രചന : ബിനു. ആർ. ✍

ചുമരുകളിൽ വെള്ളയടിച്ചിരിക്കുന്ന വരകളിലെ നീല നിറം നോക്കി കുട്ടി കിടന്നു. വെളുപ്പ് സാന്ത്വനത്തിന്റെ ഓർമകളായിരുന്നു സാന്ത്വനം അമ്മയുടെ വാക്കുകളിലുമായിരുന്നു. വാക്ക് അമ്മയോടൊപ്പം ദൂരെ എവിടെയോ ആയിരുന്നു.
കുട്ടിയുടെ കണ്ണുകളിൽ വിഷാദത്തിന്റെ നീലാഞ്ജനം.
ഇന്നലെ വൈകുന്നേരം കടപ്പുറത്തുകൂടി നടക്കുമ്പോൾ അച്ഛൻ ചോദിച്ചിരുന്നു,
മോൾക്ക് അമ്മയെ കാണണ്ടേ..?


വേണം എന്ന് കുട്ടിക്ക് പറയണമെന്നുണ്ടായിരുന്നു. വേണ്ട എന്ന് എങ്ങനെ പറയണമെന്നറിയില്ലായിരുന്നു. അച്ഛന്റെ കണ്ണുകളിലേക്ക് നോക്കാൻ കുട്ടി ഭയന്നു. അമ്മയെക്കുറിച്ചു ചോദിക്കുമ്പോൾ, അച്ഛന്റെ മറുപടിക്കവസാനം ദേഷ്യം നുരയുന്നത് കുട്ടി പലപ്പോഴും കണ്ടിട്ടുണ്ട്.


കുട്ടി കവിളിൽ കൈകളൊതുക്കി തിരിഞ്ഞു കിടന്നു. ജനലിലൂടെ ആകാശത്തേക്ക് നോക്കുമ്പോൾ, ആകാശത്തിലെ ചുവന്നനിറത്തിലെ വെളുത്തമേഘങ്ങൾ അമ്മയുടെ രൂപം വന്നതായി കുട്ടിക്ക് തോന്നി. നനുത്തപ്രഭാതത്തിന്റെ കുളിർമ്മ ഇടുങ്ങിയ ജനലിനിടയിലൂടെ കുട്ടിയെ വന്നു പുൽകി.


കുട്ടിച്ചോദിച്ചു :- എനിക്കമ്മയെ കാട്ടി തരുമോ..
മൗനം കുട്ടിക്ക് ചുറ്റും പറന്നു നടന്നു. കുളിർമ്മ ഒരുചെറുകാറ്റായി പുറത്തേക്കുപോയി. അവൾക്ക് കരച്ചിൽ വന്നു. കുട്ടിയെ എടുത്തുനിൽക്കുന്ന അമ്മയുടെ ചിത്രം ഒരിക്കൽ അച്ഛന്റെ പേഴ്സിൽ കണ്ടിട്ടുണ്ട്. അന്ന് അമ്മയോട് ചോദിച്ചു…
‘എന്തേ അമ്മേ പൊടിമോളെ കാണാൻ വരാത്തെ…’


അമ്മയോട് വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് അച്ഛൻ വന്നത്. കണ്ടില്ലാരുന്നു. അച്ഛനത് പിടിച്ചു വാങ്ങി. പിന്നെ മുഖത്ത് നിറയേ കുറുമ്പ് നിറച്ചു, അച്ഛന്റെ മുഖത്ത് ദേഷ്യത്തോടൊപ്പം മൗനവും കനച്ചുകിടന്നു. പിന്നെ മുരണ്ടു.
‘ഇനി ഇത് എടുക്കരുത്. ‘


ഏകാന്തത പൊടിമോൾക്കു ചുറ്റും എപ്പോഴും തത്തിക്കളിച്ചു. അച്ഛൻ രാവിലേ ഇറങ്ങിപ്പോകും. ചിലപ്പോൾ, മോൾ ഉറങ്ങിയതിനു ശേഷമാകും വരുന്നത്.
അതിനുള്ളിൽ, അച്ചമ്മയാണ് മോൾക്ക് വേണ്ടതെല്ലാം തരുന്നത്. പെയേഴ്‌സ് സോപ്പിട്ട് കുളിപ്പിച്ച്, കണ്ണെരിയുമെങ്കിലും നീട്ടി വാലിട്ട്… കണ്ണെഴുതുന്നതും മുഖത്തൊക്കെ പൗഡറും ഇട്ട്, നല്ല ഉടുപ്പൊക്കെ ഇട്ടു തരുന്നതും അച്ചമ്മയാണ്.
അച്ഛമ്മ എപ്പോഴും അച്ഛനെ വഴക്കു പറയുന്നതും കേൾക്കാം.


‘ഒരു ജോലിയുണ്ടെങ്കിൽ ആരും കുട്ടിയെ നോക്കുന്നില്ലേ ‘.
‘അതെങ്ങനെ, അവളോട് ലീവെടുക്കാൻ പറയുമ്പോൾ മുഖം കറുക്കും. ‘
അച്ഛന്റെ ഒച്ച മുരൾച്ചപോലെ. അമ്മയെക്കുറിച്ചു പറയുമ്പോഴെല്ലാം അച്ഛൻ അങ്ങിനെയാണ്.


‘ എന്നാൽ നീ അവളുടെ ജോലി സ്ഥലത്ത് ഒരു വീട് വാടകക്കെടുക്കു. ‘
അച്ഛമ്മയുടെ വാക്കുകളിലെ കർക്കശ്യം..
‘ അപ്പോൾ ഞാൻ യാത്ര ചെയ്യണമെന്ന് അല്ലേ. ‘
‘ ഒന്നുമല്ലെങ്കിലും നീ ആണല്ലേ. ‘
‘ അതുകൊണ്ട് ‘..
ദേഷ്യം വരുമ്പോൾ അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ പേടിയാകും.
പൊടിമോൾ, വാതിൽക്കലേക്ക് നോക്കി തിരിഞ്ഞു കിടന്നു.
ഇപ്പോൾ അച്ഛമ്മയുടെ ശബ്ദം കേൾക്കുന്നില്ല. അച്ഛൻ കുളിക്കാനോ മറ്റോ പോയിക്കാണും. അച്ഛമ്മ തനിക്കുള്ള പാൽ ചൂടാക്കുകയാകും.
പിന്നെയും അച്ഛമ്മയുടെ ശബ്ദം.
‘ ഇന്ന് നീ പോയി അവളെ വിളിച്ചുകൊണ്ടു വരണം. ‘
അച്ഛൻ കുളികഴിഞ്ഞു വരണുണ്ടാവും.
അച്ഛന്റെ പരിഭവത്തിൽ പൊതിഞ്ഞ ശബ്ദം.


‘ ഞാൻ പലപ്പോഴും അവളെ വിളിച്ചു കൊണ്ടു വന്നിട്ടുള്ളതല്ലേ. അവൾക്ക് ജോലിയാണ് മുഖ്യമെന്ന് പറഞ്ഞിട്ടുള്ളത് അമ്മയും കേട്ടിട്ടുള്ളതല്ലേ.. ‘
‘എന്തായാലും കൊള്ളാം, നിങ്ങളുടെ വാശിപ്പുറത്ത് ആ കുരുന്നിന്റെ ജീവിതമാണ് നഷ്ടപ്പെടുന്നത്, അത് നിങ്ങൾക്ക് രണ്ടുപേർക്കും ഓർമ്മ വേണം. ഇങ്ങനെയെങ്കിൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും.. ‘
അതുകേട്ടപ്പോൾ കുട്ടിക്ക് ഉത്സാഹമായി.
പൊടിമോൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.
കുട്ടി അച്ഛൻ കേൾക്കാതെയെന്നപോലെ വിളിച്ചൂ,
‘അച്ചമ്മേ ‘.


പൊടിമോളുടെ വിളി കേട്ടെന്നതുപോലെ, അച്ഛമ്മ പാലുമായി മുറിയിലേക്ക് വന്നു. സ്നേഹത്തിന്റെ പഞ്ചാര അതിൽ കലക്കിയിട്ടുണ്ടാകും. അച്ഛമ്മയുടെ വാക്കുകളിലും പെരുമാറ്റത്തിലും നിറയേ സ്നേഹമാണ്.
‘ങ്‌ ഹാ മോളെഴുന്നേറ്റോ ‘.
അടുത്തുവന്ന അച്ഛമ്മ മോളേ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു പഞ്ചാരയുമ്മ തന്നു. പിന്നെ പാൽ ഗ്ലാസ്സ് ചുണ്ടോടു ചേർത്തുവച്ചു കൊണ്ടു പറഞ്ഞു.
‘ അച്ഛമ്മ നന്നായി ആറ്റിയിട്ടുണ്ട്. മോള് കുടിച്ചോ. ‘
ചെറു ചൂടുണ്ടായിട്ടും മോളത് കുടിച്ചു തീർത്തു, നാവുകൊണ്ട് ചുണ്ടത്തിരുന്ന പാലെല്ലാം വടിച്ചെടുത്തു.


അച്ഛമ്മയോടൊപ്പം അടുക്കളയിലേക്ക് നടക്കുമ്പോൾ കുട്ടി ആരും കേൾക്കാതെ പറഞ്ഞു, ‘അമ്മ വരുമായിരിക്കും. ‘ കുട്ടിയുടെ സന്തോഷം അച്ഛമ്മയുടെ വിരൽത്തുമ്പിലെ സാന്ത്വനമായിരുന്നു.

By ivayana