രചന : ലിഖിത ദാസ് ✍

പകുതിയും ജീവിച്ചുതീർന്ന
ഒരു സ്ത്രീയെ സ്നേഹിക്കാനൊരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്..,
സ്നേഹത്തിന്റെ നീർവേരു
നീട്ടിയാവരുത്
അവളിലേയ്ക്ക് കയറിച്ചെല്ലാൻ.
‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ വെന്ന
ഒരു മുഖവുര പോലും
അവൾക്കാവശ്യമില്ല.
‘ലോകത്തിലെ
എല്ലാ മനുഷ്യരേക്കാളുമധികമായി എനിയ്ക്ക് നീ പ്രിയപ്പെട്ടതാണെന്ന്’
വരുത്തിത്തീർക്കാൻ സമ്മാനമൊന്നും
കയ്യിൽ കരുതിയേക്കരുത്.
ഒരു പതിനേഴുകാരിയുടെ കൺകൊതിയോടെ അവളത്
നിങ്ങളുടെ മുൻപിൽ വച്ച്
തുറന്നേക്കുമെന്ന
ആകാംക്ഷയുടെ ചിറക്
അവളൊറ്റ നോട്ടം കൊണ്ട്
ഒടിച്ചു കളയും.
നിരുപാധിക സ്നേഹത്തിന്റെ
ആഴത്തിനെയും നിഗൂഢതയെയും കുറിച്ച്
വാചാലരാവാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കുക.
പ്രേമത്തിന്റെ ഒഴുക്കുള്ള
അനേകം പുഴകൾ മെയ് വഴക്കത്തോടെ
തുഴഞ്ഞു കയറിയവളാണെന്ന്
മറന്നു പോവരുത്.
അവളുടെ കണ്ണിനു ചുറ്റുമുള്ള
അമാവാസിച്ചുറ്റിൽ
വഴിതെറ്റി വീഴാതിരിക്കുക.
ഇനി വരാനിരിക്കുന്ന നിങ്ങളടക്കമുള്ള
മനുഷ്യരെ വിരഹിച്ച രാത്രികൾ
കലങ്ങിക്കിടക്കുന്നതാണ്.
വശ്യമായ ഒരു ചിരികൊണ്ട് അവൾ
നിങ്ങളെ തൊട്ടുനോക്കുമെന്ന്
പരവശനാകരുത്.
ഏതു നിമിഷത്തിലും
പ്രപഞ്ചത്തിലേയ്ക്കും വച്ച് നിങ്ങളോടേറ്റം ദാഹമുള്ളവളാവാനും
അടുത്ത നിമിഷത്തിൽ
ഹൃദയത്തിന്റെ നിലവിളികളിലേയ്ക്ക്
മുഖം ചേർത്തു പതുങ്ങിക്കിടക്കാനും അവൾക്കാവും.
അവളുടെ ഉള്ളംകാലിൽ കവിളുരച്ച്
സ്നേഹം വെളിപ്പെടുത്തുന്ന
പൂച്ചയാകാനാണ് വന്നിരിക്കുന്നതെന്ന്
അറിയാതെയെങ്കിലും
പറഞ്ഞുപോവരുത്.
അവൾക്ക് ‘ഓമനേ..’ യെന്ന്
വിളിച്ചു ലാളിക്കാൻ ഇനിയും
പൂച്ചകളെ ആവശ്യമില്ല.
പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച്
അവളെഅത്ഭുതപ്പെടുത്താമെന്ന്
കരുതരുത്.
സ്നേഹനിരാസങ്ങളുടെ
എണ്ണം തെറ്റിയ താഴ്മുറിവുകളിലേയ്ക്കാവും
നിങ്ങളുടെ കൈ വഴുതിപ്പോവുക.
വരിക, ഒന്നിച്ചിരിക്കുക..
അവൾക്കൊരു
കാപ്പിയിട്ടുകൊടുക്കുക,
അവളുടെ നെറുകയിൽ..
അനേകം മനുഷ്യരുടെ ഉമ്മപ്പാടുകൾ
പച്ചകുത്തിയ നെറ്റിമേൽ
പനിച്ചൂടുണ്ടോയെന്ന് തൊട്ടുനോക്കുക.
ഇറങ്ങിപ്പോയതും
ഇനി വരാനുള്ളതുമായ
എല്ലാ മനുഷ്യർക്കും അവൾ
എത്ര കരുതലോടെയാണ്
തണുവു നീട്ടുന്നതെന്നോർക്കുക.
നിങ്ങൾ പറയാതെ തന്നെ
അവൾ നിങ്ങളെ ചുറ്റിപ്പിടിച്ചേക്കും
നിങ്ങളുടെ കൈച്ചൂടിനുള്ളിലെ
സ്നേഹനനവിലേയ്ക്ക്
അവൾ മുഖമാഴ്ത്തി വയ്ക്കും.
അവളുടെ മുടിക്കെട്ടിൽ
കടൽ പതയ്ക്കും.
ഉടലിൽ താഴ്മണ്ണു വാസനിയ്ക്കും.
കണ്ണുകളിൽ നൂറുവില്ലിന്റെ ആകാശക്കാഴ്ച നുരയ്ക്കും.
ഭ്രമിച്ചു ഭ്രമിച്ച്
‘ഞാനിനിയും വരുമെന്ന്’
വാക്കു നൽകാതിരിക്കുക.
ഒരൂഞ്ഞാൽക്കാറ്റുപോലെ ദുർബലമായ
ചില ഉറപ്പുകളേക്കാൾ
അവൾ പരസ്പരം സ്നേഹപ്പെട്ട
ഈ നിമിഷത്തെയോർത്ത്
ഭൂമിയാകാശങ്ങളിലേയ്ക്കും വച്ച്
ഏറ്റം സന്തോഷവതിയാവും.. തീർച്ച..!
നോക്കൂ,
അവളുടെ കണ്ണിലൊരു
വിളഞ്ഞ കരിമ്പുപാടം..
ചുണ്ടിലൊരു കൽക്കണ്ടച്ചിരി..
കവിളിൽ നക്ഷത്രപ്പൊടി..
നിങ്ങൾ കണ്ടതിലേയ്ക്കും വച്ച്
ഏറ്റം ഉന്മാദിയായൊരു നിലാവ്
മുടിയഴിച്ചിട്ട് നില്ക്കുന്നത് കാണുന്നില്ലേ..!

(വാക്കനൽ)

ലിഖിത ദാസ്

By ivayana