രചന : അശോകൻ പുത്തൂർ ✍

നിലാവ്
വെയിൽപ്പൂവിനു കൊടുക്കാൻ
നിശയുടെ ദലങ്ങളിൽ
പുലർമഞ്ഞിലെഴുതിവയ്ക്കും
കുറിമാനം പോലെയാണ്
ചില പ്രണയങ്ങൾ
ഒരിക്കലും കാണുകയേയില്ല
പടിവരെ കൂട്ടുവന്നിട്ടും
അത്രമേൽ പ്രിയതരമായിട്ടും
വീട്ടിലേക്ക് ക്ഷണിക്കാൻ വയ്യാത്ത
ചില ഇഷ്ടങ്ങളുണ്ട്
ഒരുമിച്ച് മുങ്ങാംകുഴിയിട്ട
അമ്പലക്കുളം കാണുമ്പോൾ
ആമ്പലായ് വിരിഞ്ഞു നിൽക്കും
ചില പ്രണയങ്ങൾ
വേലക്കാഴ്ചകളിൽ തിടമ്പേറ്റി
ആലവട്ടവും വെഞ്ചാമരവുംവീശി
മസ്തകം ഇളക്കി
ചെവിയാട്ടി നിൽക്കുന്നവ.
സ്വപ്‌നങ്ങളുടെ വളവിലൊ
ഓർമ്മകളുടെ ചെരുവിലോ
കൺപാർത്തു നിൽക്കുന്നവ.
മാമ്പഴക്കാലങ്ങളിൽ
ചുനയായും ഗന്ധമായും
നീറ്റിക്കുന്നവ മധുരിക്കുന്നവ………
കണ്ണീരിൽനിന്ന്
ചിരിയിലേക്ക് ഇറക്കിക്കിടത്തുന്നവ.
ജീവിതത്തിലേക്ക് നടത്തിക്കുന്നവ.
മരണത്തിൽ
എവിടെയോ ഇരുന്ന്
ഏതെങ്കിലും നദിക്കരയിൽ
ഗദ്ഗദംകൊണ്ട് തർപ്പണം ചെയ്യുന്നവ….
ഓർമ്മകളുടെ കുഴിമാടങ്ങളാൽ
നിറഞ്ഞതാണ് ഓരോ നെഞ്ചിടങ്ങളും.

അശോകൻ പുത്തൂർ

By ivayana