രചന : മധു മാവില✍

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
പ്രായമായവർ വൈകീട്ട് വീട്ടിലേക്ക് പോയാൽ രണ്ട് മണിക്കൂറിലധികം നേരം അനാഥമാകുന്ന വായനശാലയുടെ സിമൻ്റ് ബെഞ്ച് അശോകനെയും കാത്തിരിക്കും.. മൂലത്തൂണ് ചാരിയിരുന്ന് കാല് സീറ്റിലേക്ക് നീട്ടിവെച്ച് പത്രം വായിക്കുന്നത് ശീലമാക്കിയവൻ..


രാവിലെ ഒന്നോ രണ്ടോ ആളുകൾ മാത്രം തുറന്ന് നോക്കിയ ദേശാഭിമാനിയും മാതൃഭൂമിയും ഉച്ചക്കാറ്റിൽ
അങ്ങിങ്ങായ് പാറി നടക്കും.
ആരെങ്കിലും വരുന്നത് വരെ ആരോടും ഒന്നും മിണ്ടാനും പറയാനുമില്ലാതെ പത്രങ്ങൾ മേശക്കടിയിലും പുറത്തും മറ്റും അലസമായ് കിടന്നുറങ്ങും..
പുറത്തെ ബെഞ്ചിൽ പണിക്ക് പോകാത്ത ആരെങ്കിലും ഒറ്റക്കിരുന്ന് സ്വപ്നം കാണാൻ എന്നുമുണ്ടാവും.


ഉച്ചവരെയുള്ള പണിയും കഴിഞ്ഞ് ,കുളിച്ചുമാറ്റി നെറ്റിയിൽ കുറി വരഞ്ഞ് വൈകിട്ട് കുന്നിറങ്ങി വരുന്ന അശോകൻ നേരേ വരുന്നത് പത്രം വായിക്കാനാണ്.. വഴിയിൽ കാണുന്നആരോടും കൂടുതൽ സംസാരിക്കില്ല…
വഴിയിൽ ചിലർ എന്തെങ്കിലും ചോദിച്ചതിന് മാത്രം
ചിരിച്ചു കൊണ്ടുത്തരം പറയും…
പിന്നെയും നിസ്സംഗ ഭാവം..
ശാന്തമായ മൗനത്തിൽ നിന്നും മുറിഞ്ഞു വീഴുന്ന ചെറിയ വാക്കുകൾ.
തല കുലുക്കി ഒരു ചിരി… അത്രമാത്രം


ചിലപ്പോൾ വായനശാലയിൽ കയറാതെ തന്നെ റോഡിലൂടെ നടന്നു പോകും..
തിരിച്ചു വരുമ്പോൾ കയറിയിരിക്കും കുറച്ച് നേരം കഴിഞ്ഞ് ഇറങ്ങിപ്പോകും.
അന്ന് രാത്രി എട്ടുമണിയായിട്ടും വേറെ ആരും വായനശാലയിൽ വന്നില്ല..
ഒറ്റക്കിരുന്നു ശീലിച്ച അശോകന് അതൊരു പ്രശ്നമായ് തോന്നിയില്ല.
40 ൻ്റെ മഞ്ഞ ബൾബ് മിന്നാമിന്നി പോലെയായ് വെളിച്ചം കുറഞ്ഞ് വന്നു.
വായനശാലയിലെ പുറത്തെ ബൾബ് മാത്രമേ കുറെക്കാലം ഊരി കൊണ്ടാകാതെ ബാക്കിയാവുകയുള്ളൂ.


ബാക്കി കടകളിലെ വരാന്തയിൽ കത്തുന്ന ബൾബും ഓൾഡറും പിന്നീട് ഏതെങ്കിലും സ്ഥലത്തു് പ്രകാശിക്കുന്നത് സാധാരണമായ ഒരു ദേശത്തിൻ്റെ കഥയിലെ സോഷ്യലിസ്റ്റ് പ്രതിപ്രവർത്തനമാണ്.
വായനശാലയുടെ പുറത്ത് വരാന്തയിലെ സിമൻ്റ് ബെഞ്ചിൽ നീണ്ട് നിവർന്ന് കിടക്കാൻ നല്ല സുഖമാണ്..’ വായനക്കാരില്ലാത്ത നേരങ്ങളിൽ
എത്ര സമയം വേണമെങ്കിലും കിടക്കാം.


പത്രം വായിക്കാൻ കയറുന്നതിനേക്കാൾ ആളുകൾ വായനശാലയിൽ കയറുന്നത് വെറുതെയിരിക്കാനാണ്. പണിയൊന്നും ഇല്ലാത്തവർ ഉച്ചയുറക്കം പലപ്പോയും ഇവിടെയാണ്.. ശാന്തമായ കാറ്റും തണുത്ത സിമൻ്റ് ബെഞ്ചും അലസമായ മനസ്സും പെട്ടന്ന് തന്നെശരീരത്തെ ഉറക്കിക്കോളും.
അങ്ങിനെ അശോകനും ഉറങ്ങിപ്പോയി.


ഒരു പാട് കാലമായ് ചങ്ങാത്തം കൂടിയ
അകത്തെ ഷെൽഫിലെ പുഷ്പനാഥിൻ്റെയും ബാറ്റൺബോസിൻ്റെയും അഗധാ ക്രിസ്റ്റിയുടെയും കഥാപാത്രങ്ങൾ ചുറ്റിലും വന്നിരുന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.


പലതും അശോകന് താൽപര്യമില്ലാത്ത കാര്യങ്ങളായിരുന്നു… കുറെക്കാലമായ് മനുഷ്യർക്ക് പകരം പ്രേതങ്ങളുമായിട്ടാണ്
ചങ്ങാത്തം കൂടുന്നത്. കാരണം
കള്ളം പറയാത്ത പ്രേതങ്ങൾ ചതിക്കില്ലന്ന് കൂടി മനസ്സിലായത് അങ്ങിനെയാണ്.
അന്ന് എന്തോ സംസാരിക്കുന്നതിനിടയിൽ
താൻ കുഴിവെട്ടിയടക്കം ചെയ്ത മാവിലക്കുന്നിലെ ഏതോ ഒരു പ്രേതം ചോദിച്ചു…
ഈ നാട്ടിലുണ്ടായിരുന്ന നേര് മുളക്കുന്ന ചെടികൾ വെട്ടിക്കളഞ്ഞതാരാണ്..?
നേര്കായ്ക്കുന്ന പുതിയചെടികൾ മുളക്കാത്ത തരത്തിൽ മണ്ണിൽ വിഷം കലർത്തിയതാരാണ്…?


ഈ നാട്ടിലെ കാറ്റിന് ചതിയുടെ ഗന്ധമായത് എന്നാണ്.?
പ്രേതങ്ങളെപ്പോലും പേടിയില്ലാത്ത
അശോകൻ ഉത്തരം പറഞ്ഞില്ല.
പറയാൻ പേടിയായിരുന്നു.
ഉത്തരമില്ലാത്ത എത്രയോ ചോദ്യങ്ങൾ
ഗതികിട്ടാതെയലയുന്ന പാടത്ത്..
പ്രേതങ്ങളുടെ ചോദ്യവും ബാക്കിയായ്..
നേരിൻ്റെ തിരിനുള്ളിയെറിഞ്ഞവർ
പാതിരാക്ക് മണിമുട്ടാതെ ഹോമങ്ങളും, നേർച്ചപ്പാട്ടുകളും പാടുന്നത്
കേൾക്കാറുണ്ടന്ന് മരത്തിൻ്റെ മുകളിൽ നിന്നു് ഒരു പ്രേതം വിളിച്ചു പറഞ്ഞതുകേട്ട്
പ്രേതങ്ങളുടെ പൊട്ടിച്ചിരിയായിരുന്നു.


ജീവനുള്ള മനുഷ്യർക്ക് പോലും ചിരിക്കാനാവാത്ത നാട്ടിൽ
പുതിയ കാലത്തിൻ്റെ ചിരികൾ
ഇരുട്ടിലൂടെ പൊട്ടിച്ചിരികൾ അകാശത്തിലേക്കുയർന്നുതാണു.. പിന്നെയും ആളിക്കത്തി.


ഉറക്കം നഷ്ടമായവർ മുറ്റത്തിറങ്ങി കിഴക്കോട്ട് നോക്കി.
മരുവോട്ടെക്കുളവും കൈത്തലക്കുളവും
കണ്ണിമീനിനും കൂടി അവകാശമുള്ളതല്ലേയെന്ന് കുത്തൂട് കുത്തിപ്പിടിച്ച പെൺ കൈച്ചൽ അശോകനോട് മരിക്കുന്നതിന് മുന്നെ ചോദിച്ചതോർമ വന്നു…
പാച്ചൻ്റെ ചൂണ്ടയിൽ നിന്ന് ഭാഗ്യം കൊണ്ട്മാത്രം രക്ഷപ്പെട്ട കൈച്ചലിൻ്റെ ശാപം.? പിറ്റേന്നും ചിരുണ്ടാട്ടൻ്റെ കുളത്തിൻ്റെ കരയിൽ നിലന്തിര കോർത്ത് പലരും മീൻ പിടിക്കാൻ ഉച്ചവരെ കുത്തിയിരുന്നു…


ആരുടെ ചൂണ്ടയിലും ഒരു മീനും കൊത്തിയില്ല. കൈയ്യിൽ നിന്നും ചാടിപ്പോയ ആൺകൈച്ചൽ
പാച്ചൻ്റെ ഉറക്കം കളഞ്ഞു.
തെയ്യം കഴിഞ്ഞ് രാത്രി ചൂട്ടയും കെട്ടി
ഒരു ജാഥയായ് വരുന്നവരുടെ മുന്നിലുള്ള ദാസനോട് ആരോ ചെവിയിൽ പറഞ്ഞു.
എല്ലാവരും പിന്നാലെ വേഗം വരിക.
ചൂട്ടാടിലെ പാതി കത്തിയ നേരിൻ്റെ തീക്കൊള്ളികൾ നിങ്ങൾക്കായ് കാത്തിരിക്കുകയാണ്…


മരിക്കാനിഷ്ടമില്ലാത്തവരെ പേടിപ്പിച്ച് കൊന്നതിന്…
ഒരുമുളം കയറിൽ തൂങ്ങിയാടുന്നവരെ കെട്ടഴിച്ച് കിടത്തികൊന്നതിന്..!
ജീവിച്ച് കണ്ണടയാത്തവരെ കുഴിച്ചിട്ടതിന് ! കുഴിച്ചിടുന്ന രാത്രിയിൽ പോലും തമാശ പറഞ്ഞ് , കുഴിപ്പുറത്ത് വെച്ച് അവിലും തേങ്ങയും വെല്ലക്കാപ്പിയും കുടിച്ച് പൊട്ടിച്ചിരിച്ചവരെ കാത്തിരിക്കുകയാണ്.
പാതി കത്താത്ത നേരിൻ്റെ തീക്കൊള്ളികൾ…..
വേഗം വരിക.


ഇന്നലെ അടിയന്തിരത്തിന് ബലിയെടുക്കാൻവന്ന
ഒറ്റക്കണ്ണൻ കാക്കയാണ് കോമരത്തിനോട് പറഞ്ഞത്.
പ്രേതങ്ങളോളം ആത്മാർത്ഥമായി പ്രണയിക്കുന്നവർ
വേറെയാരുമില്ലന്ന് .
പ്രേതങ്ങൾക്ക് ജാതിയില്ലാത്ത കൊടിമരങ്ങളുണ്ട് .
രൂപങ്ങളില്ലാത്ത കൊടിനിറങ്ങളുണ്ട് .


സത്യം മാത്രം തെളിഞ്ഞ് കാണുന്ന വെള്ളിക്കണ്ണുകളുണ്ട്.
ഏതിരുട്ടിലും മുളക്കുന്ന നേരിൻ്റെ വിത്തുകൾക്ക് വെള്ളം നനക്കുന്നത്
മാവിലക്കുന്നിലെ പ്രേതങ്ങളാണ്.
നന്മയുടെ തണൽ പടമരമായ് പന്തലിട്ട ഇതിഹാസകഥകൾ കിരീടമാക്കിയ തലപ്പാവുകളുണ്ടായിട്ടും
മാവിലക്കുന്നിൽ നേര് കായ്ക്കുന്ന ചെടികൾ വളരാത്തത് എന്തുകൊണ്ടാണ്.?
പ്രേതങ്ങളുടെ ചോദ്യത്തിന് ഉത്തരം
പറയാൻ കൂട്ടുപ്രതികളായ എല്ലാവർക്കും പേടിയായിരുന്നു…
സെക്കൻ്റ് ഷോയും കഴിഞ്ഞ് നടന്നു വരുന്ന ചിലർ വന്ന് തട്ടി വിളിച്ചപ്പോളാണ്
പാതിരാ കഴിഞ്ഞത് അറിയുന്നത്…
ഉറങ്ങിപ്പോയിരിക്കുന്നു…


സ്വപ്നമാണോന്നറിയാൻ ചുറ്റിലും നോക്കി.. പ്രേതങ്ങൾ എല്ലാം ഒളിച്ചുകളഞ്ഞു.
ലുങ്കി ശരിക്കുടുത്ത് എണീറ്റു.. സിമൻ്റ് ബഞ്ചിൽ കിടന്നതിൻ്റെ
തരിപ്പ് പുറംഭാഗത്തുണ്ടായിരുന്നു.
ഇരുട്ടിന് എല്ലാ വേദനയും മറയ്ക്കാനുളള്ള കറുത്തനിറം കൊടുത്തത് നന്നായി.
അശോകൻ വീട്ടിലേക്ക് നടന്നു.

മധു മാവില

By ivayana