രചന : കലാ രാജൻ ✍

തനുതളർന്നിങ്ങനെ വിറയുമായ് ഞാനെന്റെ
ജരകളാൽ മൂടി പുതച്ചിരിക്കെ ,
പറയുകയാണു ഞാനീരാത്രിഗന്ധിയോ –
ടവളെന്റെ ദേവതയായിരുന്നു .

അരുതേ തപിച്ചിരുന്നീടുവാനെന്നു നീ
ഒരുമാത്ര കാതിൽ മൊഴിഞ്ഞുവെന്നോ ?
വെറുതെ കിനാവിൽഞാൻകണ്ടതോ നീയെന്റെ
പ്രിയതേ വരികില്ലയെങ്കിലും ഹാ…

നിറനിലാത്താരങ്ങൾതെളിയുന്ന മാനത്ത്
മിഴിനീട്ടിയെണ്ണിയിരിക്കുന്നു ഞാൻ ,
ഒരു താരകമായി നിൽപ്പുവെന്നാലോ നീ :
കനവേ , തിരയുന്നു ഞാനെമ്പാടും .

നറുഗന്ധമേകുന്ന കാറ്റായി നീയെന്റെ
കരളിലീ സ്വാന്തനമേകയാണോ ?
മറന്നുപോയീടുവാനാകുമോ, നീയെന്നെ –
യിവിടെത്തനിച്ചാക്കി പോയെങ്കിലും …

പുനർജ്ജനിച്ചിങ്ങിനിപ്പോരുമോ സ്നേഹമേ
ഒരു തപം നോറ്റു ഞാൻ കാത്തിരുന്നാൽ ?
വരുമോ പ്രണയിനിയായെന്റെ , ഹൃത്തിനെ
പനിനീരിതൾ പോൽ തുടുപ്പിക്കാം ഞാൻ …

By ivayana