രചന : രാജേഷ് കൃഷ്ണ ✍

രണ്ടുപേരെ ആലുവ റയിൽവേ സ്റ്റേഷനിലിറക്കി കാറ് പാർക്ക് ചെയ്യാൻ പറ്റിയസ്ഥലം തിരയുമ്പോഴാണ് വിശക്കാൻ തുടങ്ങിയത്…
തുടർച്ചയായി ഓഡർ വന്നതു കൊണ്ട് വൈകുന്നേരം ശീലമാക്കിയ കട്ടൻപോലും കുടിക്കാൻ കഴിഞ്ഞിട്ടില്ല. സമയം പത്തുമണി കഴിഞ്ഞിരുന്നു…
വഴിയിൽക്കണ്ട ഒരു തട്ടുകടയുടെ സമീപം കാറുനിർത്തി ഫോണിൽ ഊബറിൻ്റെ സൈറ്റ് ഓഫ് ചെയ്ത് ഇറങ്ങിയപ്പോൾ ഇരുട്ടിൽ നിന്നും ഒരു രൂപം അടുത്തുവന്നു…
“ചേട്ടാ വേണോ”…
ഞാൻ ആളെ ആപാദചൂടം ഒന്നു നോക്കി. നല്ല വെളുത്ത നിറം, ഉയരത്തിനൊത്ത തടിയോടുകൂടിയ കൊഴുത്ത ശരീരം…
കാൽമുട്ടുവരെയെത്തുന്ന കറുപ്പിൽ വെളുപ്പും ചുവപ്പും കള്ളികൾ ഇടകലർന്ന ഉടുപ്പാണ് ധരിച്ചിരുന്നത്. മിനുമിനുത്ത കണങ്കാലിൽ തഴുകി എൻ്റെ മിഴികൾ മുകളിലേക്കുയർന്നു,…
ഡ്രസ്സിൻ്റെ കഴുത്ത് താഴ്ത്തി വെട്ടിയതു കാരണം മാറിടം മുഴച്ചു നിൽക്കുന്നതുകണ്ടു, ചുണ്ടുകൾ ലിപ്സ്റ്റിക്കിൻ്റെ ചുവപ്പിൽ തിളങ്ങുന്നു…
“വേണോ”…
ചുവന്നുതുടുത്ത ദലങ്ങൾ വീണ്ടും ചലിച്ചു…
“എന്ത് “…
“എന്തും “…
“നല്ല വിശപ്പുണ്ട് ഭക്ഷണം വേണം, പിന്നെ നല്ലകടുപ്പത്തിലൊരു ചായയും”…
അവൾ തട്ടുകടയുടെ നേരെ വിരൽ ചൂണ്ടി…
“രണ്ടും അവിടെ കിട്ടും, ചേട്ടൻ കഴിച്ചു വാ ഞാനിവിടെത്തന്നെ കാണും”…
കാണാൻ സുന്ദരിയാണെങ്കിലും ശബ്ദം പരുപരുത്തരായിരുന്നു. രൂപവും ശബ്ദവും തമ്മിൽ ചേരാത്തതു കൊണ്ട് സംശയത്തോടെ അവളെ വീണ്ടും ഒന്നുനോക്കി ഞാൻ തട്ടുകടയുടെ സമീപത്തേക്ക് നടന്നു…
രണ്ടുമൂന്ന് ചുവടുകൾ വെച്ച് തിരിഞ്ഞു നോക്കിയപ്പോൾ അവൾ നിന്നയിടം ശൂന്യമായിരുന്നു…
ഭക്ഷണം കഴിച്ചു കാറിൽ കയറിയിരുന്നപ്പോൾ മുന്നിൽ ആ രൂപം വീണ്ടും പ്രത്യക്ഷപ്പെട്ടു…
“വേണോ”…
“വേണ്ട എന്നാലും നിനക്ക് വേണ്ടത് തരാം”…
ഞാൻ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് നൂറു രൂപ അവളുടെ നേരേ നീട്ടി…
ഒന്നു സംശയിച്ചു നിന്നശേഷം കൈ നീട്ടി പൈസ വാങ്ങി പിന്നിലേക്ക് ചുവടുകൾവെച്ച് അവൾ ഇരുട്ടിൽ ലയിച്ചു…
വിശപ്പ്, അത് മനുഷ്യരെ എന്തെല്ലാം വേഷങ്ങൾ കെട്ടിക്കുന്നു, കച്ചവടക്കാരൻ്റെ വേഷമഴിച്ചു വെച്ച് ഞാനിപ്പോൾ ഡ്രൈവറുടെ റോളിൽ അഭിനയിക്കുന്നു, അടുത്തത് എന്താണെന്ന് ആർക്കറിയാം….
വയറിൻ്റെ വിശപ്പ് ഭക്ഷണം കഴിച്ചാൽ തീരും, മനസിൻ്റെ വിശപ്പ് ഒന്നുകണ്ടാൽ രണ്ടുവാക്കു സംസാരിച്ചാൽ തീരും, ശരീരത്തിൻ്റെ വിശപ്പോ…
എൻ്റെ വിശപ്പ് മാറ്റാൻ ഇവർക്ക് കഴിയില്ല. പ്രണയമില്ലാത്ത രതി പച്ചയിറച്ചി കഴിക്കുന്നതു പോലെയാണ്…
പ്രണയത്തിൻ്റെ വർണ്ണപ്പൊലിമയില്ലെങ്കിൽ ശാരീരിക ബന്ധം വിരസമായിപ്പോകും..
ഫോണിൽ ഊബറിൻ്റെ സൈറ്റ് ഓപ്പൺ ചെയ്തശേഷം കാറ് ഞാൻ മുന്നോട്ടെടുത്തു…

By ivayana