ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ !

പൂക്കടയല്ലിത് പൂമണമെവിടെ ?
പൂക്കുന്നിവിടെ കച്ചോടം
തൂക്കം കുറവാണല്ലേയെന്തൊരു
വിലയാണയ്യോ പൂക്കൾക്ക് !
ചോദ്യം കേട്ടാ പുഷ്കരനുടനെ
വെട്ടിയൊതുക്കിത്തൂക്കുന്നു
പോരാത്തതിനാപ്പൂപ്പൊലി ഗാനം
പെരുമയൊടൊച്ചയിൽവെയ്ക്കുന്നൂ
നാളെത്തിരുവോണത്തിൻനാളാ-
ണടവെച്ചിലവെച്ചുണ്ണേണം !
അയൽപക്കത്തൊടിയിൽ
ചെന്നൊരു നാക്കില വെട്ടിയെടുക്കേണം
വെട്ടിയൊരോർമ്മ മറക്കും മുൻപാ
വാഴ പറക്കുന്നടിയോടെ
അയൽപക്കത്തെചേട്ടനൊരുശിരൻ
പടനിലമൻപൊടു തീർക്കുന്നൂ
നാക്കിലയെന്നതുകേൾക്കുമ്പോ-
ളിടിവെട്ടിയ പോലെ തരിക്കുന്നു
നാൽക്കവലയ്ക്കുനടുക്കായ്
മറ്റൊരു മീശക്കാരൻ കുഞ്ഞേട്ടൻ
നോറ്റുനടത്തും പീടികമുറ്റ-
ത്തോണം വന്നാൽ പൊടിപൂരം
രണ്ടാൾക്കുള്ളൊരുസദ്യച്ചാർത്തിൻ
താളു പതുക്കെ മറിക്കുമ്പോൾ
അലറികൊണ്ടാപ്പച്ച മനുഷ്യൻ
തെറിയാൽതോറ്റിയുണർത്തുന്നു
രണ്ട് മുരിങ്ങാക്കോലിന്നിവിടെ
നിന്നാലെങ്ങനെ ശരിയാവും
ഉത്രാടത്തിന്നുച്ചകഴിഞ്ഞിങ്ങെ –
ത്യാൽമതിയെന്നദ്ദേഹം.
ഇക്കൊല്ലാം മുതൽ പായസമെല്ലാം
റസിഡൻസ് വകയാണാശ്ചര്യം!
ഒട്ടഭിമാനത്താലേ ചെന്നണി-
ചേരും ക്യൂവിൽ നിൽക്കുന്നൂ
നേരം പലതായെങ്കിലുമാരും
പേരു വിളിപ്പതു കേൾപ്പീലാ
ഉയിരു പിളർക്കും കല്പന പോലൊരു
നാദംവന്നു തറയ്ക്കുന്നു
ഗാന്ധിദിനത്തിൽസേവയ്ക്കെത്താ
തെന്തിനു പാലട മോന്തേണം
ആകെ വലഞ്ഞിട്ടെന്നുടെ വീട്ടിൽ
ഓണം കാണാനിളവേൽക്കേ
ദൃശ്യവിരുന്നിലവെയ്ക്കും പെട്ടിയി-
ലമ്മകിടന്നു ഞരങ്ങുന്നൂ
ഇല്ലയെനിക്കായോണക്കോളുക –
ളില്ലയെനിക്കായ് രുചി ലോകം
എല്ലായിടവും തിങ്ങും വിപണന
തന്ത്രമൊരുക്കിയ പാതാളം
ഞങ്ങൾ വിളമ്പുന്നോരോ വിഭവം
താൻ വേണേൽ വന്നുണ്ടോണം.

ശ്യാം കുമാർ എസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *