രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍

കൂവളയില ഒന്ന് രണ്ടെണ്ണം ചവച്ച്
മാണിക്ക്യപ്പാഠം തന്ന , ചളി പറ്റിയ കയ്യും ,
കാലും
ഒന്ന് കഴുകാൻ
ഞാൻ
തറവാടിനടുത്തേ അരകുളത്തിലേക്കു നീങ്ങി…
…മഴയില്ലാത്ത വേനൽക്കാലം..
ഒരു അതിശയം തോന്നി.
മാണിക്ക്യപ്പാടം വേനലിലും ഇരുട്ട് കുത്തി പെയ്യാറാണല്ലോ പതിവ്.
…..ഊറ്റം ഉള്ള
പ്രകൃതി
പതിവ് തെറ്റിച്ചു…
ഇത്തിരി വെയില് തന്നു.
എനിക്ക് കുറച്ചു നേരം ചെറുവരബോടിൽ ആണെന്ന് തോന്നി.
നെറ്റിയൊക്കെ വിയർത്തു.
ശരീരത്തിൽ വിയർപ്പുകണികകൾ
ഏതേതാ മുൻപേ പറഞ്ഞു ചാലുകൾ ഉണ്ടാക്കി
മത്സരിച്ചു താഴോട്ടു ഒഴുകിത്തുടങ്ങി.
കുളപ്പുരയിലെ പോത്തങ്ങ എടുത്തു തേച്ചു കുളിച്ചിട്ടെന്നെ കാര്യം…
സോപ്പ് 501ബാർ അവിടെ കാണുമല്ലോ…
മനസ് പറഞ്ഞു.
…..ആക്കാലത്ത്
ആ സോപ്പ്
ജനങ്ങളെ കയ്യിലെടുത്തു.
പതഞ്ഞു…പതഞ്ഞു ആൾക്കാരുടെ തൊലിക്കു അത്
സൗന്ദര്യംകൂട്ടി.
… എന്റെ
മെല്ലേയുള്ള ,
വീടിന്റെ പിന്നാലെ തൊടിയിലൂടെ ഉള്ള നടത്തം
മിനുട്ട് ഒന്ന് കൊണ്ട് അരകുളത്തെത്തിച്ചു.
…..നടത്തത്തിനിടയിൽ തൊടിയിലേ
ചില ചമയങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
….കാച്ചു നിൽക്കുന്ന പന ഇളനീരും ,
പനക്കൂംമ്പും ,
പപ്പായയും ,
അതിൽപ്പെടും.
ചെറുവരമ്പോട് ഇതൊന്നും അത്ര ഇല്ല.
പന കുറവാ അവിടെ.
അതിൽ ദുഃക്കോണ്ട്.
കരിമ്പനകളുടെ നാടല്ലേ തോന്നിപ്പോവും.
….ഇതിനൊക്കെപ്പുറമെ മാണിക്ക്യപ്പാടത്തെ പ്രസിദ്ധമായ
മാനം മുട്ടെ ഉള്ള വാഴകൾ എന്നേ ഭ്രമിപ്പിച്ചിട്ടുണ്ട്… എക്കാലത്തും.
വാഴ അവിടെ മാത്രേ അത്ര ഉയരത്തിൽ വളരുള്ളു…
ആകാശത്തു
മഴ ഒഴിഞ്ഞ നേരമില്ലല്ലോ.
…..മാണിക്ക്യപ്പാട ഭൂമി രണ്ടും കയ്യും നീട്ടി മഴയെ സ്വീകരിച്ചു.
പ്രാകീലാ…ന്നു ചുരുക്കം.
ആകാശത്തിൽ നിന്നു വീഴുന്ന
ഒരോ തുള്ളിയും
അവർ ഓമനിച്ചു കയ്യിലെടുത്തു.
പ്രകൃതിയെ അവർ ഈശ്വരനായിക്കണ്ടു.
…. നോക്കിക്കോ ,
ഇത്ര മഴ ചെറുവരമ്പോടാണേൽ ഞാൻ അടക്കം ഉള്ള ജനങ്ങൾ
മഴയെ
പ്രാകി കൊന്നേനെ.
പക്ഷെ ,
ഇവിടെ മഴയില്ലാതെ ജനങ്ങൾ
കൊടുമ്പാപി കെട്ടിവലിക്കലാ ജോലി….
…മെയ്‌ മാസമൊക്കെ.
പ്രാകലും… തൊഴലും , അനുസ്യുതം തുടർന്നു രണ്ട് നാട്ടിലും.
…..ഗുരുദേവൻ ബസ്സിൽ പട്ടണത്തിലെ
മുരുഗൻ തെരുവിലെ കച്ചോടക്കാരൻ അബ്ദുള്ള
നിത്യവും ,
മാണിക്ക്യപ്പാടം വരുന്നത് ,
ഈ മാനം മുട്ടെ
ഉള്ള വാഴയിലെ
നീളൻ ഇലക്കു വേണ്ടിയാ.
ഇലക്കു പട്ടണത്തിൽ നല്ല മാർക്കറ്റാ.
….”ബിസിനസ്‌ മാഗ്‌നറ്റ് അബ്ദുള്ള”
ഉണിത്തിരി അമ്പലത്തിൽ എന്നും ഭക്തർ തൊഴുകുമ്പോലെ
ഈ വാഴകളെ
നിത്യം തൊഴുതു
ഇല മുറിക്കും.
മുറ തെറ്റാതെ ഉള്ള അന്നത്തിനുള്ള വഴി അല്ലേ..,
ഓരോ കർമ്മവും.
…..വാഴയുടെ കൈ വെട്ടി അബ്ദുള്ള ജീവിക്കുന്നു.
എല്ലാം കഞ്ഞിക്കുരുവിനു വേണ്ടി.
….ഞാൻ കഥ എഴുതി കുറച്ചു പേരെയെങ്കിലും ഭ്രമിപ്പിക്കുന്നു.
ശരിയല്ലേ…
….ഒത്തു വന്നില്ലേൽ പറയണം…
തിരുത്തി വലിയ ശരിയിലേക്ക് പോണ്ടതല്ലേ.
…..ഈ നീളൻ വാഴകൾക്ക്
കുല കുറവാണ്.
കായ കുറവ് ,
വാഴ ,
ഇലയിൽ പരിഹരിച്ചു.
വാഴ മര്യാദ ചെയ്തു.
വാഴ ,
മൂട്ടിലിട്ട വളത്തിന്നു പകരമായി
ഇല തന്നു
യജമാനെ പ്രീതിപ്പെടുത്തി.
…..പ്രീതിപ്പെടുത്തൽ ഇവിടെയും ഉണ്ട്.
അല്ല ,
എവിടെ ഇല്ലാത്തത്…?
പ്രീതിപ്പെടുത്തി പണം തട്ടുന്നു പലരും.
വഞ്ചിക്കുന്നു…
അതും ഒരു ചിന്തയാണ്.
മനസ്സിൽ വേവെടുക്കുന്ന ചിന്ത…!
ആറടി നീളമുള്ള ഇലകൾ വാങ്ങാൻ മാണിക്ക്യപ്പാടത്ത് മാപ്പിളമാർ
കൊല്ലം…കൊല്ലം കൂടി വന്നു.
മാണിക്ക്യപ്പാടം അബ്ദുള്ളയെ മാത്രം നിർത്തി
കരാർ കൊടുത്തു.
ആയിരത്തോളം ഇലകൾ വണ്ടികളിൽ കേറ്റിപ്പോയി.
അബ്ദുള്ള കാശുകാരനായി.
കൂടെ ,
മാണിക്ക്യപ്പാടവും.
മാണിക്ക്യപ്പാട്ടം അബ്ദുള്ള ആയുള്ള കൂട്ട് കച്ചോടം വർഷങ്ങൾക്കു മുൻപ്
കാരണവന്മ്മാർ തുടങ്ങി വെച്ചതാ..
കാരണവന്മ്മാർ ഒക്കെ മൺമറഞ്ഞെങ്കിലും അബ്ദുള്ള കട്ടക്ക് നിന്നു…
ആ രഹസ്യം ഞാൻ ചൂഴ്ന്നറിഞ്ഞു.
നിത്യവും കുടിക്കുന്ന ആട്ടിൻ സൂപ്പാ അബ്ദുള്ളയുടെ ആരോഗ്യ രഹസ്യം.
അയാളുടെ ബീവി അത് കഴിച്ചിട്ടെ കളത്തിലേക്കു വിടൂ..
കളം പോയി വന്നാൽ മടിക്കുത്തിലെ കാശ് അപ്പടി വാങ്ങി
ബീവി അലമാരയിൽ വെച്ചു പൂട്ടും.
എന്തൊരു ചിട്ട…
“വരച്ചവര “….എന്ന് ഇതിനൊക്കെയാ പറയാ..
എന്തായാലും എന്നേ അതിനു കിട്ടില്ല…
എനിക്കൊരു അബ്ദുള്ള ആവണ്ട…
ഒക്കെ വെറുതെ ട്ടോ…
….കാര്യത്തിനു അടുക്കുമ്പോൾ എല്ലാരും
അബ്ദുള്ള ആവും..
അതല്ലേ ജീവിതം…!
ഞാൻ നേരത്തെ പറഞ്ഞ adjustment.
….ഞാൻ മനസ്സ് മാറ്റുന്നു.
അബ്ദുള്ളയുടെ ബീവിക്കു നൂറു മാർക്ക് കൊടുക്കുന്നു.
മാഷാ …അല്ലാഹ്
പറഞ്ഞു ഞാൻ നബിയെ സ്തുതിക്കുന്നു.
വാഴയിലെ ,
കായ കുറവ് ഉണ്ടേലും ,
ഒന്നിനൊന്നു കുറവ് മാണിക്ക്യപ്പാഠം എന്തെങ്കിലും കൊണ്ട് കുറവ് നികത്തും.
…ഞാൻ അത് കണ്ടു താമര അറിയാതെ മൂക്കത്ത് വിരൽ വെക്കും.
അന്താളിക്കും..!
….പഹയൻ ഇതൊക്കെ അറിഞ്ഞാൽ പാടാ…
അവൻ അത് മുതലാക്കി
ഏളുതം കൊണ്ട്
ചെവി തിന്നും..
ചെവി മാത്രോ…,
എന്നേം തിന്നും..
ആ ഇനമാ താമര
എന്ന അവൻ.
….ഉള്ളിൽ വിഷം കൊണ്ട് നടക്കുന്ന താമര…
ഉഭയജീവി…
വികട കവി..
ചില പൂരപ്പാട്ടും പറഞ്ഞു ഞാൻ
അരകുളത്തിലെ വെള്ളത്തിലേക്കു ആഞ്ഞു തുപ്പി…
…..കഫം നിറഞ്ഞ ആ തുപ്പലിനെ മാറ്റി , വെള്ളത്തെ കൈകൊണ്ട് വകയെടുത്തു…,
ഞാൻ ഒരു
മുങ്ങൽ മുങ്ങി…
വെള്ളത്തെ പേടി ആയതു കൊണ്ട് നീന്താൻ മുതിർന്നില്ല.
നീന്തലറിയില്ല അതാ സത്യം.
ഒന്നും അറിയില്ല അതാ വാസ്തവം..
ഇതൊക്കെ കണ്ടു ഞാൻ ചെറുവരബോടിനെ ഓർത്ത് ചിരിയും , സങ്കടവും വന്നു.
മാണിക്ക്യപ്പാടത്തെ തൊടി ചമയങ്ങൾ മനസ്സിൽ നിന്നു മായുന്നില്ല…
എന്താ ഒരു
അഭിവൃധി…!
ഈശ്വരൻ
കണ്ടറിഞ്ഞു കൊടുത്തു.
പറയേച്ചാൽ…….
ചെറുവരബോട് ആകെ ഉള്ളത്
മാളിക വീടുകളാ…
ആകാശം മുട്ടെ ഉയരത്തിൽ അവ ഒക്കെ ഉയർന്നു നിന്നു.
കടത്തിലോ കെണിയിലോ ഉണ്ടാക്കിയ പണം കൊണ്ട്
കെട്ടിപ്പൊക്കി കാരണവന്മ്മാർ കുടുംബ മഹിമ കൂട്ടി.
അന്നത്തിനു താങ്ങ് മാണിക്ക്യപ്പാഠം , മച്ചാട് ഒക്കെ ആയി.
….അന്നം പണം കൊടുത്തു വാങ്ങി
ചില സമയത്ത്
കുറച്ചു പേരെങ്കിലും..
…..ചെറുവരബോട് ആകെ ഉള്ളത് പറയാൻ കുറച്ചു നെല്ലും ,
അവരവരുടെ തൊടിയിലെ ചമയങ്ങളുമാ.
പിന്നെ പഞ്ചായത്ത് ഉണ്ടാക്കിയ കുറച്ചു
കുളങ്ങളും …
തേച്ചു കുളിച്ചു കഴിയാൻ അവിടെപ്പോലെ മിടുക്ക് ആർക്കുമില്ല.
ഓരോ ഇനങ്ങളെ.. ഞാൻ അടക്കം ട്ടോ.
…. അങ്ങനെ , അതിശയത്തോടെ മാണിക്ക്യത്തറവാട്ടെ ചമയങ്ങൾ കണ്ടു ഞാൻ അരകുളത്തിനു അരികത്തേക്കു നീങ്ങി.
….രക്ഷയില്ല ,
വൃത്തി , വെടുപ്പ് ഒക്കെ ഉണ്ടെങ്കിലേ
മാണ്ണിക്ക്യപ്പാടത്തെ കാരണവർ വർഗ്ഗങ്ങൾ വടക്കിനിയിൽ ഇലയിടു.
അതെനിക്ക് അസ്സലായി അറിയാം.
അതാ അരകുളത്തെ
ഞാൻ സമീപിച്ചത്.
വൃത്തിയായി കഴുകാലോ ന്ന ചിന്ത.
….ഇല്ലേലും ഞാൻ കുളിക്കാൻ തയ്യാറാണ്…
ചെറുവരബോടിൽ ആയാലും ,
മഴക്കാറ് മൂടി
സാന്ദ്രത കൂടിയ അന്തരീക്ഷം ,
എന്നേ കുളിക്കാൻ പ്രേരിപ്പിക്കും..
വിയർത്ത ദേഹം ആകെ ഒട്ടും.
കൂടെ ,
വിയർപ്പു നാറ്റവും.
കൂടിയ വിയർപ്പ്
ഉപ്പു വിൽക്കാനായി കക്ഷങ്ങളിൽ
ഉപ്പു പാടം സൃഷ്ട്ടിക്കും.
ഉപ്പു പകർന്നു വസ്ത്രങ്ങളിലോക്കെ
വട്ടം…വട്ടം സൃഷ്ട്ടിക്കും.
….ഒരു ദിവസം രണ്ട് ജോഡി വസ്ത്രങ്ങൾ പതിവാക്കി.
മഴേത്തും….
വെയിലത്തും
മാറി മാറി ഇട്ടു.
കുളി തുടർന്നു…
കിണറ്റിന് കരയിലും..
കുളത്തിലും.
….ദിവസം മൂന്ന് കുളി അത് പതിവുണ്ട് ചുക്കിനിപ്പറമ്പിലും.
ഇടയ്ക്കു എനിക്ക് വൃത്തി കൂടും…
ഒന്നാലോചിച്ചാൽ മെനകെട്ട പണിയാ ഈ കുളി.
പക്ഷെ ,
ഒരു കാക്കക്കുളിയെങ്കിലും ഞാൻ നടത്തും..
ശരീരത്തിലെ
ചെളി കളയും…
….എന്നിട്ടും , മനസ്സിലെ അശ്രീകരം പോയിട്ടുണ്ടാവില്ല.
പോരാ…ഞാൻ ന്നു തോന്നിയിട്ടുണ്ട്…പലപ്പോഴും..
ഇങ്ങനെ ആവണ്ടവനല്ലാ എന്നും…
സ്വാർത്ഥത വില്ലനായി എപ്പോഴും എത്തും.
മാനസികമായും ,
കായികമായും ഞാൻ അപ്പോൾ തളരും.
….വേനൽ ആയതു കൊണ്ട് അരകുളത്തു
ഇത്തിരി വെള്ളത്തിന്റെ കുറവുണ്ട്.
ആഫ്രിക്കൻ പായൽ
ആരോടൊക്കയോ വാശി തീർക്കുമ്പോലെ കുളമാകെ വളർന്നിരിക്കുന്നു.
….പായലിനെന്തു അരകുളം…
അത് വളരും..
കള ആയി മനുഷ്യനെ ബുദ്ധിമുട്ടിക്കും..
സമൂഹത്തിൽ നാം കാണുന്ന ചില ഇത്തിക്കണ്ണികളെപ്പോലെ…
എന്താ എന്റെ ഉപമ ശരി ആയില്ലേ…
അതൊക്കെ
പിഴുതെറിയാൻ സമയം അതിക്രമിച്ചിരിക്കുന്നു…
“Within no time” അതൊക്കെ കുഴിച്ചു മൂടണം..
പിന്നെ അത് നാമ്പെടുക്കരുത്…
മുളക്കാൻ വിടരുത് എന്നർത്ഥം.
മുളയിലേ നുള്ളൽ
എന്നൊക്കെ പഴേ കളി..
അതൊന്നും ഇപ്പൊ ചിലവാവില്ല.
മനസ്സിലായോ…
…. അരകുളത്തു വെള്ളം കുറവുണ്ടേലും കടവിലേക്കു ഇറങ്ങി പായലുകൾ മാറ്റി
ഡ്രസ്സ്‌ അഴിച്ചു മുട്ടറ്റമുള്ള തോർത്തുമുണ്ട് ഉടുത്തു ഞാൻ കുളത്തെ ഒന്ന് പുണർന്നു…
… പെട്ടെന്ന്
വെള്ളം മൂക്കിലും , വായിലും കേറി..
ശ്വാസം മുട്ടുമ്പോലെ തോന്നി..
വെള്ളം
നെഞ്ചകം
ഉന്നം വെച്ചു
അലയടിച്ചു വന്നു..
കുളത്തിലും അലയോ…
ഞാൻ ചിന്തിച്ചു.
….എന്നിട്ടും ,
നല്ല രസം..
വെള്ളം സ്ഫടികം പോലെ..
തണുപ്പും ഉണ്ട്..
ആദ്യം കുളിരുന്നു തോന്നിയെങ്കിലും ,
പിന്നെപ്പിന്നെ അത്
Ok ആയി.
ആ ഉച്ചയിൽ
ഉണ്ടായ
അരകുളത്തെ പുണരൽ
ഒരു വിസ്തരിച്ചുള്ള കുളിയിൽ അവസാനിച്ചു.
ഉച്ചയായതു കൊണ്ട് കടവിൽ ആരും ഉണ്ടാർന്നില്ല.
…..തോർത്തു മാത്രം ഉടുത്ത
“അർധ നഗ്നക്കുളി” അവസാനിച്ചപ്പോൾ നാണം തോന്നി.
ആരെങ്കിലും കണ്ടോ എന്ന്…
അപ്പോത്തന്നെ തോന്നി പെൺജാതി അല്ലല്ലോ… ന്നും…
ആണുങ്ങൾക്ക് സുഖാ… കുളത്തിൽ കുളിക്കാൻ ഒരു മുണ്ട് മതിയല്ലോ…
….ആടയാഭരണങ്ങൾ അഴിച്ചു വെച്ചാലും ആണിനെ കാണാൻ നല്ല ചന്തമാണ്…
സ്ഥൂല ശരീരമെങ്കിൽ ഒന്നൂടി.
ഒരു തോർത്തുമുണ്ടിലും ആൺ ശരീരം
നയന സുഖമാണ്.
പെണ്ണിന് ഒരു മറ കൂടിയേ തീരു.
മറ കൂടുന്തോറും
പെൺ സൗന്ദര്യം കൂടും.
അതാ അതിലെ കിടപ്പ്.
….ഇതൊക്കെ കാഴ്ചയിൽ
കണ്ട് മനസ്സിലാക്കിയതാണ്.
പിന്നെ ,
അമ്പലത്തിൽ ഒക്കെ കാണുന്ന
രൂപ ഭംഗികൾ മറയില്ലാതെ കൊടുത്തിട്ടുണ്ടാവും.
കൃഷ്ണ ഭഗവാൻ ഗോപസ്ത്രീകളുമൊക്കെ ആയി
കാളിന്ദിയിൽ ഒരു കുളി പാസാക്കി..നിൽക്കുന്ന
അങ്ങനെ ഉള്ള ബിംബങ്ങൾ..
ആൺജാതി…
പെൺജാതി എന്നില്ലല്ലോ..അവിടെ.
ദൈവം മനുഷ്യനെ മനുഷ്യനായി കാണുന്ന ഇടമല്ലേ പ്രാർത്ഥനാലയങ്ങൾ.
മാണ്ണിക്യപ്പാടത്തെ മുടിചൂടാ മന്നൻ ,
“മഹാൻ മസിലമണി”..യേ കാണുന്നുന്നത് മാണിക്ക്യത്തറവാട്
വടക്കിനിയിൽ
വെച്ചാണ്.
കേട്ടിട്ടുണ്ടെങ്കിലും,
പരിചയം ഉണ്ടേലും ,
അടുത്തിടപഴകുന്നത് ആദ്യം ആണ്.
മസില.. മണി…
“MONEY” തന്നെ ആണ്.
ഏതിലും കാശ് കണ്ടെത്തുന്ന ഒരു ആർത്തിപ്പണ്ടാരം അയാളിലുണ്ട്.
എനിക്കതു പിടിക്കില്ല.
കേട്ടുകേൾവിയിൽ അയാൾക്കു അങ്ങനെ ഒരു….”ഗുണമുണ്ടെന്നു” അറിഞ്ഞിരുന്നു.
….നാരായണി
മുത്തശ്ശിയുടെ
സാന്നിധ്യത്തിൽ വടക്കിനിയിൽ വെച്ചു ഒപ്പം ഉണ്ണുമ്പോൾ അയാൾ ,
യുവാവ് കുട്ടപ്പയെ പലവ്യഞ്ജനക്കട
വെയ്ക്കാൻ
സഹായിക്കുന്നതായി അറിവ് കിട്ടി.
കുട്ടപ്പയെ അയാൾ…
ച്ചാൽ..
മണി ഒരു വഴിക്കാക്കുമെന്ന് ഞാൻ ഊഹിച്ചു.
ഇതിൽ എന്തോ കച്ചോടം ഉണ്ടെന്നും എനിക്ക് തോന്നി.
പലവ്യഞ്ജനക്കട ഇട്ടു
കൊടുത്തു കുട്ടപ്പയെ തന്റെ മകളുടെ ഭർത്താവാക്കാൻ
മണി ഒരു കൈ നോക്കുന്നതും പാട്ടാണ്..
കുട്ടപ്പ വാടക വീട്ടിൽ കഴിയുന്ന കാലമായിരുന്നു.
നാരായണിമുത്തശ്ശിയുമായി ചില അഭിപ്രായവ്യത്യാസത്തിൽ.
നാട്ടിലേ അത്ര ഇരിപ്പില്ലാത്ത “മക്കുണൻ രമണൻ “
എന്ന ആളുടെ സഹായത്തിൽ
സ്കൂൾ സ്റ്റോപ്പിലായിരുന്നു കുട്ടപ്പയുടെ താമസം.
കുട്ടപ്പ രമണന്റെ
കളം ഉള്ള സ്ഥലത്താണ് കട വെച്ചിരിക്കുന്നത്.
….താമര എന്നോട് ഇതൊന്നും പറഞ്ഞില്ല.
കുറച്ചിലല്ലേ..
പഹയൻ മിണ്ടീല.
ഇനി ഞാൻ താമരയോട് ചുക്കിനിപ്പറമ്പിലെ കാര്യങ്ങൾ ഒന്നും പറയില്ല ന്നു മനസ്സിൽ ആണയിട്ടു.
എനിക്കൂണ്ട് കുറേ രഹസ്യങ്ങൾ…
ഇതൊക്കെ എന്തിനു താമര അറിയണം.
താമര “ഉഭയജീവി” ആയതു കൊണ്ടാ ഞാൻ അതൊക്കെ പറഞ്ഞത്.
എനിക്ക് പറ്റിയ തെറ്റിനെ
നിങ്ങൾക്ക് മുന്നിൽ ന്യായീകരിക്കുന്നു.
എത്ര മറച്ചാലും ചില സത്യങ്ങൾ
തുണിയൂരി മുന്നിൽ നിന്നു ആടും…ന്നു എനിക്ക് ബോധ്യം
ആയി.
അത് “മാണിക്ക്യപ്പാട രഹസ്യം” ആയാലും.
കഥയിൽ ,
രമണൻ എന്ത് കൊണ്ടോ
മസിലമണി ആയി തെറ്റിലാണ്.
മസിലമണിക്കൊപ്പം കുട്ടപ്പ പോയാൽ ,
തന്റെ സ്ഥലത്തു നിൽക്കുന്ന പലവ്യഞ്ജനക്കട
ഒഴിയേണ്ടി വരുമെന്ന് രമണന്റെ ഭീഷണി..
സ്ഥലം രമണന്റെ ആണല്ലോ..
രാശിയുള്ള സ്ഥലം.
കച്ചോടം പൊടി പൊടിക്കുന്നു.
കുട്ടപ്പയ്ക്ക് ഒരു മടി അവിടം വിട്ടു പോവാൻ.
കച്ചോടം ഒന്ന് പിടിച്ചു വന്നതല്ലേ ഉള്ളൂ..
ഇതാ പ്രശ്നം…!
കുട്ടപ്പയുടെ കഞ്ഞിയിൽ കല്ലിടാൻ “മക്കുണൻ രമണൻ”ഉറ്റു നോക്കിയിരുന്നു.
….ചെറോത്തിലെ കാരണവന്മ്മാർ ഈ പ്രശ്‌നത്തിൽ എന്ത് പരിഹാരം പറയും ന്നുള്ള
‘കാര്യ വിവരണ ചീട്ട്’ എന്റെ കയ്യിൽത്തരാനാണ് എന്നേ മാണിക്യപ്പാടാ ത്തേക്കു വിളിപ്പിച്ചത് ന്നു…വഴിയേ എനിക്ക് മനസ്സിലായി.
“രമണൻ… മസിലമണി”
…..യുദ്ധമാണ് വിഷയം.
സംഗതി ചൂട് പിടിച്ച ചർച്ചകൾ രണ്ട് വീട്ടുകളിലും നടന്നു.
ചെറോത്തുകാർ മസിലമണിയെ വിടൂ..ന്നു പറഞ്ഞു.
ആ ബന്ധം വേണ്ടാന്നു…കത്തിലൂടെ പറഞ്ഞു.
….സുന്ദരമേനോൻ നാരായണിക്കുള്ള കത്തിൽ ഇങ്ങനെ പറഞ്ഞു…,
ശ്രീരാമജയം
ചെറോത്തുവീട് ..,
ചെറുവരബോട്.
Dated : 05/09/1977
പ്രിയ നാരായണീ…,
“താൻ സുഖം ന്നു…ഞാൻ കരുതുന്നില്ല.
ഇപ്പൊ അത്
പറയുന്നതിൽ കാമ്പില്ല.
“കുട്ടപ്പ പ്രശ്നം”… നിന്നെ നല്ലോണം വലക്കുന്നു ന്നു…അറിയാം..
ഇവിടെ എനിക്കും കയ്യിനും, കാലിനും അത്ര സുഗോല്ല്യ..
വയസ് എൺപതു
കഴിഞ്ഞില്ലേ…
പക്ഷെ ,
മനസ്സ്
നിന്റെ കൂടെയുണ്ട്..
…. ഇവിടെ ഞാൻ പറയുന്നത് മനസ്സിരുത്തി വായിക്കു.
“മണിക്ക് അത്ര പേരൊന്നുമില്ലല്ലോ..
ഞാൻ,
സുന്ദരമേനോൻ , വാക്കാൽ അംശം മേനോനെ വിവരം അറിയിച്ചു.
കേളു നായാരാണ്
ഇപ്പോഴത്തെ
മേലെധികാരി.
വീട്ടു പ്രശ്നം നാട്ടു പ്രശ്നം ആക്കി മാറ്റരുതെന്നു
അംശം മേനോൻ
മേലെധികാരി
കേളു നായരോട് പറയാൻ ഞാൻ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതി വഷളാവാതിരിക്കാൻ അംശം ദേശത്തു
ഒരു ഒബ്സെർവറേയും വെക്കാൻ പറഞ്ഞിട്ടുണ്ട്.
….അടികലശലുകൾ ഉണ്ടാവാൻ പാടില്ലല്ലോ.
അത് നമ്മൾക്ക് ചേർന്ന പണിയല്ലല്ലോ.
നാരായണീ …,
മസില മണിയായുള്ള ബന്ധം നമുക്ക് വേണ്ടാ തോന്നുന്നു.
ചെറോത്തു പെണ്ണുങ്ങളുടെ അതാ കൂട്ടായ അഭിപ്രായം.
പക്ഷെ ,
കുട്ടപ്പക്ക്
ഇഷ്ട്ടാണെങ്കിൽ
പിന്നെ പറഞ്ഞിട്ട് കാര്യല്ല..
അവന്റെ തീരുമാനവും വലുതാണ്.
അവരല്ലേ ഒന്നിച്ചു ജീവിക്കേണ്ടത്.
നല്ലത് നടക്കട്ടെ..
….കുഞ്ചൻ വഴി കുറച്ചു മധുരങ്ങൾ കൊടുത്തയക്കുന്നുണ്ട്.
കുട്ടികൾക്ക് കൊടുക്കുമല്ലോ…
….കാര്യങ്ങൾ ഒക്കെ ശുഭമായാൽ കുട്ടപ്പയെക്കൂട്ടി അടുത്ത കുമ്മാട്ടിക്ക് വരുമല്ലോ…
അമ്മ സഹായം..
സ്നേഹത്തോടെ…,
ചെറോത്തിലെ സുന്ദരമേനോൻ…
ഒപ്പ്
(ചുക്കിനിപ്പറമ്പ് പഞ്ചായത്ത്.)
ഒന്ന് പറയട്ടെ ,
രമണനും ,
മണിയും
ഈ കത്തിലൂടെ
ഒന്ന് ഒതുങ്ങി.
ഒബ്സെർവർ
കുട്ടൻ പിള്ള
കൊടുത്ത
പണി നന്നായി ചെയ്തു.
മാണിക്ക്യപ്പാടത്തു ഒരു ഈച്ച പോലും അനങ്ങിയില്ല.
അപ്പോഴേക്കും
മണി മകളായി ,
കുട്ടപ്പ അടുത്തു.
പ്രേമം പൂത്തുലഞ്ഞു.
അവിടെ വെട്ടു നടക്കാൻ പാടു പെടുമ്പോൾ ഇവിടെ കെട്ടു നടക്കാൻ പ്ലാൻ ഇട്ടു.
അവസാനം
മസിലമണി ഉദേശിച്ചത്‌ നടന്നു.
“രമണന്റെ സ്ഥലം” ഒഴിയാൻ മസിലമണി
കുട്ടപ്പയോടു പറഞ്ഞു.
അതോട് കൂടി പ്രശ്നം തീർന്നു.
മണി കാശ് വീശി
കണ്ണായ സ്ഥലത്ത്
ഒരു കട കുട്ടപ്പക്ക് വെച്ചു കൊടുത്തു.
അത്
സ്ത്രീധനത്തിൽപ്പെട്ടു മാത്രം.
ആള് മണിയല്ലേ…
പിണക്കങ്ങളൊക്കെ മാറി
കുട്ടപ്പയും ,
നാരായണി മുത്തശ്ശിയുടെ കൂടെ തറവാട്ടിൽ കൂടി.
എന്റെ മനസ്സിൽ സമാധാനം തളം കെട്ടി.
നാടറിഞ്ഞ
“കുട്ടപ്പ വേളി” അതിഗംഭീരമായി
നാല് വക
പായത്തോടെ ,
ഗംഭീര സദ്യ മാണിക്ക്യപ്പാടത്തു അരങ്ങേറി.
മണിയുടെ ആശ പോലെ
മാണിക്ക്യപ്പാടം
മുഴുവൻ പന്തലിട്ടു.
“മസ്സില്” പിടിച്ച രമണനും
വേളിക്കു കൂടി.
അതാ അതിശയം.
തെറ്റ് അവന്റെ ഭാഗത്താണെന്നു നാട്ടാര് പറഞ്ഞു.
രമണൻ തല കുനിച്ചു.
….കല്യാണത്തിനു
മണി മുന്നിൽ നിന്നു ആൾക്കാരെ സ്വീകരിച്ചു.
മാളികയും ,
പിലാക്കോട്ടും , പതിയപ്പാറയും ,
ഈ വലിയ വേളിക്കു സഹകരിച്ചു.
ചെറുവരമ്പോട് മുഴുവൻ ഉണ്ടായിരുന്നു.
…കാശുകാരൻ
“വാഴഇല അബ്ദുള്ള” ഒക്കെ മുൻവരിയിൽ ഇരുന്നു..
മോഹ “നിക്കാഹ്” കാണാൻ.
….അതാ മാണിക്ക്യപ്പാടത്തുകാരുടെ ഐക്ക്യം…
താമര കല്യാണത്തിനു പുതു കോടിയിട്ടു എന്റെ മുന്നിൽ ഞെളിഞ്ഞു.
ഞാൻ മൈൻഡ് ചെയ്തില്ല…
എന്റെ നാട്ടിലും കല്യാണം വരും ന്നു ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു.
…. സദ്യ കഴിഞ്ഞതും കുട്ടപ്പ ,
വേളി കഴിച്ച പെണ്ണുമായി മാണിക്ക്യത്തറവാട്ടിലെ പടിപ്പുരയിൽ കാറിറങ്ങി.
അമ്മായിമാർ
ഗുരുതി ഉഴിഞ്ഞു “പുതുകല്യാണ ജോടികളെ “…
ഉമ്മറത്തു ആനയിച്ചു ഇരുത്തി.
പാലും…പഴം കൊടുക്കുന്ന ചടങ്ങും അവിടെ നടന്നു.
വല്ലാത്ത ഒരു സുഗന്ധം അവിടെ അനുഭവപ്പെട്ടു.
….നാരായണി മുത്തശ്ശി
സന്തോഷത്തിൽ
ആറാടുക ആയിരുന്നു.
ഞാൻ അങ്ങനെ
ഉമ്മറത്ത്
പുതു ജോടികളെ നോക്കി നിൽക്കുമ്പോൾ , നാരായണി മുത്തശ്ശി എന്നിലെ “ദൂതനെ” പുതിയ ബന്ധുക്കൾക്ക് അവിടെ
പരിചയപ്പെടുത്താൻ ഒരുങ്ങി.
ഞാൻ ഏതോ വലിയ കാര്യം ചെയ്ത മട്ടിൽ അവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു.
….”ഇവനാ ചെറോത്തിലെ
“മിടു മിടുക്കൻ “….ന്നു പറഞ്ഞു ,
നാരായണി മുത്തശ്ശി എന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു….
….കല്യാണ ടെൻഷനിൽ അന്ന് ഞാൻ ഒന്ന് രണ്ട് “ഒളിവലി “യൂസഫിന്റെ കടയിൽ പയറ്റിയിരുന്നു.
പുക മണത്തെ
നാട് കടത്താൻ ഉള്ള
വേലകളും ഞാൻ മുൻ‌കൂർ ജാമ്യത്തോടെ ചെയ്തിരുന്നു…
എങ്കിലും , പിടിക്കപ്പെടരുതല്ലോ..!
സഭയല്ലേ…
…മുത്തശ്ശി അടുത്തേക്ക്….
…അടുത്തേക്കു
വന്നു കൊണ്ടിരുന്നു…
….ഞാൻ
ടെൻഷൻ ഏറി പിന്നാക്കം വലിഞ്ഞു കൊണ്ടിരുന്നു…
ഞാൻ
വന്ന ബന്ധുക്കളുടെ ഇടയിൽ കളിയാക്കപ്പെടുമോ… ന്നു ഭയന്നു..
….മുത്തശ്ശി പണി പറ്റിക്കുമോ എന്ന്…!
പക്ഷെ ,
മുത്തശ്ശി ഓടിയടുത്തു അടുത്തു വന്നു ഒരു ഉമ്മയാ എനിക്ക് തന്നത്…
സ്നേഹം കൊണ്ട്
ആ മുത്തശ്ശി
എന്നേ അനുഗ്രഹിച്ചു.
ഞാൻ നെടുവീർപ്പിട്ടു…
ഒരു സമയം
ഒളിവലി
നിർത്തിയാലോ ന്നും എനിക്ക് അപ്പോൾ തോന്നി.
കുട്ടി മനസ്സ് അത്രയ്ക്ക് പരിഭ്രമിച്ചു…
പരിഭ്രമം കഴിഞ്ഞു അകലെ നിൽക്കു ന്ന താമരക്കു ഞാൻ കണ്ണേറിട്ടു…
പഠിപ്പിച്ചു തന്ന
ഒളിവലി
ഞാൻ
ഇപ്പൊ മുത്തശ്ശിക്ക് മുന്നിൽ പറഞ്ഞേനെ മട്ടിൽ..
താമരയുടെ മുന്നിൽ ഞെളിഞ്ഞു ,
ഒന്ന് ….രണ്ട് കാര്യങ്ങൾ ചെയ്ത മട്ടിൽ ഞാൻ
ആ രാത്രിയിൽ ചുക്കിനിപ്പറമ്പിൽ പറന്നിറങ്ങി…

By ivayana