രചന : അനിൽ ബാബു✍
കണ്ണികൾ മുറിയുമ്പോൾ.
മഴയോടൊപ്പം
ചന്തി പിഞ്ഞിയ
വള്ളി നിക്കറിട്ട
സ്കൂൾ യാത്രകൾ…
ഭാരമില്ലാത്ത തുണിസഞ്ചിയും
തേഞ്ഞു തീരുന്ന
ചെരുപ്പുമായി
കള്ളിനും ബീഡിക്കും
കവിതയെഴുതിയ
കോളേജ് ദിനങ്ങൾ…
പൂർത്തീകരിക്കാതെ
ഒളിച്ചോടിയ
പ്രണയഭാരങ്ങളുടെ
സായന്തനങ്ങൾ…
നട്ടെല്ല് പണയപ്പെടുത്തിയ
‘കമ്പനി’ജോലിയിലെ
ചോര കനച്ച മുറിവോർമ്മകൾ…
കവിത കേട്ട്
കൗതുകം വിരിയുന്ന
കൗമാരക്കണ്ണുകളുടെ
അദ്ധ്യാപന കാലങ്ങൾ…
ഇന്ന്
ഇവിടെയീ
വായനാമൂലയിൽ
അക്ഷരങ്ങളെയും
വാക്കുകളെയുമണച്ചു
പിടിക്കുമ്പോൾ
ഓർമ്മകളുടെ കണ്ണികൾ
മുറിഞ്ഞുപോകുന്ന
സമാധാനങ്ങൾ…
പിന്നെ
കടമയും
കടവുമോർമ്മിപ്പിക്കാൻ
മറ്റൊരു പ്രഭാതം
ഇനിയൊരു ദിവസത്തിലേക്ക്
ഉറക്കമുണരും.