രചന : എൻ.കെ.അജിത്ത് ✍

ഒറ്റയിഞ്ചേവലിപ്പമുള്ളെങ്കിലും
ഒത്തൊരാനയേം വട്ടംകറക്കിടും
അത്രമേൽ തീക്ഷ്ണമാകുന്നെരിവിൻ്റെ
സൂക്ഷ്മരൂപമീ കാന്താരിയോർക്കുക

രക്തസമ്മർദ്ദമേറും മനുഷ്യർക്ക്
ചീത്ത മേദസ്തുടിക്കുന്ന രോഗിക്ക്
തീർത്ഥമെന്നപോലെന്നും കഴിച്ചിടാൻ
കുഞ്ഞനാകുന്ന കാന്താരി പഥ്യമേ

കഷ്ടകാലം മദിച്ചുപൂളച്ചതാം
പൂർവ്വകാലത്തു പട്ടിണിപോക്കുവാൻ
കപ്പയുണ്ടെങ്കിലുണ്ടതിൻകൂടെയാ-
കൊച്ചുകാന്താരി മൃഷ്ടാന്നമാകുവാൻ

കൊച്ചുകൊച്ചു പിഴവുകൾ കാട്ടുവോർ-
ക്കുണ്ടു കാന്താരിയെന്ന വിശേഷണം
അത്രമേല്ക്കുമെരിപ്പിച്ചുപോകുന്ന
കുഞ്ഞനല്ലേ നമുക്കുമീക്കാന്താരി

മഞ്ഞ, പച്ചയും, വെളള നിറത്തിലും
മൂത്തു നന്നായ് ചൊമന്നനിറത്തിലും
എന്നുമെന്നുമടുക്കള ഭാഗത്ത്
മിന്നിടുന്നവൻ കാന്താരി കാമ്യനായ്

കള്ളുമോന്തുന്ന വീരർക്കു കാന്താരി
കല്യമാകും കടിയായിമാറുന്നു
കണ്ണു കാണണം കാന്താരി ഭക്ഷിച്ചാൽ
തുള്ളി വെള്ളം പുറത്തേക്കു വന്നിടും

വേണ്ട, പ്രത്യേകമായി വളങ്ങളും
വേണ്ട വാഴുവാൻ ധാരളമായിടം
നാടുനീളെ മുളച്ചിടും കാന്താരി
നാട്ടുകാർക്കൊരുക്ഷിപ്രവിഭവമായ്!

നട്ടൊരെട്ടാഴ്ച പിന്നിട്ടുപോകുകിൽ
വന്നു പൂക്കൾ നിരന്നിടും ഭംഗിയായ്
പിന്നെയെത്തുന്നു തണ്ടിലായ് കാന്താരി
മണ്ണിൽനക്ഷത്രമെത്തിയ മാതിരി!

ഹന്ത, കാന്താരി വംശങ്ങളേറെയീ
മണ്ണിലുണ്ട് തിളക്കമോടെന്നുമേ
എട്ടുനൂറുമെഴുനൂറുമായവ
കർഷകന്നു പ്രതിഫലം നല്കുന്നു

നട്ടതൊക്കെയും നഷ്ടമാക്കാത്തവൻ
കഷ്ടകാലത്തു കൂട്ടായി വാഴുവോൻ
എന്നുമെന്നുമേ വാഴട്ടരചനായ്
മണ്ണിനോടൊത്തു മണ്ണുള്ള കാലവും!

By ivayana