രചന : അനിൽ മാത്യു ✍
എന്റെ മരണത്തെക്കുറിച്ച്
എഴുതുന്നവർ
“അവൻ പോയി”
എന്നൊരൊറ്റ വരിയാൽ
എന്നെ അവസാനിപ്പിക്കരുത്.
ഞാൻ പോയിട്ടില്ല…
എന്റെ കരച്ചിലിന്റെ
ശബ്ദങ്ങൾ ഇനിയും മതിലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുന്നു.
നിങ്ങൾക്ക്
കേൾക്കാതിരിക്കാൻ മാത്രം
നിങ്ങൾ ചെവികൾ
അടച്ചിടുന്നുവത്രേ.
എന്റെ കണ്ണുകൾ അടഞ്ഞുകിടക്കുമ്പോൾ
അതിൽ ഉറക്കം മാത്രമല്ല,
ജീവിച്ചിരിക്കുന്നവർക്കു പോലും
സഹിക്കാനാകാത്ത തീപ്പൊരി അടങ്ങിയിരിക്കും.
നിങ്ങൾക്കത് നോക്കാനുള്ള ധൈര്യമില്ലാതെ
“കണ്ണുകൾ ശൂന്യം” എന്നു കുറിക്കരുത്.
എന്റെ ചുണ്ടുകൾ
വിളറിയപ്പോൾ
അവിടെ വറ്റിപ്പോയ
രക്തമല്ല,
ഒരു ജീവിതം മുഴുവൻ
പറഞ്ഞു തീരാതെ
വേദനയിൽ തടഞ്ഞുവച്ച
ആവർത്തനങ്ങളുടെ രസം.
അത് നിങ്ങൾ
വായിച്ചറിയാതെ
“വാക്കുകളില്ലാതെ മരിച്ചവൻ” എന്നു പറയരുത്.
എന്റെ നെഞ്ച്
മുറിക്കുന്നവർ
ഒരു ഹൃദയം അന്വേഷിക്കേണ്ടതില്ല.
അവിടെ കവിതയുടെ പൊട്ടിപ്പോയ
അക്ഷരങ്ങൾ
മാത്രമേ കാണൂ.
അവയെ
“നാഡികളും മാംസവും”
എന്നു വിവരണം ചെയ്യരുത്.
അവയെക്കുറിച്ച് എഴുതാൻ
പേടിയാണെങ്കിൽ
പേടിയെന്ന് സമ്മതിക്കുക,
അല്ലെങ്കിൽ
മിണ്ടാതിരിക്കുക.
എന്റെ ശരീരം തുന്നിച്ചേർക്കുന്നവർ,
മുറിവുകൾ പൂട്ടരുത്.
മുറിവുകളാണ് എന്റെ
ജീവിതത്തിന്റെ ദിനപ്പത്രം.
അവയെ അടച്ച്
“സൗന്ദര്യം” എന്നു
പൂശി നിറക്കേണ്ടതില്ല.
സൗന്ദര്യം മരിക്കുന്നില്ല.
സൗന്ദര്യം
മുറിവിൽ തന്നെയാണ്
എന്നെക്കുറിച്ച് പുറത്തു
പറയുമ്പോൾ
“അവൻ വിശന്നുമരിച്ചു”
എന്നു പറയുക,
“അവൻ വേദനയിൽ
മുങ്ങിമരിച്ചു”
എന്നു പറയുക,
“അവൻ വാക്കുകളുടെ
തീയിൽ
വെന്തുപോയി”
എന്നു പറയുക.
പക്ഷേ, ഒരിക്കലും
“അവൻ ശാന്തനായി മരിച്ചു”
എന്ന് പറയരുത്.
കാരണം ഞാൻ
ശാന്തനായി മരിച്ചിട്ടില്ല.
ഞാൻ തീപിടിച്ച
നിലവിളിയായി
വായുവിലേക്ക്
പൊട്ടിത്തെറിച്ചവൻ..!
