രചന : അജികുമാർ നാരായണൻ ! ✍

സ്വപ്നങ്ങളുരുകുന്ന തീമണലിൽ,തീവ്ര
സ്വപ്നങ്ങൾ ഹോമിച്ചു തളരവേ ഞാൻ
സ്വപ്നങ്ങൾ നെയ്യുന്നൂ ,തളിരിടുവാൻ
സ്വപ്നങ്ങളാലൊന്നു പൂത്തീടുവാൻ !

സ്വന്തമായുള്ളവ, ദാരിദ്രത്തിൽ കട രേഖകൾ
സ്വത്തായ് കുമിഞ്ഞുകൂടീടവേ,
സ്വയംവിധിപ്പൂ ,ഞാനുമേകാന്തതയുടെ
സ്വച്ഛന്ദമാമീ പ്രവാസികാലത്തെയും !

സ്വയമെരിഞ്ഞിട്ടു,കണ്ണിൽതെളിച്ചമായ്
സ്വപ്നവഴികളിൽ നടന്ന താരകം
സ്വപ്രകാശത്തെ കടംനൽകി വീണ്ടുമീ ,
സ്വപ്നാടകനെ സ്വന്തമാക്കിടുവാൻ !

സ്വത്തുക്കൾ പോയീ, സ്വത്വവുംപോയി
സ്വയം പഴിച്ചൊരാ ഭൂതകാലങ്ങളിൽ
സർവ്വമായ് സൂക്ഷിച്ചു കൂടെനടക്കുമീ
സ്വന്തമാം പാതിയാം ഭാഗ്യനക്ഷത്രവും !


സൂക്ഷ്മദർശിയായ്, സുമസ്സുമായ്
സൂക്തമന്ത്രമായ് വീണ്ടുമെൻ മാനസി
സൂക്ഷിക്കയാണീ ,പാന്ഥനെ ജീവനിൽ
സൂര്യതേജസ്സായ് തിരിച്ചുവന്നീടുവാൻ.

സൂര്യനുണ്ടെങ്കിൽ , ചന്ദ്രനുണ്ടെങ്കിൽ
സൂക്തമന്ത്രങ്ങൾക്ക് ശക്തിയുണ്ടേൽ
സൂക്ഷിപ്പൂ ഞാനും തിരിച്ചുചെന്നീടുവാൻ
സ്ഥൂലമീദേഹത്തെ,താങ്ങി നിർത്തീടുക !

അജികുമാർ നാരായണൻ !

By ivayana