രചന : മോഹൻദാസ് എവർഷൈൻ✍

സമയം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. അപ്പോഴും വെയിൽ ഒട്ടും തണുത്തിരുന്നില്ല.
മാറ്റിനി തുടങ്ങാനായി തിയേറ്റർ മാനേജർ വാസവൻ ബെല്ല് കൊടുത്തു.
ആദ്യത്തെ ബെല്ലിന് സ്ലൈടുകൾ ഇട്ടുതുടങ്ങണം, പിന്നെ പരസ്യചിത്രങ്ങൾ, ന്യൂസ്‌ റീൽ അതെല്ലാം കൂടി ഒരു പത്തു മിനിറ്റ്, അല്ലെങ്കിൽ പതിനഞ്ച്, അതിന് ശേഷമെ സിനിമയുടെ പ്രൊജക്ടർ സ്റ്റാർട്ട്‌ ചെയ്യൂ. മൂന്നരയാകുമ്പോൾ കൗണ്ടർ ക്ലോസ് ചെയ്യും. അന്നേരവുമുണ്ട് ഒരു ബെൽ മുഴക്കം.അതാ രീതി.


അവൾ അപ്പോഴും ടിക്കറ്റ് കൗണ്ടറിന്റ വശം ചേർന്ന് നില്ക്കയാണ്. അവളെ അയാൾക്കറിയാം. മുൻപ് സ്ഥിരമായി വരാറില്ലായിരുന്നു. മൂന്നാല് തിയേറ്ററുകൾ നിറഞ്ഞ സദസ്സിൽ ഓടിയിരുന്ന ഇടത്തിപ്പോൾ അവശേഷിക്കുന്നത് ഇത് ഒന്ന് മാത്രമാണ്. ബാക്കിയെല്ലാം കല്യാണമണ്ഡപങ്ങളും, ഷോപ്പിംഗ് കോംപ്ലക്സ് മൊക്കെയായി രൂപവും ഭാവവും മാറി.


ഇവിടെയും പഴയത് പോലെ സിനിമ കാണാൻ ആളുകളുടെ ഒഴുക്കൊന്നുമില്ല. വല്ലപ്പോഴും ഒന്നോ, രണ്ടോ പേര് വരുന്നു. അവർ ടിക്കറ്റുമെടുത്ത് സിഗററ്റും പുകച്ചു കൊണ്ട് അകത്തേക്ക് പ്രവേശിക്കുന്നു. അപ്പോഴും ‘പുകവലി പാടില്ല ‘എന്ന ബോർഡ്‌ നോക്കുകുത്തിപോലെ അവിടെ തൂങ്ങി കിടക്കുന്നത് കാണാം.
അവൾ ഗേറ്റ് കടന്ന് വരുന്ന എല്ലാവരെയും വശ്യമായി തന്നെ നോക്കുന്നുണ്ട്. ഉച്ചവെയിലിൽ അവളുടെ മങ്ങിയ ചിരിയാരും കണ്ടതായി ഭാവിച്ചില്ല.
എങ്കിലും പ്രതീക്ഷ ഒട്ടും കൈവിടാതെ തീയേറ്ററിന്റെ ഗേറ്റിലേക്ക് തന്റെ ഇരയ്ക്കായ് കണ്ണും നട്ട് അവൾ കാത്ത് നിന്നു.


തിയേറ്ററിൽ സ്റ്റാൾ നടത്തുന്ന തോമാച്ചന്റെ അവജ്ഞയോടെയുള്ള നോട്ടം, സൂചിമുനപോലെ അവൾക്ക് നേരെ നീണ്ടപ്പോൾ അവൾ തല തിരിച്ച് കളഞ്ഞു.
‘പിന്നെ ഞാനിപ്പോൾ ടിക്കറ്റ് ക്ലോസ് ചെയ്യും. ഒരു ടിക്കറ്റെടുത്ത് അകത്ത് കയറിയിരിക്ക്, എത്ര നേരമായി ഇങ്ങനെ വെയിലും കൊണ്ട് നിൽക്കുന്നു?.’മാനേജർ അവളോട്‌ ചോദിച്ചു.


അവൾ ദൈന്യമായ് അയാളെ നോക്കി. പിന്നെ കയ്യിലിരുന്ന ചെറിയ പേഴ്‌സ് തുറന്ന് നോക്കിയിട്ട്,കൈമലർത്തി കാണിച്ചു.
‘ഇന്നലെ കിട്ടിയതൊക്കെ തിന്ന് തീർത്ത് കാണും അല്ലെ?’.
‘അതിന് ഇന്നലെ ഞാൻ വന്നില്ലല്ലോ, ഇന്നലെയല്ല, മിനിഞ്ഞാന്നും, അതിന്റെ തലേ ദിവസവും വന്നില്ല. എനിക്ക് നല്ല സുഖമില്ലായിരുന്നു’.
വാസവൻ എന്തോ പിടികിട്ടിയത് പോലെ, തലയാട്ടി,അവളെ നോക്കി ചിരിച്ചു.
അവൾക്ക് നാണം വന്ന പോലെ മുഖം താഴ്ത്തി.


“ഇന്ന് തീരെ ആളില്ല, പടം ഷിഫ്റ്റ് ചെയ്തിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. മിക്കവാറും ഇന്നുതന്നെ ഹോൾഡ്ഓവർ ആകുമെന്ന് തോന്നുന്നു. അങ്ങനെയാണേൽ വല്ല തമിഴ് പടവും വെള്ളിയാഴ്ച്ച വരെ ഗ്യാപ് ഓടിക്കേണ്ടി വരും. നിന്റെ കാര്യവുംകഷ്ടത്തിലാകുമല്ലോ?’.
അവൾ ഒന്നും മിണ്ടാതെ ,ഗേറ്റ് കടന്ന് വരുന്ന മധ്യ വയസ്കനെ ചൂണ്ടയെറിഞ്ഞു. അവളുടെ ശ്രദ്ധ മുഴുവൻ അയാളിൽ ഉടക്കി നിന്നു.


“പടം തുടങ്ങിയിട്ട് ഒത്തിരി നേരമായോ?’മധ്യവയസ്കൻ കൗണ്ടറിൽ നോക്കി ചോദിച്ചു.
‘ഏയ്‌ ഇല്ല. എഴുതികാണിപ്പ് നടക്കുന്നതേയുള്ളൂ ‘. വാസവൻ പറഞ്ഞു.
അയാൾ ടിക്കറ്റെടുത്തു ധൃതിയിൽ അകത്തേക്ക് കയറി പ്പോയി. അയാൾ ഒന്ന് കൂടി ശ്രദ്ധിക്കട്ടെയെന്ന് കരുതി അവൾ കുറച്ച് കൂടി മുന്നോട്ട് നീങ്ങി നിന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
വാസവൻ അവളെ നോക്കി ചോദിച്ചു.
‘അല്ല നിന്റെ പേരെന്തെന്നാ പറഞ്ഞത്?’.
“കവിത….പിന്നെയും മറന്നോ?. അവൾ പരിഭവിച്ചു.
‘കവിത.. കൊള്ളാം വീട്ടുകാർ അറിഞ്ഞിട്ട പേരാണല്ലോ. ഉപമയും, ഉൽപ്രേക്ഷയുമൊക്കെ ഇതിനകം വശം കെട്ടുകാണുമല്ലോ, അത്രയ്ക്ക് കവിതാത്‌മകമായ തൊഴിലാണല്ലോ നീ ഇപ്പൊ ചെയ്യുന്നത്, നിനക്ക് വല്ല തൊണ്ട് തല്ലാനോ, കയറിടാനോ പൊയ്ക്കൂടേ?. ഇതിപ്പോൾ അറാവിലക്ക് അസുഖം വന്ന് ചാകാൻ!’.


എന്തോ അവളെ കാണുമ്പോഴെല്ലാം വാസവന്റെ മനസ്സിൽ ഉയർന്നിരുന്ന ചോദ്യങ്ങളാണ് അതൊക്കെ.പലപ്പോഴും ചോദിക്കാതെ മിഴുങ്ങിയതുമാണ്.
ഉഷ്ണത്താലുരുകിയ വിയർപ്പ് തുള്ളികൾ നീർച്ചാലുകളായി ഒഴുകിയിറങ്ങി അവളുടെ കൊങ്കത്തടങ്ങൾക്കിടയിൽ മറയുന്നത് കണ്ടപ്പോൾ അയാൾ തന്റെ കണ്ണുകളെ വിലക്കി.


‘.ഞാൻ ആദ്യം പോയത് തൊണ്ട് തല്ലാൻ തന്നെയാ. അവിടെ പെരുങ്കുടിക്ക് (മുതലാളി) വല്ലാത്ത അസുഖം. പിന്നെ അയാളേം തൃപ്തി പ്പെടുത്തണം, കഷ്ടപ്പെട്ടു തൊണ്ടും തല്ലണം. ആകെ കിട്ടുന്നതോ തൊണ്ട് തല്ലുന്ന നക്കാപിച്ച കൂലി മാത്രം. അതിലും അയാൾ കള്ളക്കണക്ക് പറഞ്ഞു പറ്റിക്കും.അങ്ങേരുടെ ശല്യം കൂടിയപ്പഴാ അത് നിർത്തിയത് ‘.അവൾ പറഞ്ഞു.


ടിക്കറ്റിന്റെ കണക്കും ട്രെയിലെ കാശുമെണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ അയാൾ തലയുയർത്തി അവളെ നോക്കി.
അവൾ അപ്പോൾ കണ്ണീർ തുടയ്ക്കുന്നത് കണ്ടപ്പോൾ തന്റെ ചോദ്യം അനാവശ്യമായിപ്പോയെന്ന് വാസവന് തോന്നി.
“നീ വിഷമിക്കണ്ട. ഞാൻ വെറുതെ ചോദിച്ചതാ, നിന്നെ കണ്ടാൽ അങ്ങനെയുള്ള പെണ്ണാണെന്ന് തോന്നില്ല, അതാ. അല്ലെങ്കിൽ ആരെല്ലാം ഇവിടെ വന്നു പോകുന്നു. ആരോടും ഒന്നും ചോദിക്കാൻ തോന്നിയില്ലല്ലോ?.ഇതിപ്പോൾ…പോട്ടെ നീ അത് കാര്യമാക്കണ്ട “.


അവൾ കൗണ്ടറിനോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.
‘ഏത് ജോലിക്ക് ചെന്നാലും ചെന്നായ്ക്കൾ മാംസത്തിനായി മുരളുന്നത്, എന്റെ ഉറക്കം പോലും കെടുത്തി തുടങ്ങിയപ്പോഴാണ് ഞാൻ തോറ്റുപോയത് ‘.
അത് പറയുമ്പോൾ അവളുടെ ശബ്ദം ശരിക്കും ഇടറിയിരുന്നു.
“ഞാൻ ടിക്കറ്റ് ക്ലോസ് ചെയ്യട്ടെ, നിന്റെ കയ്യിൽ കാശില്ലെങ്കിൽ ഒരു ടിക്കറ്റ് ഞാൻ കടം തരാം. പിന്നെ കിട്ടുമ്പോൾ തിരികെ തന്നാൽ മതി”. അയാൾ പറഞ്ഞു.
“അതല്ല.. മോന് നാളെ സ്കൂൾഫീസ് അടക്കണം, അതാ സുഖമില്ലാതിരുന്നിട്ടും ഞാൻ.. അവൾ മുഴുമിപ്പിക്കാത നിർത്തിക്കളഞ്ഞു.അച്ഛൻ ആരെന്നറിയില്ലെങ്കിലും, അമ്മ ആരെന്ന് അവനറിയാല്ലോ?’.


അയാൾ ഒരു ടിക്കറ്റ് കീറി അവൾക്ക് നേരെ നീട്ടി.
“ഇല്ല ഞാൻ കയറുന്നില്ല. വെറുതെ വല്ലവനും, തോണ്ടാനും, തടവാനും വന്ന് ശല്യം ചെയ്യും.
അല്ലെങ്കിലും പലരുടെയും ചിത്രപണികൾ ഉടലാകെ നടക്കുമ്പോൾ ഒരു സിനിമയും ഞാൻ ശരിക്കും കണ്ടിട്ടേയില്ല.മാനേജർക്ക് വിശ്വാസമുണ്ടെങ്കിൽ ഒരു നൂറ് രൂപ വായ്പ താ, ബാക്കി അല്പം പൈസ ഞാനും കരുതീട്ടുണ്ട്, മോന്റെ ഫീസ് കൊടുക്കട്ടെ. ഞാൻ പറ്റിക്കില്ല, രണ്ട് ദിവസത്തിനകം തിരികെ തരാം. “
അവളുടെ ചോദ്യവും, സങ്കടവും കണ്ടപ്പോൾ, അല്ലാതെ കവിതയിലെ കാകളിയും, മഞ്ജരിയും കണ്ടിട്ടല്ല, കറന്റ്‌ ചാർജ്ജ് അടക്കാൻ കരുതിയ കാശ് പേഴ്സിലിരുന്ന് തന്നെ സമ്പന്നനാക്കുന്നത് അയാളറിഞ്ഞു.


ഇത് വീട്ടിലെ കറന്റ്‌ ചാർജ്ജ് അടയ്ക്കാനുള്ള കാശാ.. രണ്ട് ദിവസത്തിനകം തിരിച്ചു തരണം. അല്ലെങ്കിൽ ഞാൻ ഇരുട്ടിലാകും.ഞാൻ മാത്രമല്ല വീടാകെ ഇരുട്ടിലാകും
അതുമല്ല വീട്ടുകാരി ഇതെങ്ങാനുമറിഞ്ഞാൽ ഭൂകമ്പം ഉണ്ടാകും.”
അവൾ അത് കേട്ട് അറിയാതെ ചിരിച്ചു പോയി.


“മാനേജര് പേടിക്കണ്ട… ഞാൻ നിങ്ങളെ ഇരുട്ടത്താക്കൂല്ല. വിശ്വസിക്കാം. ഗേറ്റ് അടയ്ക്കുന്നതിന് മുന്നെ ഞാൻ ഇറങ്ങട്ടെ. ഒരുപാട് നന്ദിയുണ്ട്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.’.
അവൾ തൊഴുതുകൊണ്ട് ഇറങ്ങിപോകുന്നത് നോക്കി നിന്നപ്പോൾ , പെണ്ണുടലിനെ ഉത്സവമാക്കുന്ന ഇന്നിന്റെശരിയും തെറ്റും അളക്കുന്ന അളവുകോൽ തിരയുന്ന തിരക്കിലായിരുന്നു അയാളുടെ മനസ്സ്.

By ivayana