അവർക്ക് സേമിയ പായിസം ഉണ്ടാക്കി കൊടുക്കാം.
ഈ വർഷം ഇങ്ങനെ പോകട്ടെ ..
അയാൾ ഭാര്യയെ നോക്കി പറഞ്ഞു.
വീട്ടിലെത്തിയ ഖാദർ തന്റെ ഭാര്യയെ വിളിച്ചു
കേശവനോട് സംസാരിച്ച കാര്യങ്ങളും അപ്പോൾ അയാളുടെ മുഖത്തുണ്ടായ വിഷമഭാവവും വിശദീകരിച്ചു.
അതെ അവരുടെ കയ്യിൽ കാശുണ്ടാകില്ല.
അതല്ലെ നമ്മളെ ഈ നേരം വരെയും ഓണത്തിന് ക്ഷണിച്ചില്ലല്ലൊ?
എല്ലാ വർഷവും ഉത്രാടംപുലരുമ്പോൾ തന്നെ
കുളിച്ച് അമ്പലത്തിൽ പോയി ചന്ദനക്കുറിയുമിട്ട് കയ്യിൽ പ്രസാദവുമായി നേരെ വന്ന് . കുട്ടികളും അവർ രണ്ടാളും ചേർന്ന് നമ്മളെ ക്ഷണിക്കാറുള്ളതല്ലെ പതിവ് ?
മഴക്കാരണം കൃഷിയെല്ലാം വെള്ളം കയറി നശിച്ചില്ലെ. പിന്നെ എവിടുന്നാണ് വരുമാനം ?
ആ നാശനഷ്ടമെങ്കിലും സർക്കാരറിഞ്ഞ് ഈ അവസരത്തിൽ ഒരു തുകയായി കൊടുത്തിരുന്നെങ്കിൽ . ഒരൊ കർഷകന്റെയും വീട്ടിൽ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല.
ഉം . ഉടനെ അതൊക്കെ കിട്ടിയാൽ കിട്ടി. അതും എന്നെങ്കിലും.
ഇപ്പോൾ നമ്മൾക്കെങ്ങനെ അവരെ സഹായിക്കാമെന്ന് ആലോചിക്ക്.
ഖാദർ ഭാര്യയോട് പറഞ്ഞു.
അയിന് എന്റെ കയ്യിൽ കാശില്ലാതെ. ഞാൻ എന്ന ചെയ്യും.
നിങ്ങളുടെ കയ്യിൽ കാശുണ്ടങ്കിൽ കൊടുത്തു സഹായിക്കു.
എന്റെ അടുക്കൽ നുള്ളിപ്പെറുക്കിയാൽ ആയിരം രുപയെ ഉണ്ടാകു .
രണ്ട് ദിവസം കഴിഞ്ഞ് മാത്രമെ കയ്യിൽ ഇനി കാശ് വരു.
പടച്ചോനെ ഇനി എന്നാ ചെയ്യും.
തല്ക്കാലം നീ കയ്യിൽ നിന്നും ഒരു വള ഇങ്ങ് ഊരി താ .
ഇരുപതിനായിരം രൂപയ്ക്ക് പണയം വെച്ച് കാശ് കൊടുക്കാം.
അയിന് ഓൻ മേടിക്കുമൊ? കടമായിട്ട്.
അഭിമാനിയല്ലെ ?
ഹ ഹ അയിന് ആര് കടമായി കൊടുക്കുന്നു.
വേണ്ടവിധത്തിൻ ഞാൻ ചെയ്തോളാം.
അയ്യാൾ ഭാര്യയുടെ കയ്യിൽ നിന്നും വള ഊരി മേടിച്ച് പുറത്തേക്ക് പോയി.
ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അയാൾ തിരിച്ചെത്തി .
കേശവന്റെ വീടിന്റെ മുൻപിൽ നിന്ന് കേശവാ ഇങ്ങോട്ടൊന്ന് വരു അയ്യാൾ വിളിച്ചു.
എന്നതാടാ എന്ന് ചേദിച്ചു കൊണ്ട് കേശവൻ ഇറങ്ങി വന്നു.
നീ ടൗണിൽ പോയിട്ട് വേഗം വന്നൊ ?
ഉം അതെ ഒരു ചിട്ടി ഉണ്ടായിരുന്നു. ഓണച്ചിട്ടിയെ അതിന്റെ കാശ് കിട്ടാനുണ്ടായിരുന്നു. മേടിച്ചട്ട് വരുകയാ .
പക്ഷെ …
എന്നതാടാ ഒരു പക്ഷെ .. ?
ഒന്നുമില്ലടാ … വളരെ നാളത്തെ എന്റെ ആഗ്രഹമാണ് സ്വന്തമായൊരു ടൂ വീലർ മേടിക്കണമെന്ന് എന്നാൽ ഈ കാശു കൊണ്ട് തികയുകയുമില്ല.
അടുത്തൊരു ചിട്ടി ജനുവരിയിൽ
ഉണ്ട് അപ്പോൾ കിട്ടുന്ന കാശും കൂടി ചേർത്താൽ കടംമില്ലാതെ വണ്ടി മേടിക്കാം.
തല്ക്കാലം ഈ കാശ് നീ സൂക്ഷിക്കുക.
ഇരുപതിനായിരം രൂപയുണ്ട്.
വീട്ടിലോട്ട് കൊണ്ടുപോയാൽ ഈ കാശ് ഇന്ന് തീരും. ഒപ്പമെന്റെ മോഹവും. അതുകൊണ്ട് മുടക്കമൊന്നും പറയാതെ ഈ കാശ് മേടിച്ച് സൂക്ഷിക്ക്.

ഇതിനിടയിൽ നിനക്ക് ആവിശ്യം വന്നാൽ തിരിച്ചു മറിച്ചൊ എനിക്ക്.ജനുവരിൽ തിരിച്ച് കിട്ടിയാൽ മതിയെന്ന് പറഞ്ഞു കൊണ്ട് ഖാദർ മടിക്കുത്തിൽ സൂക്ഷിച്ചിരുന്ന പൊതിയെടുത്ത് കേശവന്റെ കയ്യിൽ വെച്ചു.
അപ്പോൾ അയാളുടെ മുഖത്ത് വിരിഞ്ഞ പ്രകാശത്തിന് ആയിരം പൂർണ്ണചന്ദ്രന്മാരുടെ പ്രകാശമുണ്ടെന്ന് ഖാദർ അറിഞ്ഞു.
വാതിൽപ്പടിയിൽ നിൽക്കുന്ന ആ കുരുന്നുകൾ തന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്.
എല്ലാം കേട്ട് കൊണ്ട് നിന്ന കേശവന്റെ ഭാര്യ തുളസി പുറത്തേക്ക് വന്നു.
അതെ ഞങ്ങളങ്ങോട്ട് വരാൻ തുടുങ്ങുകയായിരുന്നു. നിങ്ങളെ ഓണത്തിന് ക്ഷണിക്കാൻ.
നിങ്ങൾ ക്ഷണിച്ചാലും ഇല്ലങ്കിലും ഊണ് സമയത്ത് ഞാനും എന്റെ കെട്ട്യോളും ,കുട്ടികളും ഇവിടെയുണ്ടാകും പിന്നല്ല.
ഇത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് ഖാദർ പടിയിറങ്ങി.
ഒരു പ്രാർത്ഥനയിലും ഒരു നേർച്ചയിലും
കിട്ടാത്തൊരു സംതൃപ്തിയാണ് ഖാദറിന് ആ നിമിഷമുണ്ടായത്.
ശരിക്കും മഹാബലി തമ്പുരാനെ നേരിൽ കണ്ടതുപോലെയായിരു കേശവനും കുടുംബത്തിനും അപ്പോൾ .

മനോജ് മുല്ലശ്ശേരി നൂറനാട്

By ivayana