രചന : എം പി ശ്രീകുമാർ✍
ഇന്നു വിരിയുന്ന പൂവുകളിൽ
പുഞ്ചിരിയായി തെളിഞ്ഞുവോണം
ഇന്നു പുലരിയിൽ പൂർവ്വവിണ്ണിൽ
കാണുന്ന പൂക്കളമല്ലൊയോണം
ആകാശനീലിമ തന്നിലൂടെ
നീങ്ങും മുകിൽവർണ്ണ മൊക്കെയോണം
വിണ്ണിൽ വിളങ്ങുന്ന താരകൾ തൻ
കണ്ണിലെ മിന്നിത്തിളക്കമോണം
ആയത്തിയാടുന്ന യൂഞ്ഞാലോണം
ആരും കൊതിക്കുന്ന സദ്യയോണം
തുള്ളിക്കളിക്കുന്ന കുട്ടിയോണം
തുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണം
അമ്മ തരുന്നയാ ചോറുരുള
മെല്ലെ രുചിച്ചു കഴിയ്ക്കെയോണം
അച്ഛൻ തണലായ് നിന്നിടുമ്പോൾ
കുട്ടിത്തം കാട്ടിയിരിയ്ക്കെയോണം
മണ്ണിൽ വിളയുന്ന നൻമയോണം
ഉള്ളിൽ തെളിയുന്ന വെട്ടമോണം
ചന്ദനപ്പൊയ്കയിൽ നീന്തിനീന്തി
ചന്തത്തിലോരോ ചുവടു വച്ചു
ചമ്പകപ്പൂമഴയെന്ന പോലെ
ചാരു കിനാക്കളായ് വന്നതോണം
എല്ലാവരുമെന്നുമൊന്നുപോലെ
നല്ലതിൽ മാത്രം രമിച്ചു കൊണ്ട്
അല്ലലു തെല്ലുമറിഞ്ഞിടാതെ
ഉല്ലാസമോടെ കഴിയുമോണം
മഞ്ജുമലയാളം പൂത്തുലഞ്ഞു
അഞ്‌ജിതശോഭ ചൊരിഞ്ഞു കൊണ്ട്
പീലി വിടർത്തിച്ചുവടുവച്ചു
തിരനോട്ടമാടും തിരുവോണം !
