രചന : രാജേഷ് കൃഷ്ണ ✍

“എന്താണ് ആലോചിക്കുന്നത്, കുറച്ചു നേരമായല്ലോ മൗനവൃതത്തിൽ”…
ഞാനവളുടെ മുഖത്തേക്ക് നോക്കി….
“ചൈനയിൽ കൊറോണ കൂടിയിട്ടുണ്ടെന്ന് വാർത്തകണ്ടു, കൊറോണ കാരണം വീണ്ടും വീട്ടിൽ അടച്ചിരിക്കേണ്ടി വരുമോ”…
“ഇതു പറയാനാണോ എന്നോടുവരാൻ പറഞ്ഞത് “…
“ഏ… ആ… നമ്മൾ പ്രണയം പങ്കുവെക്കാൻ വന്നതാണല്ലോ അല്ലേ, ക്ഷമിക്കണം ഞാനത് മറന്നു…
സത്യം പറഞ്ഞാൽ ഈ പ്രണയമെന്നത് സുഖമെന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ ദു:ഖമാണ്…
പ്രണയ വിവാഹങ്ങളിൽ പലതും അധികകാലം നീണ്ടുപോകാതെ വേർപിരിയേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നറിയാമോ”…
“എന്തുകൊണ്ടാണ് “…
“പ്രണയിക്കുന്നവരാണ് ഏറ്റവും കൂടുതൽ കളവുകൾ പറയുന്നത്. വിവാഹത്തോടെ എല്ലാ കളവുകളും പൊളിയുന്നു പിന്നെ പിടിച്ചു നിൽക്കാൻ കഴിയാത വേർപിരിയേണ്ടിവരുന്നു…
പ്രണയം അനശ്ശ്വരമാകണമെങ്കിൽ പ്രണയിക്കുന്നവർ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ല. എന്നാൽ വിവാഹം കഴിഞ്ഞവർ ഒരിക്കലും പ്രണയിക്കാറുമില്ല അതാണ് ഏറ്റവും വലിയ തമാശ”….
അവളൊന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിയിരുന്നു..
“പ്രണയം മൃതസഞ്ചീവനിയാണെങ്കിൽ വിരഹം മരണമാണ്. അങ്ങനെ മരിച്ചു ജീവിക്കുന്നവർ എത്രയുണ്ടാകും ഈ ലോകത്ത് “…
“എന്നാൽ ശരി ഞാൻ പോകുന്നു”…
എഴുന്നേറ്റ് പോകാൻ തുനിഞ്ഞവളുടെ കൈപിടിച്ച് ഞാൻ അടുത്തുതന്നെയിരുത്തി…
“എനിക്ക് മരിച്ച് ജീവിക്കാൻ വയ്യ”…
“ഞാൻ ഒരഭിപ്രായം പറഞ്ഞതല്ലേ, അപ്പോഴേക്കും പിണങ്ങിപ്പോയാലോ”…
“ഈയിടെയായി എനിക്ക് നിങ്ങളെ മനസിലാകുന്നില്ല”…
അവൾ തലകുടഞ്ഞു….
“എനിക്കുതന്നെ ചിലപ്പോൾ എന്നെ മനസിലാകാറില്ല പിന്നെയല്ലേ നിനക്ക് “…
ഞാൻ ചിരിച്ചു…
മെല്ലെ മെല്ലെ മൂന്നിലെ കാഴ്ച്ചകൾ മാഞ്ഞുതുടങ്ങി മനസ് എന്നെവിട്ട് അകലേക്ക് പറന്നു…
“വീണ്ടും തുടങ്ങിയോ”…
“എന്ത് “…
“ചിന്ത “….
“ഏയ് ഇല്ല…നമ്മൾ പ്രണയമെന്ന നാടകം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു, അന്ന് ആ ഉത്സവ പറമ്പിലെ ട്യൂബ് ലൈറ്റിൻ്റെ വെളിച്ചത്തിൽ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടുതുടങ്ങിയ ബന്ധം അല്ലേ…
പണ്ടുള്ളവർ പറയാറുണ്ട് രാത്രി ഒരിക്കലും വസ്ത്രമെടുക്കാൻ പോകരുതെന്ന്, കടയിലെ ലൈറ്റിൻ്റെ വെട്ടത്തിൽക്കണ്ട് ഇഷ്ടപ്പെട്ടെടുത്തു വീട്ടിൽക്കൊണ്ടുവന്ന് രാവിലെയെടുത്ത് നോക്കുമ്പോഴാണ് അമളി മനസിലാക്കുക”…
“എന്താ മതിയായോ”…
അവളുടെ നോട്ടം എൻ്റെ മിഴികളും തുരന്ന് ഉള്ളിലെന്തോ തിരയാൻ തുടങ്ങി…
“ഒരിക്കലുമില്ല…ഞാൻ ഓരോ കാര്യങ്ങളിങ്ങനെ…….
ഒന്നും മിണ്ടാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കുന്നതല്ലേ”….
“മനസിലായി “…
“എന്ത് മനസിലായി, എൻ്റെ സമയം ഇപ്പോൾ മോശമാണെന്ന് തോന്നുന്നു. പറയുന്നതും ചെയ്യുന്നതുമെല്ലാം അബദ്ധങ്ങളാണ്…
സമയം മോശമായാൽ ആന കുത്തിയാലും മരിക്കും എന്ന ബനാനാ ടോക്ക് കേട്ടിട്ടുണ്ടോ, എത്ര ശരിയാണത് അല്ലേ”…
“സമയം നല്ലതായാലും ആനകുത്തിയാൽ മരിക്കും”…
അവൾ ചിരിച്ചു…
“ആരു പറഞ്ഞു, ആനകുത്തുമ്പോൾ നല്ല സമയമാണെങ്കിൽ നമ്മൾ രണ്ടു കൊമ്പുകളുടെ നടുവിലങ്ങനെ കിടക്കും…
നിലത്തു കുത്തിയിളക്കി മടുത്ത് പോട്ട് പുല്ലെന്ന് പറഞ്ഞ് ആന എഴുന്നേറ്റ് പോകും”…
അവൾ വീണ്ടും എഴുന്നേറ്റു…
“നീയെവിടെ പോകുന്നു, ഞാൻ ആനപോകുന്ന കാര്യമാ പറഞ്ഞത്…
“എനിക്ക് അത്യാവശ്യമായി തീർക്കേണ്ട കുറച്ചു ജോലികളുണ്ട്, ഒഴിവുകിട്ടുമ്പോൾ വരാം”….
അവൾ നടന്നകലുന്നതും നോക്കി ഞാനിരുന്നു….
ബന്ധങ്ങൾ തുടങ്ങുന്നത് സംസാരത്തിലൂടെയാണെങ്കിൽ അവസാനിക്കുന്നതും സംസാരത്തിലൂടെത്തന്നെയാണ്…
ഇനി കുറച്ചു നാളുകൾ ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി, ഒരബദ്ധമൊക്കെ ഏതു പോലീസുകാരനും പറ്റും…..

By ivayana