രചന : സരോ..കുളത്തൂപ്പുഴ . ✍️
വരികളെ വഴിയാക്കി
നീ എന്നിലേക്ക് വന്നു.
എല്ലാമായി എന്നിൽ
നിറഞ്ഞുനിന്നു.
എന്നിട്ടും എന്തേ
നിന്നെ ആട്ടിയോടിച്ചു.
എന്തിനോ നിൻ്റെ
വരികളിൽ മറ്റു വഴി തേടിയെന്നാരോ
മനസ്സിൻ്റെ ഉള്ളറകളിലിരുന്നു
മന്ത്രിച്ചു.
എത്രയോടിച്ചിട്ടും
ദൂരേയ്ക്കു ഓടിപ്പോകാതെ
നീ എന്നിലേയ്ക്കു തന്നെ
വന്നുകൊണ്ടിരുന്നു.
എത്ര കാലങ്ങൾ കഴിഞ്ഞിട്ടും എന്നോടുള്ള
നിൻ്റെ സ്നേഹം
വർദ്ധിച്ചുകൊണ്ടിരുന്നു.
എന്നിലെന്തു മഹിമയാണുള്ളത്?
ഞാനെത്രയാണ്
നിന്നെ ശാസിക്കുന്നത്?
വിമർശനങ്ങളും
കുറ്റങ്ങളും കുറവുകളും
നിന്നിലെത്രയാണ് ഞാൻ ചാർത്തിയിട്ടുള്ളത്.
നിൻ്റെ ഓരോ വരിയിലും
പ്രണയം തുളുമ്പി നിന്നു.
നീ എല്ലാമായിരുന്നിട്ടും
നീ എന്നിലില്ലെന്നു
നിന്നോട് പറഞ്ഞു
കൊണ്ടിരുന്നു.
നീ എന്നിൽ നിന്നും
അകലുവാൻ പല നേരങ്ങളിലും
പരിഭവിച്ച് അകന്നു നിന്നു.
അപ്പോഴൊക്കെയും
നീ എന്നിലേക്ക് ഏറെ
അടുക്കുകയായിരുന്നു.
വത്സരങ്ങൾ കൊഴിഞ്ഞു വീണ്
ഊട്ടിയുറപ്പിച്ച്
അസ്ഥിത്വം പാകിയ
ബന്ധം ഒരു കാലവും
വേർപ്പെടുത്തുവാനാകില്ലെന്ന് പല തവണ
പഠിച്ചു കഴിഞ്ഞു.
നിൻ്റെ വാക്കുകൾ പൂത്ത മരങ്ങളിൽ
നിന്നും പ്രണയ പുഷ്പങ്ങൾ
എൻ്റെ ഹൃദയത്തിൽ
വീണ് സുഗന്ധംവീശി.
എന്നിലേക്ക്
നീ ഇത്രത്തോളം
അടുക്കരുതെന്ന
വിചാരം, അനർഹമായത്
അകലെ നിൽക്കണം
എന്നും പറയിപ്പിച്ചു…
നാമിരുവർക്കും പരസ്പരം അകലുവാനോ
എന്നെന്നേയ്ക്കുമായി
പിരിയുവാനോ കഴിയില്ലെന്നത് നഗ്ന സത്യവുണ്.
നിന്നെക്കാണാതിരുന്നാൽ,
ഒരു വാക്ക് മിണ്ടാതിരുന്നാൽ,
നിൻ്റെ വരികൾ വായിയ്ക്കാതിരുന്നാൽ,
ചങ്കു പിടക്കുന്ന ഒച്ച
കാതങ്ങളകലെയിരുന്ന്
നീ കേൾക്കുന്നുണ്ടാകും.
നിൻ്റെ സ്നേഹം
എനിക്കത്രമേൽ
പ്രിയങ്കരം.
നീയില്ലാതെ എൻ്റെ
മനസ്സിലെ പ്രണയ പുഷ്പങ്ങൾ വരികളായ്
വിലസീടുകില്ല.🌹🌹🌹