രചന : അഷറഫ് കാളത്തോട്✍

എന്റെ ജീവിത ചിത്രങ്ങളാണീ
വിറകുകൊള്ളിപോലെരിയുന്നുചിതയിൽ
ധൂമപടലങ്ങളാർത്തുകരയുന്നു
പ്രാണപടലങ്ങളായ് പടർന്നേറുന്നു
ഇമകൾ കയ്ക്കുന്നു കദനമിറ്റുന്നു
വദനംകാളിമയിൽ നിറഞ്ഞു തേവുന്നു
മായമില്ലാത്ത ചരിത്രപാഠങ്ങൾ
ചരിത്രമാകാതെമാഞ്ഞുപോകുന്നു
സാദരം പകർന്നൊരുനൂറ്‌നന്മകൾ
ജലകുമിളയായിസമാധിയടയുന്നു
എങ്കിലും ചിലതിപ്പഴുംനിർമ്മല
പൂക്കളങ്ങളിൽ പൂത്തുചിരിക്കുന്നു
സൗഹൃദനേരിന്റെശലഭസുധകളീ
ചുണ്ടുകൾക്കുള്ളിൽകാത്തുവെക്കുന്നു
ബലിക്കല്ലില്ലുണ്ട് കാക്കകൾ
-ക്കൊരുനേരമുണ്ണുവാനുള്ളൊരന്നവും
അതിനായുള്ള കൈതട്ടിവിളികളും
അതുകേൾക്കുവാനുള്ള കാതോർക്കലും
ഘോഷയാത്രകൾ കോലാഹലങ്ങളും
ചിത്രങ്ങളും ചിരിമായാത്ത വരകളും
താളുകൾക്കലങ്കാരമൽസ്യകാഴ്ചകൾക്കിടയിൽ
എവിടെ ഞാനെന്നയുത്കണ്ഠപെരുകുന്നു
അവിടെയെവിടെയും കാണാതെ പോകുന്നു
നിഴലുകളിൽ പോലുമില്ലാത്തൊരു ഞാൻ
പകയും പടക്കോപ്പുമില്ലാത്തൊരു ഞാൻ
എനിക്ക് നേരെ പാഞ്ഞടുത്ത വിഷനായ്ക്കളുണ്ട്
കോലങ്ങളുറഞ്ഞുതുള്ളുന്ന ഭൂതതെയ്യതുള്ളലുകളുണ്ട്
അവാസതവഭാവനയുടെ സിനിമക്കാഴ്ചകളുണ്ട്
സകലം തകർത്തെറിഞ്ഞ തിരമാലകളുണ്ട്
ഹുങ്കാര സ്വനപർവ്വതങ്ങളുണ്ട്
പുതുചരിത്രങ്ങളുടെ ചെങ്കോട്ടകളുണ്ട്
സൽകൂട്ടുകാരുടെ ചിന്മുദ്രപതിയാത്ത
ഭൗമാന്തര കോപങ്ങളിൽ തകർത്താടുന്ന
നീചജന്മങ്ങളെനെഞ്ചോടുചേർത്ത
കള്ളച്ചൂതിന്റെരാജാസാനംവാഴുന്ന
ശകുനിയുടെയുടംപിറവിയുണ്ട്
സമചിത്തതയുടെമൌനത്തിലൂടെ
കാലാന്തരങ്ങൾ പടുത്തുയർത്തിയ
മതമൈത്രിയൊഴുകിപ്പോകുന്ന
കടൽപ്രളയങ്ങളുടെകരകളുണ്ട്
അമംഗളഹൃദയങ്ങൾകോരിക്കൂട്ടിയ
മതവെറികളുടെകോലായങ്ങളുമുണ്ട്
മോഹിനിയുടെഭ്രമിപ്പിക്കുന്നനടനമുണ്ട്
ആ വഴികളിലേക്ക് പോകരുതെന്ന
നിരോധനമുന്നറിയിപ്പുകളുണ്ട്
ഭൗതികപണ്ടങ്ങൾനിറഞ്ഞ സ്വപ്നമനസ്സിൽ
നടത്തിയയുദ്ധങ്ങളുടെരണഭേരികളുണ്ട്!
തോറ്റോടുന്നഹങ്കാരങ്ങളുടെഹൃദയപെട്ടികൾ
പൊട്ടിയൊഴുകുന്നദയാമൽഹാറുകളുമുണ്ട്!
ഹൃദയം നുറുങ്ങാത്ത സൗഹൃദപാതകൾ
തെളിയുന്ന ഭൂമിയുടെ മുകളിൽ
നിറയുന്ന രാക്ഷസനക്ഷത്ര നിഴലുകളുണ്ട്
മായ്ക്കുന്നു നേരിന്റെവഴികൾ
പുണരുവാനായ്സ്നേഹത്തിന്റെകാറ്റിനു
വഴികാണിച്ച സൂര്യരശ്മികളുണ്ട്
ശത്രുവിന്റെ ഹൃദയ കാഠിന്യത്തിൽ
ഉരുകിയൊഴുകുന്ന മഞ്ഞുമലകളുമുണ്ട്
അതിജീവനത്തിനുവേണ്ടിയുള്ളഅലർച്ചകളിൽ
മനസ്സലിഞ്ഞു മതവെറിയോടേറ്റുമുട്ടുന്നമനുഷ്യത്വമുണ്ട്
ചിലപ്പോൾ ശത്രുവിലുമുണ്ട്
വാത്സല്യം,
ഇഷ്ടം,
ഗുരുപ്രാര്ഥനയും,
സാരോപദേശങ്ങളും
ഒന്ന് തലോടിയാൽ മാത്രംമതിമിത്രമാക്കുവാൻ..
തിന്നും തീർത്തും പ്രതികാരമില്ലാത്തകൊണ്ടുംകൊടുക്കലുകൾ
ഒന്ന് മറ്റൊന്നിനു വളമാകുമെന്നപ്രാകൃതപ്രകൃതി!
പ്രാർത്ഥനകളെ ചുട്ടെടുക്കാനുള്ള
വിദ്വേഷപ്പകയുടെയഗ്നിപർവ്വതങ്ങൾ
പൊട്ടരുതേയെന്ന ഉള്ളുരുക്കങ്ങൾ
കാറ്റും, മഴയും, തീയും പുകയും പ്രക്ഷോഭങ്ങളും
ചേർന്ന ശിവതാണ്ഡവം
നീചരെതമസ്ക്കരിച്ചിടാനുള്ളകൃഷ്ണമനസ്സ്!
പുതു പാഠങ്ങൾ നൽകാത്ത പാതകൾ മാറ്റി പണിയണം
അശുദ്ധങ്ങളാകുമോ എന്ന വ്യഥകളൊഴിയണം
കേട്ടുകേൾവിളും പൗരാണിക പ്രമാണങ്ങളും
അതിന്റെ കരുതലുകളും
പൂർവിക പിന്തുടർച്ചകളും
മഹോത്സവങ്ങളും,
ഭൂതപൊലിയാട്ടങ്ങളും,
കുഴിച്ചുമൂടേണ്ട കാഴ്ചവട്ടങ്ങൾ
പാതതെറ്റാതെയെത്തുംവിശ്വാസികളുടെചാവേറുകൾ
ചവിട്ടിമെതിക്കുന്നശ്വഭേരിയിൽ
തകർന്നടിയുന്നയുറുമ്പിൻപ്രയാണങ്ങൾ
പൊക്കിൾചുഴികളെദണ്ണിച്ചകെട്ടകർമ്മങ്ങളിൽ
കുലം മുടിഞ്ഞു പോകുമെന്നുരുകുന്ന പെറ്റമ്മച്ചങ്കുകൾ!
കരിങ്കാറുകൾ പൊട്ടുന്നു
ചിഹ്നം വിളിച്ചലറുന്നു കൊമ്പന്മാർ
അവരുടെ വാനമേഘങ്ങൾ പ്രകമ്പനം കൊള്ളുന്നു
മിന്നൽപിണറുകൾ ധരണിയെമുക്കുന്നു
മാതൃമിഴികളുടെ കടൽ പ്രവാഹങ്ങൾ തുടരുന്നു
കരിനാക്കിനാൽ പിടയുന്ന കഴകങ്ങൾ
നിലയ്ക്കാത്ത തെയ്യ പകർച്ചകൾ..

അഷറഫ് കാളത്തോട്

By ivayana