രചന : കൃഷ്ണമോഹൻ കെ പി ✍

പാതി വിടർന്നൊരാ പൂവിനെ നോക്കുവാൻ
പാർവണ ശശിബിംബം മിഴി തുറന്നൂ
പാരിജാതത്തിൻ്റെ,
പരിമള മോർത്തവൻ
പാരിൽ നിലാവൊളിതൂകി നിന്നൂ..
പാതിരാപ്പൂങ്കുയിൽ, പഞ്ചമരാഗത്തിൽ
പാട്ടൊന്നു പാടുന്ന വേളയിങ്കൽ
പാഹിമാം,സംഗീത ദേവതേയെന്നവൻ
പാതിയുറക്കത്തിൽ
കൂപ്പി നിന്നൂ
പാരിന്നുടയവൻ, സംഗീതസാന്ദ്രമായ്
പാലമൃതൂട്ടീ,പ്രപഞ്ചമാകേ
പാദസ്വരം, മൃദു താളങ്ങളായ് മാറീ
പാദങ്ങൾ നൃത്തത്തെയേറ്റു വാങ്ങീ
പാരാകെയുന്മാദ നർത്തനം ചെയ്തിടും
പാതിരാവിൻ സ്വപ്നയാമത്തിലാ…
പാരമാ, പഞ്ചാരി, രാഗവിസ്താരങ്ങൾ
പാലപ്പൂഗന്ധം, നുകർന്നു പോയീ….
പാകതയില്ലാത്ത മാനവരൊക്കെയും
പായ വിരിച്ചു മയങ്ങിടുമ്പോൾ….
പായസമൂട്ടീ, ലയ, താള,നിസ്വനം
പാലനം ചെയ്തൂ
ജഗദീശ്വരീ…
പാല്ക്കടൽശായിതൻ പാദങ്ങൾ പോലുമാ
പാട്ടിൻ സ്വരത്തിൽ നടനമാടീ…
പാരിൻ, യവനിക താനേയുയർന്നു പോയ്
പാനകം വീഴ്ത്തീ ,ഘനാവലികൾ🫧

കൃഷ്ണമോഹൻ കെ പി

By ivayana