രചന : ഒ.കെ.ശൈലജ ടീച്ചർ✍

ദു:ഖം തളം കെട്ടിയ മനസ്സുമായി കണ്ണീർപ്പുഴയായൊഴുകുന്ന കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ തൊണ്ടയിടറിക്കൊണ്ട് ഞാൻ വിദ്യയുടെ അനുസ്മരണ യോഗത്തിൽ രണ്ടു വാക്ക് പറയാനായി എഴുന്നേറ്റു . കൈകാലുകൾ തളരുന്നത് പോലെ ….. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുന്നത് പോലെ
“വിനോദേ …..” ശ്യാമിന്റെ വിളി കേട്ടപ്പോൾ
മെല്ലെ നടന്നു മൈക്കിനടുത്തെത്തി.


പ്രിയ സുഹൃത്തുക്കളെ …
ഇന്ന് നമ്മളിവിടെ കൂടിയിരിക്കുന്നത് നമുക്കേവർക്കും
പ്രിയങ്കരിയായ വിദ്യയുടെ അകാലവിയോഗത്തിൽ അടക്കാനാവാത്ത ദു:ഖവുമായിട്ടാണ്.
ഈയവസരത്തിൽ എനിക്കെന്റെ സഹപാഠികളായ നിങ്ങളോടൊരു വാക്ക് മാത്രമേ പറയാനുള്ളൂ.
വിദ്യയുടെ മക്കൾ അമ്മയില്ലാത്ത ദു:ഖം അറിയാനിടവരരുത് . നമ്മളവർക്ക് വേണ്ട സ്നേഹവും കരുതലും നൽകണം.
മൈക്ക് ശ്യാമിന് കൈമാറിക്കൊണ്ട് ഞാൻ പിന്നിൽ പോയിരുന്നു.
വയ്യ ! ഒന്നും പറയാനാവുന്നില്ല.


കോളേജങ്കണത്തിൽ വർണ്ണത്തുമ്പിയായി പാറി നടന്നവൾ . പൂനിലാവൊളിമിന്നുന്ന അവളുടെ മുഖത്ത് വിരിയുന്ന കുസൃതിച്ചിരി മനസ്സിൽ തെളിഞ്ഞു വരുന്നു.
എല്ലാവരോടും വളരെ സൗമ്യമായും സ്നേഹമായും ഇടപെടുന്ന സ്വഭാവക്കാരിയാണെങ്കിലും മനസ്സു തുറന്നു സംസാരിക്കാറുള്ളത് എന്നോടായിരുന്നല്ലോ.
പലപ്പോഴും അവളുടെ വാക്കുകളിലെ വിങ്ങൽ എനിക്കനുഭവപ്പെടാറുണ്ടായിരുന്നു.
ഒരു ദിവസം വളരെയേറെ നിർബന്ധിച്ചപ്പോൾ ജലപ്രവാഹം പോലെ അവളുടെ ദു:ഖഭാരം അണപൊട്ടിയൊഴുകി.


ക്യാൻസർ എന്ന വില്ലൻ കീഴടക്കിയതിനേക്കാൾ അവളെ വേദനിപ്പിച്ചത് അവളുടെ ഭർത്താവിന്റെ അവഗണനയായിരുന്നു. ബിസിനസ് മാത്രമായിരുന്നു അയാളുടെ ലോകം . ഭർത്താവിനും മക്കൾക്കും വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാനുള്ള ഒരു യന്ത്രമായിരുന്നു ഭാര്യ.
അവളും മനുഷ്യനാണെന്നോ . ഇഷ്ടാനിഷ്ടങ്ങളുണ്ടെന്നോ . ആത്മാഭിമാനവും, വ്യക്തിത്വവുമുണ്ടെന്നോ ചിന്തിക്കാത്ത ഒരു സ്നേഹശൂന്യൻ.
ഒരു പ്രമുഖ കമ്പനിയുടെ എം ഡി ആയിരുന്നു അവളുടെ ഭർത്താവ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ. കമ്പനിയുടെ ആവശ്യത്തിനായി അയാൾ മിക്ക ദിവസങ്ങളിലും ടൂറിലായിരിക്കും.


വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറന്നു പോയവൾ . ഒരു ദിവസം കോണിപ്പടിയിറങ്ങുമ്പോൾ തല കറങ്ങി താഴെ വീണത് അടുത്ത റൂമിലെ ചേച്ചി കാണാനിടയായത് കൊണ്ട് ഡോക്ടറുടെയടുത്തെത്തിയതും രോഗം മനസ്സിലായതും.
ഗിരീഷ് ഒരാഴ്ചത്തെ ടൂർ കഴിഞ്ഞു വന്നിട്ടും തളർന്നവശയായ ഭാര്യയെ ഗൗനിക്കാതെ പതിവു പോലെ ഓഫീസിലേക്കു പോകുകയായിരുന്നെന്നവൾ പറഞ്ഞപ്പോഴാണ് ആ ദാമ്പത്യത്തിന്റെ സുരക്ഷിതത്വമില്ലായ്മ മനസ്സിലായത്.
ആ വീടിന്റെ ജീവാത്മായ അവളുടെ ആത്മനൊമ്പരമറിയാതെ . എല്ലാത്തിനുമവളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു ഗിരീഷ്.


“ഈയ്യിടെയായി ഒരു കാര്യത്തിലും നിനക്ക് ശ്രദ്ധയില്ല. നീ എന്തെടുക്കുകയാണിവിടെ ? എന്ത് പറഞ്ഞാലും മൗനമായാൽ പിന്നെ ഒന്നും പറയില്ലല്ലോ”
ഹൃദയം പൊട്ടുന്ന വേദന ഉള്ളിലൊതുക്കിക്കൊണ്ടവൾ കണ്ണീർ വീഴാതിരിക്കാൻ പരമാവധി ശ്രമിക്കും.
കുളിമുറിയിലെ ചുവരുകൾ അവളുടെ കണ്ണീർ പ്രവാഹം കൊണ്ട് നനഞ്ഞു കുതിരും.
ദുഃഖമടക്കി വെക്കാൻ കഴിയാതെ വീർപ്പുമുട്ടുമ്പോഴാണവൾ എനിക്കൊരു മെസേജയക്കുന്നത്.
“വിനോദേ സുഖമല്ലേ …..”
അത് മാത്രമായിരിക്കുമവളുടെ മെസേജ് . പക്ഷേ ! അതിലൊളിഞ്ഞിരിക്കുന്ന അവളുടെ ദു:ഖസാഗരത്തിലെ അലയൊലി ഇടിമുഴക്കം പോലെ എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.


പ്രിയ സുഹൃത്തേ നിന്റെ നൊമ്പരങ്ങളറിഞ്ഞിട്ടും. അരക്ഷിതമായ നിന്റെ ജീവിതവ്യഥ നീ പങ്കു വെച്ചിട്ടും നിന്നെ രക്ഷപ്പെടുത്താനാവാതെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്ന ഞങ്ങൾ നല്ല സുഹൃത്തുക്കളാണോ ? കുറ്റബോധത്താൽ നീറുന്ന മനസ്സുമായി നിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
മാപ്പ് വിദ്യാ ……
“വിനോദ് ….എന്താ പറ്റിയത് നീയെന്താണിങ്ങനെ മുഖം പൊത്തി ഏങ്ങലടിച്ചു കരയുന്നത്.” ശ്യാമിന്റെ കൈ തോളിൽ പതിഞ്ഞപ്പോഴാണ് പരിസര ബോധം വീണ്ടെടുത്തത്.


“ശ്യാമേ എനിക്ക് സഹിക്കാനാകുന്നില്ലെടാ ….ഇങ്ങനെയൊരു അനുശോചന യോഗം നടത്തേണ്ടി വന്നല്ലോ നമുക്ക് . നീ ഓർക്കുന്നില്ലേ … സർവ്വ മുഖ പ്രതിഭയായ . കോളേജ് ബ്യൂട്ടിയായ . നമ്മുടെയെല്ലാം ആരാധനാപാത്രമായ വിദ്യയെ ….
ആർക്കും പിടി കൊടുക്കാതെ കുസൃതിച്ചിരിയോടെ പരൽ മീനിനെപ്പോലെ കാമ്പസ്സിൽ തിളങ്ങി നിന്നവളിന്ന് മൗനമായി വിട വാങ്ങിയിരിക്കുന്നു.
“നീ കണ്ണ് തുടക്ക്. വിദ്യയുടെ അച്ഛനുമമ്മയേയും, മക്കളേയും സങ്കടപ്പെടുത്താതെ . അവരെ സമാധാനിപ്പിക്കൂ. ഗിരീഷ് മണിക്കൂറുകളായി ഫോണിൽ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കാണുന്നില്ലേ. അവളുടെ അസാന്നിധ്യം പകരുന്ന ശൂന്യത അയാൾക്കനുഭവപ്പെടുന്നില്ല. അങ്ങനെയുമുണ്ട് ചില മനുഷ്യർ.”


“ശരിയാണ്. അയാളാ ഫോണിൽ മുഴുകിയിരിക്കയാണ്. വാ നമുക്ക് അയാളോട് സംസാരിക്കാം.”
ഞങ്ങൾ രണ്ടു പേരും ഗിരീഷിന്റെയടുത്ത് ചെന്നു വിഷ് ചെയ്തു. ഗിരീഷ് ഫോൺ കട്ട് ചെയ്തു.
“വിനോദ് നിങ്ങളോടൊരു കാര്യം പറയാനുണ്ടായിരുന്നു. വിദ്യയുടെ അച്ഛനുമമ്മയും മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്കു പോകുകയാണ്. അവരോടൊപ്പമൊന്നു പോകാൻ പറ്റുമോ . എനിക്ക് അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ട് ബാംഗ്ലൂരിൽ . 5 മണിക്കാണ് ഫ്ലൈറ്റ്. ഇപ്പോൾ തന്നെ ലേറ്റായി. നിങ്ങളൊന്നു ഹെല്പ് ചെയ്യണേ . ശരി പിന്നെ കാണാം.”


ആരേയും ഗൗനിക്കാതെ, അമ്മ നഷ്ടപ്പെട്ട തന്റെ അരുമമക്കളെപ്പോലുമൊന്നു നോക്കാതെ ധ്യതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്തു പോകുന്ന ഗിരീഷ് എന്ന വിചിത്ര മനുഷ്യനെ നോക്കി നില്ക്കാനല്ലാതെ മറ്റൊന്നും പ്രതികരിക്കാനാകാതെ വിദ്യയുടെ മക്കൾക്കരികിലേക്ക് നടക്കുമ്പോൾ ഉള്ളിലൊരു തീരുമാനമെടുക്കുകയായിരുന്നു.
“വിദ്യയുടെ മക്കൾ സ്നേഹവും വാത്സല്യവും, കരുതലും കിട്ടി നല്ലവരായി വളരണം . അതിന് തന്നെക്കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്തു കൊടുക്കണം. മക്കളെയോർത്ത് വിദ്യയുടെ ആത്മാവ് തേങ്ങരുത്. സ്വർഗ്ഗത്തിലിരുന്നു അവൾ എല്ലാം അറിയുന്നുണ്ടാവും. പണത്തിനു പദവിക്കും പിന്നാലെ ഓടിത്തളരുമ്പോൾ സ്നേഹമയിയായ തന്റെ കുടുംബിനിയുടെ വിടവ് ഗിരീഷിനെ മനുഷ്യനാക്കട്ടെ.

ഒ.കെ.ശൈലജ ടീച്ചർ

By ivayana