രചന : ഹാരിസ് ഖാൻ ✍

മകനെ കുഞ്ഞു നാളിൽ കൺസൾട്ട് ചെയ്ത ഡോക്ടറെ ഇന്ന് സൂപ്പർ മാർക്കറ്റിൽ വെച്ച് കണ്ടു.
മനസ്സിൽ ഒരു ചിരി വിടർന്നു. കാലം പോവുന്ന ഒരു സ്പീഡ്…
അവന് UKG യിൽ പഠിച്ചിരുന്ന കാലത്താണ് ഡോക്ടറെ കാണ്ടത്. ഹൈപ്പർ ആക്ടീവ്, സ്പീച്ച് പ്രോബ്ളം, പഠനവൈകല്യം ഇതൊക്കെയായിരുന്നു പ്രശ്നങ്ങൾ..
ഒരു നിമിഷം അടങ്ങിയിരിക്കില്ല , കോണിപ്പടി പോലുള്ള ഉയരങ്ങളിൽ കയറി ചാടുക, മരത്തിലും,മതിലിലും ചുറ്റിപ്പിടിച്ച് കയറുക താഴോട്ട് ചാടുക, എന്നീ സാഹസിക കലാപരിപാടികൾ..
UKG ക്ലാസിൽ പോയാൽ ഇടക്ക് P ഇങ്ങിനെയെഴുതും ചിലപ്പോൾ തിരിച്ച് q ഇങ്ങിനെയെഴുതും അവന് തോന്നും പോലെയാണ്. അത് കൂടാതെ സംസാരത്തിൽ നിറയെ ഉച്ചാരണ പിഴവുകൾ..
അവൻെറ ടീച്ചറുടെ നിർദ്ദേശ പ്രകാരമാണ് സിറ്റിയിലെ വലിയ ഹോസ്പിറ്റലിലെ ഇത്തരം പ്രശ്നങ്ങൾ സോൾവ് ചെയ്യുന്ന ഈ ലേഡി ഡോക്ടറെ പോയി കണുന്നത്…
അവർ കാര്യങ്ങളെല്ലാം ശദ്ധാപൂർവ്വം കേട്ടു. എന്നിട്ട് ഒരു എ ഫോർ പേപ്പർ എടുത്തു. അതിൽ ചക്രം പോലെ ഒരു വൃത്തത്തിനുള്ളിൽ മറ്റൊരു വൃത്തം വരച്ചിരിക്കുന്നു. അവർ ഒരു കണ്ണാടിയെടുത്ത് അതിനോട് ചേർത്ത് പിടിച്ചു കണ്ണാടിയിലെ പ്രതിബിംബം നോക്കി രണ്ട് വൃത്തത്തിനുമിടയിലൂടെ എവിടെയും ടച്ച് ചെയ്യാതെ ഇത് പോലെ വരക്കണമെന്ന് പറഞ്ഞ് സാവധാനം വരച്ച് കാണിക്കാൻ തുടങ്ങി. അവരുടെ വര മണ്ണെണ്ണ ഒഴിച്ച ചേര പായും പോലെ വളഞ്ഞ് പുളഞ്ഞ് എല്ലാ വരയിലും തട്ടി മുട്ടി അങ്ങ് പോയി…
അവർ അത് പോലുള്ള വേറൊരു പേപ്പർ എടുത്ത് മകൻറെ കയ്യിൽ കൊടുത്തിട്ട് കണ്ണാടിയിൽ നോക്കി എങ്ങും ടച്ച് ചെയ്യാതെ വരക്കാൻ പറഞ്ഞു. അവൻ കണ്ണാടിയിൽ നോക്കി ഒരു സെക്കൻറ് കൊണ്ട് എവിടേയും തട്ടാതെ വൃത്തം വരച്ച് ഡോക്ടറെ കയ്യിൽ കൊടുത്തു. ഡോക്ടർ രണ്ട് പേപ്പറും അവനേയും മാറി മാറി നോക്കി കണ്ണ് മിഴിച്ച് ചോദിച്ചു
“അല്ല ഇനിയിപ്പം എനിക്കാണോ കുഴപ്പം..? “
പിന്നെ ഉച്ചാര വൈകല്ല്യം ടെസ്റ്റ് ചെയ്യാനാരംഭിച്ചു അവർ അവനുമായി സംഭാഷണം തുടങ്ങി ചോദ്യങ്ങൾക്കെല്ലാം ONV കുറുപ്പ് കവിത ചൊല്ലുന്നതിലും ക്ലിയറായി വ്യക്തവും ഉഛാരണ ശുദ്ധിയോടെയുമുള്ള ശ്രദ്ധാപൂർവ്വമുള്ള അവൻെറ മറുപടി. അര മണിക്കൂർ പരിശ്രമിച്ചിട്ടും അവർക്ക് ഒരു വാക്ക് പോലും പിശകുള്ളത് കിട്ടിയില്ല.
“സ്മാർട്ട് ബോയ്…ഇവനൊരു കുഴപ്പവും ഇല്ല. ഒരു ഏഴു വയസ് കഴിയുമ്പോൾ പ്രശ്നങ്ങളെല്ലാം മാറും. ഇനി രണ്ടാളേയും ഈ ഏരിയയിൽ കണ്ട് പോവരുത് “
ഡോക്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു..
പണ്ടൊരാൾ പതിനായിയിരം രൂപയുടെ കാൻസർ ടെസ്റ്റ് നടത്തി കാൻസറില്ലെന്നറിഞ്ഞപ്പോൾ വെറുതെ പതിനായിരം പോയി കാൻസറുമില്ല ഒരു കുന്തവുമില്ല എന്ന് നിരാശപ്പെട്ടപ്പോലെ സമയവും പൈസയും നഷ്ടമായ കുണ്ഠിതത്തോടെ അവൻെറ കയ്യും പിടിച്ച് പുറത്തേക്കിറങ്ങു മ്പോൾ അവൻെറ ചോദ്യം..
“അല്ല പപ്പേ മൈങ്ങുങേരാണോ നമ്മൾ ബീച്ചിൽ പോണത്…? “
ദാ കെടക്കണ്…
വൈകുന്നേരമാണോ ബീച്ചിൽ പോണത് എന്ന്..

By ivayana