രചന : ബിനു. ആർ. ✍️
കെട്ടുപിണഞ്ഞ നൂലാമാലകൾപോൽ
ചന്തമില്ലാചിന്തകൾ ഉള്ളിൽ കനക്കവെ
ഹരിതനിറങ്ങൾ മനസ്സിൽ പുൽകിപ്പരക്കവേ
തണലിറക്കങ്ങൾ നിഴൽ ചിത്രങ്ങളാകുന്നു.
സാമവേദം തോന്ന്യാസമായ് മലീമസ-
പ്പെടുമ്പോൾ സാഗരനീലിമയിൽ തിരകൾക്കു
ചാരുതയേറുമ്പോൾ കാറ്റിൻകിന്നാരങ്ങൾ
മുരൾച്ചകളായീടവേ,ചിതലരിക്കാത്ത
കാരിരുമ്പിൻ ദൃഢത കാല്പനികമാകുന്നു.
നീയുംഞാനും തണലിറക്കങ്ങളിൽ
നടനമാടീടവേ,നനഞ്ഞമണ്ണിൽ നിറഞ്ഞ
കനവുകളുണരുന്നു,നിഴലനക്കങ്ങളിൽ
ഉറുമ്പുകൾ നുരയുന്നു,
വേർപ്പിൻകണങ്ങളിൽ മഴനീർ നിറയുന്നു.
അസ്‌തമനചെഞ്ചായങ്ങളിൽ ഗരിമ
പടരുമ്പോൾ അകലെകാണും
നെരിപ്പോടിൽ ജ്വലനം
കൂർത്തദംഷ്ട്രങ്ങൾക്കിടയിൽ
നുരനുരയുമ്പോൾ കാണുന്നതെല്ലാം
വെൺകനവായ്മാറുന്നു, പുലർച്ചയിൽ.