രചന : പ്രസീത ശശി✍

എനിക്കുമിന്നൊരു യാത്ര പോകണം
ഓർമ്മകൾ ഉറങ്ങുന്ന മനസ്സിനെ തൊട്ടിട്ടാർദ്രമാം
പുലരിയെ നെഞ്ചോട് ചേർത്തു..
തൊട്ടാവടിയുടെ പരിഭവം മാറ്റണം
ചെമ്പരത്തിയെ പുല്കുവാൻ
തുമ്പയും തുളസിയും കിന്നാരം ചൊല്ലുവാൻ..
കൂകുന്ന കുയിലിനൊരെതിർ പാട്ട് പാടണം
ആടുന്ന മയിലെന്റെ കുടെ നിന്നാടണം..
മാമ്പൂവിലെ മഴത്തുള്ളികളടർന്നു
വീണ നെല്ലിച്ചോട്ടിലിത്തിരിനേരം
വരിക്കപ്ലാവിനെ നോക്കിയിരിയ്ക്കണം..
കാടും മലയും താണ്ടി മഞ്ഞിലെ കുളിരിൽ
പച്ചപ്പ് കൊണ്ടൊരു സ്വപ്നങ്ങൾ നെയ്യണം.
ആർദ്രമാം മിഴികളടച്ചോരാമ്പലിൻ
ആയിരം നക്ഷത്രക്കുഞ്ഞുങ്ങൾ കാവൽ
നിൽക്കുന്ന നിശയിലൂടെ നടക്കണം..
പാതിരാവോരത്തു ജാലക പഴുതിലൂടൊ
ഴുകുന്ന മുല്ലപൂവിന്റെ സൗരഭ്യമൊന്നറിഞ്ഞു
പുൽകുവാൻ..
വീണ്ടുമൊരു യാത്ര പോകാണമെനിക്ക്
ഓർമ്മകളുറങ്ങുന്ന ആത്മാവിന്റെ
തേങ്ങലിനെ യകറ്റാൻ.

By ivayana