രചന : തോമസ് കാവാലം ✍

അയാൾ കടപ്പുറത്ത് കൂടി അലക്ഷ്യമായി നടന്നു. പഞ്ചസാരത്തരികൾ പോലെ വെളുത്ത മണൽ. പരന്നുകിടക്കുന്ന നിസ്സഹായത.കടലിൽ തിരകൾ ആഞ്ഞടിച്ചു. എന്തൊരു വ്യഗ്രതയാണ്. മനുഷ്യ ജീവിതം പോലെ തന്നെ. കരയിലേക്ക് അടിച്ചുകയറാൻ കഴിയില്ല എന്ന് അറിയാമെങ്കിൽ പോലും അടിച്ചു കൊണ്ടേയിരിക്കുന്നു. ഒരിക്കലും നേടിയെടുക്കാൻ കഴിയില്ലെങ്കിലും മനസ്സിനു പിടികൊടുക്കാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന അഭിലാഷങ്ങൾ പോലെ.

ഇരുട്ട് വീഴുംതോറും കാറ്റിന് ശക്തി കൂടുന്നത് പോലെ അയാൾക്ക് തോന്നി. പടിഞ്ഞാറ് സൂര്യബിംബം കടലിലേക്ക് താഴ്ന്നു കൊണ്ടിരുന്നു. തീർച്ചയായും പിറ്റേന്ന് ഉദിച്ചുയരാമെന്ന പ്രതീക്ഷയുണ്ട് സൂര്യന്. മനുഷ്യന്റെ കാര്യമോ. വ്യാമോഹങ്ങളിൽ കൂടിക്കുഴഞ്ഞു കിടക്കുന്ന കുറെ ബന്ധങ്ങൾ.ബന്ധങ്ങളിൽ കൂടിക്കുഴഞ്ഞു കിടക്കുന്ന കുറെ വ്യാമോഹങ്ങൾ. പെട്ടെന്ന് അയാൾ കുനിഞ്ഞ് ഒരുപിടി മണ്ണ് കയ്യിലെടുത്തു. എന്നിട്ട് അത് കയ്യിൽ അമർത്തി. ഓരോ തരിയും കയ്യിൽ നിന്ന് വിരലുകൾക്കിടയിലൂടെ പുറത്തേക്ക് വീണു.

വീണ്ടും അയാൾ കുനിഞ്ഞ് ഒരു കൈ മണ്ണ് കൂടി എടുത്തു. എന്നിട്ട് അമർത്താതെ കൈയിൽ പിടിച്ചു. അയാൾ ആലോചിച്ചു ബന്ധങ്ങൾ ഇതുപോലെ തന്നെയല്ലേ. എത്ര മുറുകെ നമ്മൾ പഠിക്കുന്നുവോ അത്ര നമ്മെ വിട്ടുപോകുന്ന അനുഭവം. കൈ അയച്ചു പിടിച്ചാലോ? അത് കയ്യിൽ തന്നെ കിടക്കുന്നു.


“എന്താ നീ അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു!?”
“അന്ന് ആദ്യമായും അവസാനമായും അവൻ പറഞ്ഞ വാക്കുകൾ. പിന്നെ അവൾ നിന്നില്ല. കുറെ വർഷങ്ങൾക്കുശേഷം കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം അവളെ അയാൾ കണ്ടത് ഒരു റസ്റ്റോറന്റിൽ വച്ചാണ്. കൂടെ അവനും ഉണ്ടായിരുന്നു. പ്രഭാകരൻ . അത് അവന് സഹിക്കാൻ കഴിഞ്ഞില്ല. വിശപ്പോടുകൂടിയാണ് അവിടേക്ക് കയറി ചെന്നത്. എന്തെങ്കിലും കഴിക്കണമെന്നുണ്ടായിരുന്നു.പക്ഷേ, ആ രംഗം കണ്ടപ്പോൾ എത്രയും പെട്ടെന്ന് അയാൾ അവിടം വിട്ടുപോയി.


“ലിൻഡ, നിനക്ക് ഇതെങ്ങനെ സാധിക്കുന്നു.?”
അയാൾ അയാളോട് തന്നെ ചോദിച്ചു.
അതെ!അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അയാൾ അവനെത്തന്നെ കുറ്റപ്പെടുത്തൽ തുടങ്ങി. അന്ന് അവർ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി പരിചയപ്പെട്ടത്. പെട്ടെന്ന് ഒരു ദിവസം യുവജനോത്സവവേദിയിൽ വച്ച് അവളെ കണ്ടപ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത് ഇങ്ങനെയൊക്കെ ആകുമെന്ന്. അല്ലെങ്കിലും ഹൈസ്കൂൾ കാലത്തുണ്ടാകുന്ന ബന്ധങ്ങൾ ഇങ്ങനെയേ അവസാനിക്കു.
അന്ന് അവൾ പറഞ്ഞു:


“ബെഞ്ചമിൻ, നിന്നെപ്പോലെയുള്ള ഒരാളെ അല്ലാതെ മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നെ മനസ്സിലാക്കുന്ന ഒരേ ഒരു വ്യക്തി നീ മാത്രമാണ്.”
ഹ! എത്ര മധുരമായ വാക്കുകൾ. അതിലെ ഓരോ അക്ഷരവും അവനെ കോൾമയിർ കൊള്ളിച്ചു. പിന്നീടുള്ള ദിവസങ്ങളും അവനെ സ്വർഗീയ തീരങ്ങളിലേക്ക് കൊണ്ടുപോയത് പോലെ അവന് തോന്നിച്ചു. അവന്റെ സുഹൃത്തുക്കളിൽ അസൂയ ഉളവാക്കി.


അന്നൊരു രാത്രിയിൽ അവൾ അവനെ വിളിച്ച് കരയുവാൻ തുടങ്ങിയത് പെട്ടെന്ന് അവന്റെ മനസ്സിലേക്ക് കടന്നുവന്നു . അവൾ പറഞ്ഞു:
“ബെൻ, നീയാണ് എന്റെ സർവ്വശവും. നിന്നെ കണ്ടതിനുശേഷം ഞാൻതന്നെ ഞാനല്ലാതായിരിക്കുന്നു. ഞാൻ ആകെ മാറിയിരിക്കുന്നു. എന്താണ് ഇതിന്റെയൊക്കെ അർത്ഥം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ സാധിക്കില്ല.”


എന്നിട്ട് ഇപ്പം എന്തുണ്ടായി. അവന് അവനോട് തന്നെ പുച്ഛം തോന്നി. എപ്പോഴാണ് അവൾ അകന്നു പോയത്? എന്താണ് അവൾ അങ്ങനെ അകന്നു പോകാനുള്ള കാരണം?. എത്ര ആലോചിച്ചിട്ടും അന്ന് അവന് ഒന്നും മനസ്സിലായില്ല. ഇപ്പോൾ ശാന്തമായി ആലോചിക്കുമ്പോൾ അവന് കാര്യങ്ങളുടെ ഗൗരവം കുറെയൊക്കെ മനസ്സിലായി വന്നു.
അവൻ അവനെത്തന്നെ ഉപദേശിക്കാൻ തുടങ്ങി : “ബെഞ്ചമിൻ നീ കാര്യങ്ങൾ കുറെക്കൂടി ഗൗരവത്തോടെ എടുക്കേണ്ടിയിരുന്നു. എത്ര ദിവസങ്ങൾ അവൾ വീട്ടിൽ നിന്റെ ഫോൺവിളി കാതോർത്തിരുന്നു! എത്ര ദിവസങ്ങൾ റസ്റ്റോറന്റിൽ അവൾ നിന്നെ കാത്തിരുന്നു! നീ തൊട്ടുതലോടി,എന്നിട്ട് ഒളിച്ചിരുന്നു. അവൾ എഴുതിയ കത്തുകൾക്ക് മറുപടി കാത്ത് അവൾ എത്ര ദിവസങ്ങൾ കഴിച്ചുകൂട്ടി. തീരുമാനങ്ങൾ എടുക്കേണ്ടത് നീയായിരുന്നു. പക്ഷേ നീ വൈകിപ്പോയി.”


വൈകിയ തീരുമാനത്തെക്കുറിച്ച് ഓർത്തപ്പോൾ അവന്റെ മനസ്സ് പിന്നോട്ടേക്ക് പോയി. ഒരു ദിവസം ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ ക്ലാസിലേക്ക് കടന്നുവന്ന ബിന്ദു ടീച്ചർ പറഞ്ഞ വാക്കുകൾ. ടൈം ആൻഡ് ടൈഡ് ഡു നോട്ട് വെയ്റ്റ് ഫോർ മാൻ. സമയവും അവസരങ്ങളും ഒരിക്കലും ഒരുവനെയും കാത്തിരിക്കുകയില്ല. സത്യത്തിൽ അവന്റെ മനസ്സിൽ പ്രേമത്തിന്റെ വിത്തുകൾ മുളപ്പിച്ചത് ബിന്ദു ടീച്ചർ ആയിരുന്നു. ആഹ്ലാദം കളിയാടുന്ന അവരുടെ കണ്ണുകളിൽ എപ്പോഴും നർമ്മം തുളുമ്പിയിരുന്നു. ബിന്ദു ടീച്ചറിന്റെ പോലെയുള്ള സുന്ദരമായ മുഖം അവൻ എല്ലായിടത്തും പരതി നടന്നു. സ്വന്തമാക്കുകയാണെങ്കിൽ അതുപോലെയുള്ള ഒരു മുഖം വേണം സ്വന്തമാക്കാൻ എന്ന് അവൻ ആഗ്രഹിച്ചു. അങ്ങനെയാണ് അവന്റെ കണ്ണുകൾ ലിൻഡയിൽ ചെന്ന് പഠിച്ചത്.


അന്ന് അവൾ അവസാനമായി ലൈബ്രറിയിൽ വച്ച് കൈമാറിയ കത്തിലെ വാക്കുകൾ എപ്പോഴും അവന്റെ ഹൃദയത്തിൽ തറച്ചു നിന്നിരുന്നു:
“ഞാൻ എന്നെത്തന്നെ ആഹ്ലാദിപ്പിക്കാൻ പഠിച്ചു കഴിഞ്ഞു. എന്റെ ഹൃദയത്തിന് ഏറ്റ മുറിവ് കരിയാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എനിക്ക് മറ്റ് ആൺകുട്ടികളുമായി പുറത്തു പോകുവാനും ഉല്ലസിക്കുവാനും സാധിക്കുന്നുണ്ട്. എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന്. രാത്രിയുടെ ഏകാന്തത്തിൽ ഞാൻ പൊട്ടിക്കരയുമായിരുന്നു. ചിലപ്പോൾ ചിരിക്കും. വീണ്ടും പൊട്ടിക്കരയും. ഇപ്പോൾ എനിക്ക് അതിനെയെല്ലാം തരണം ചെയ്യാൻ സാധിക്കുന്നുണ്ട്. ഞാൻ എന്നോട് തന്നെ ചോദിച്ചു,നിന്നെ ശ്രദ്ധിക്കാത്ത നിന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി എന്തിന് നീ കാത്തിരിക്കണം.

ഒരു മഹത് വചനമാണ് എന്റെ മനസ്സിൽ ഇപ്പോൾ വരുന്നത്. ഒരിക്കലും പ്രേമിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്, പ്രേമിക്കുകയും അതിൽ സ്വയം പരാജയപ്പെടുകയും ചെയ്യുന്നതാണ്. നീ വിചാരിക്കുന്നതുപോലെയുള്ള ഒരു ബന്ധമല്ല എനിക്ക് പ്രഭാകരനുമായുള്ളത്. സ്വയം സ്നേഹിച്ചാൽ, ഏതു മുറിവിനെയും അതിന് ഉണക്കാൻ സാധിക്കും”.ലിൻഡ.

തോമസ് കാവാലം

By ivayana