രചന : തോമസ് കാവാലം ✍

അരയാൽ ചില്ലയിലാടിയുലയുന്ന –
യാടിമാസക്കാറ്റിനെന്തു ചന്തം
പാടിയുണർത്തും ചിങ്ങത്വന്നിയോ
പാദസരമണിഞ്ഞു മണ്ണിൽ
പാരും പുതച്ചു കൊൾമയിരാൽ

അർക്കരശ്മികളായിരം കൈകളാൽ
ആലിംഗനംചെയ്തവനിയെ
കർക്കിടകത്തിൻ കാർക്കശ്യം വിട്ടവൻ
പാലോളിയുടുപ്പിച്ചീധരയെ
ലാളിച്ചു പൂക്കളെ നീളെനീളെ.

കർപ്പൂര ദീപങ്ങൾ കത്തിച്ചു വെച്ചപോൽ
മാനത്തുഡുനിര മിന്നി മിന്നി
കർഷകർ പുഞ്ചപ്പാടം കൊയ്യവേ
കർഷകമനം കുളിർത്തു ചെമ്മേ
വർഷത്തിൽ ലതകളെന്നപോലെ.

ആവണിമാസപ്പുലരി പിറക്കവേ
ആടിത്തിമിർത്തു അംഗനകൾ
ആരും കൊതിക്കുമരുമ പൂക്കളും
അർത്തുല്ലസിച്ചു പൂത്തുമ്പിപോലെ
‘അപ്പൂപ്പൻതാടി’പോലെൻചുറ്റിലും.

അത്തപ്പൂക്കളമിട്ട ഭൂവാടിയിൽ
മത്തഭൃംഗങ്ങളൊത്തുകൂടി
ചെത്തിയുംമുല്ലയും ചേലൊത്താടിയും
മുത്തമിടുന്നു മുക്കുറ്റിയെ
അത്തംമുതലാ പത്തുദിനം.

ഒപ്പമാടുന്നൂഞ്ഞാലിൽ മോഹങ്ങൾ
ഓർമ്മയെ കൂട്ടുപിടിച്ചു ചേലിൽ
ഒരുമയാണോണമെന്നൊതുന്നു മനം
ഒന്നിച്ചു ചേരുന്നു സർവ്വജനം
വന്ദിച്ചിടുവാൻ മഹാബലിയെ.

തുമ്പപ്പൂപോലുള്ള ചോറുംകറികളും
തൂശനിലയിൽ വിളമ്പീടവേ
ഇമ്പമായ് പാടുന്ന ഓണപ്പാട്ടീണങ്ങൾ
അമ്പരത്തോളമുയർന്നിടുന്നു
തുമ്പിതുള്ളലും തുടർന്നിടുന്നു.

അപ്പോഴുമാവേശമില്ലാതെ കൂരകൾ
എപ്പോഴും പശിയിൽ കഴിഞ്ഞിടുന്നു
അച്ഛനില്ലാത്തവ,രമ്മനഷ്ടമായോർ
സ്വച്ഛം നിസ്സഹായർ മാഴ്‌കിടുന്നു
തുച്ഛമവർജന്മം പോക്കിടുന്നു.

തോമസ് കാവാലം

By ivayana