കോരസൺ വർഗീസ്, പബ്ലിക്ക് റിലേഷൻസ്✍

ന്യൂയോർക്കിലെ ഫുഡ്ബാങ്കിലേക്ക് അൻപതിനായിരം ഭക്ഷണപ്പൊതികൾ.

അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി
ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ സംഘാടകർ കയ്യും മെയ്യും ചേർത്തു അധ്വാനിക്കുകയാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ഓൾഡ് ബെത്‌പേജ് സെന്റ് മേരീസ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. മുൻ കേന്ദ്ര സാംസ്കാരിക, ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണംതാനം ആണ് മുഖ്യാതിഥി. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) കേരള കേഡറിലെ 1979 ബാച്ചിലാണ് അൽഫോൺസ് കണ്ണന്താനം. ഡൽഹി വികസന അതോറിറ്റിയുടെ കമ്മീഷണറായി സേവനമനുഷ്ഠിച്ചു.


പുതിയ ജനെറേഷൻ അമേരിക്കൻ മലയാളി, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് സമ്മേളനം ഉത്‌ഘാടനം ചെയ്യും. സെനറ്റർ അന്നാ കാപ്ലാൻ , നാസോ കൗണ്ടി എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലാക്ക്മാൻ, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ എന്നിവർ ആശംസകൾ നേരും. നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികൾ സമ്മേളനത്തിനു കൊഴുപ്പേകും. ഒരുക്കങ്ങൾ വിലയിരുത്താൻ ദിൽബാർ റെസ്റ്റോറന്റിൽ കൂടിയ കമ്മിറ്റിയിൽ ഓരോ മേഖലകളും വിശദമായി ചർച്ചചെയ്തു ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് കേരളസമാജം പ്രസിഡന്റ് പോൾ ജോസ്, ബോർഡ് ഡയറക്ടർ ഷാജു സാം എന്നിവർ അറിയിച്ചു.


അമ്പതു വർഷങ്ങൾക്കു മുൻപ് ആദ്യ ഭദ്രദീപം കൊളുത്തിയ പ്രൊഫ. ജോസഫ് ചെറുവേലിയുടെ സാന്നിധ്യം ഒട്ടൊന്നുമല്ല പ്രവർത്തകരിൽ ഉന്മേഷം ഉണ്ടാക്കുന്നത്. പ്രോഗ്രാം കമ്മിറ്റി ചെയർ പോൾ കറുകപ്പള്ളി, മീഡിയ കമ്മിറ്റി ചെയർ കോരസൺ വർഗീസ്, കൾച്ചറൽ കമ്മിറ്റി ചെയർ സിബി ഡേവിഡ്, സോവനീർ കമ്മിറ്റി ചെയർ ബിജു കൊട്ടാരക്കര, ഫൈനാൻസ് കമ്മിറ്റി ചെയർ ഫിലിപ്പോസ് ജോസഫ്, ബാങ്ക്‌റ്റ് കമ്മിറ്റി ചെയർ : ഹേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നിരന്തരം ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തിക്കൊണ്ടിരുന്നു. കമ്മിറ്റികൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ജന്മ ദേശത്തുമാത്രമല്ല കർമ്മ ദേശത്തും തങ്ങളുടെ അർഹമായ പങ്കുവെയ്ക്കണം എന്ന വിലയിരുത്തലിൽ, അമ്പതു വർഷങ്ങളുടെ നന്ദിസൂചകമായി ന്യൂയോർക്കിലെ ഫുഡ് ബാങ്കിൽ 50,000 ഭക്ഷണപ്പൊതികൾ സംഭവനചെയ്യാൻ സമാജം തീരുമാനിച്ചു. നാളിതുവരെ സമാജവുമായി ബന്ധപെട്ടു പ്രവർത്തിച്ച എല്ലാവരെയും അടയാളപ്പെടുത്താൻ ശ്രമിച്ചു. കൂടുതൽ അംഗങ്ങളും അവരുടെ അനുഭവങ്ങൾ, ആശംസകൾ ഒക്കെ സമാജത്തിന്റെ കൈയൊപ്പോടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് ഒരു അനുഭവമായി മാറി. ജീവിതത്തിൽ അടയാളപ്പെടുത്താനുള്ള വ്യക്തിപരമായ ഒരു ഓർമ്മക്കുറിപ്പായി ഈ സമ്മേളനം ഓർക്കപ്പെടുമെന്നകാര്യത്തിൽ സംശയമില്ല.

മുഖാതിഥിയായി എത്തുമെന്നു പ്രതീക്ഷിച്ച ശശി തരൂർ, ചില കുടുംബചടങ്ങുകളിൽ പങ്കെടുക്കേണ്ടതുകൊണ്ട് അവസാന നിമിഷം പങ്കെടുക്കാനാവില്ല എന്നറിയിച്ചതു പ്രവർത്തകരിൽ അൽപ്പം പ്രയാസം ഉണ്ടാക്കിയെങ്കിലും; ആഘോഷങ്ങൾക്ക് യാതൊരുകുറവും കൂടാതെ ഗംഭീര പരിപാടികളുമായി കമ്മിറ്റി ഒന്നായി മുന്നോട്ടു പോകുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പുതിയ വെബ്സൈറ്റിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്. അർഹമായ ആഘോഷത്തിമിർപ്പിൽ അതിമനോഹരമായ ഒരു കലാസന്ധ്യയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു, ഒപ്പം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ, പോൾ പി. ജോസ് (പ്രസിഡന്റ്), ഷാജു സാം (ബോർഡ് ചെയർ), മേരി ഫിലിപ്പ് (സെക്രട്ടറി), ഫിലിപ്പോസ് ജോസഫ് (ട്രെഷറർ) എന്നിവർ അഭ്യർത്ഥിച്ചു.

By ivayana