രചന : അജിത്ത് റാന്നി✍
പൊന്നോണമല്ലേ പൊന്നൊളിവീശി
ഭൂമിക്ക് ധന്യതയേകില്ലേ
പൊന്നരച്ചെത്താൻ വൈകരുതേ
മന്നനെത്തീടും ദിനമല്ലയോ .
ഉത്രാട പൂനിലാവൊന്നൊഴിഞ്ഞാലുടൻ
എത്തണം മറ്റൊരു പൂനിലാവായ്
മുറ്റത്തൊരുക്കിയ പൂക്കളത്തിന്നിതൾ
വാടാതിരിയ്ക്കാൻ കനിയണമേ .
ഊഞ്ഞാൽ കയറ് ശര വേഗേ പായവേ
മേഘ മറവിലൊളിക്കുമെങ്കിൽ
ഓണപ്പുടവ മറുമണം പേറാതെ
മങ്കമാർ പാട്ടിൽ ലയിച്ചാടീടും.
തൂശനിലയാണ് മാമല സദ്യയ്ക്ക്
വാട്ടമേകാതെ നീ കാത്തീടണം
മാവേലിയെത്തവേ കൂട്ടത്തിൽ പോരുക
പാലട കൂട്ടിക്കഴിച്ച് പോകാം.
ഓലക്കുടയാണ് രാജൻ തണലിന്
കാഠിന്യമേറെ ഒഴുക്കരുതേ
നന്മമാത്രമേകി നാടു ഭരിച്ചവ -നവ്വിധം
ക്ഷീണം കൊടുക്കരുതേ.
നിത്യം വിളക്കേന്തിയെത്തുന്ന നിന്നൂർജ്ജ
സത്താണ് ഞങ്ങൾക്ക് ഓണവിഭവങ്ങൾ
നന്ദിപൂർവ്വം ഞങ്ങൾ വാഴ്ത്തിടാം നിന്നേ
നീയില്ലാതെന്തോണം മലനാടിന്.