രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍
ഇത് നിങ്ങളെ സ്കൂളല്ല
പാർക്കുമല്ല.
ബഹളങ്ങളിൽ
തോറ്റുപോകുന്ന
സൈനുവിൻ്റെ ശബ്ദം.
ഇത് വീടല്ലേ
ഞങ്ങളുടെ വീടല്ലേ
ന്യായമായ ചോദ്യങ്ങളൊന്നും
ചോദ്യം ചെയ്യേണ്ടതില്ല
ഉള്ളിൽ വരച്ചിട്ട ചിത്രങ്ങളാണവർ
പലപ്പോഴായി പുറത്തിറക്കുന്നത്.
ചുമരുകൾ സ്വന്തമെന്ന ബോധ്യത്തിലാണ്
കുട്ടികൾ ആകാശമായി
വലിച്ചുകെട്ടുന്നത്
ക്യാൻവാസായി മുറിച്ചു വെക്കുന്നത്
ബ്ലാക്ക് ബോർഡാക്കുന്നത്
പാടവും പൂന്തോട്ടവുമാക്കുന്നത്
ചുമരിൽ വിമാനം പറക്കും
ചിലപ്പോൾ
നക്ഷത്രങ്ങൾ തൂങ്ങും.
വാടകവീട്ടിലെ ചുമരുകൾ
എപ്പോഴും വൃത്തിയുള്ളതായിരിക്കും
ചില്ലലമാരയിൽ
അഥിതികളെ കാത്തിരിക്കും
പാത്രങ്ങൾ പോലെ
ഒരധികാരവുമില്ലാതെ
അനങ്ങാതിരിക്കും
വീട്, ഉറങ്ങാൻ മാത്രമുള്ളതല്ല.
വെച്ചോട് ത്തൊന്നും കാണൂലാ
ചെടിച്ചട്ടികൾ വരെ നടന്നുതുടങ്ങി
സൈനുവിൻ്റെ ക്രമം തെറ്റി
സമാധാനമില്ലാത്തവളായി
വെച്ചും വിളമ്പിയും
കഴുകിയും തുടച്ചും
നടുവൊടിഞ്ഞു.
ആ പാട്ടിൻ്റെ ഒച്ചയൊന്ന് കൊറക്കോ.
പ്രാന്തായി നിക്കുമ്പോളാ പാട്ട്!
ശരിക്കും ഭ്രാന്ത് പൂക്കുമ്പോഴല്ലേ
പാട്ട് വേണ്ടത്.
അസമയത്ത്
അസ്ഥാനത്ത്
കിന്നരിക്കാൻ വരരുത്.
ബുദ്ദൂസ്
ഞാൻ ഇയർ ഫോൺ കുത്തിക്കേറ്റി
ഇനിയിപ്പൊ ഞാൻ
ആരോടാണ് മിണ്ടേണ്ടത്
അവൾക്ക് എരിവ് കേറി
കുട്ടിക്കുസൃതികൾ കൂടുമ്പോൾ
ഞാൻ പറയും
എല്ലാത്തിനേയും കടലിലെറിയുമെന്ന്.
അപ്പോൾ ഹനാപ്പി ചോദിക്കും
അതെപ്പഴാ ?
വാപ്പച്ചിയോടുള്ള വിശ്വാസമാകാം
കടലിലെത്തുന്ന സന്തോഷമാകാം.
കടൽ കണ്ട് കൊതിതീരാത്തവൾ
എത്ര നേരമാണ് കടൽക്കരയിൽ
അന്തംവിട്ടിരിക്കുന്നത്.
അപ്പോഴൊക്കെ കണ്ണിൽ
തിരയിളക്കം കാണാം
വെളിപാട് പോലെ
കടലിനൊപ്പം നടക്കും
മൃദുവായ് തൊടും.
എന്തോരം രഹസ്യങ്ങളാണല്ലേ
വെള്ളത്തിൽ മൂടിവെച്ചിരിക്കുന്നത്.
ഞാൻ മരിച്ചാൽ
കടലിൽ ഖബറടക്കിയാൽ മതീട്ടോ.
അവൾ പതഞ്ഞുചിരിക്കുന്നു
കടലോളം സ്നേഹം ഒഴുകിപ്പരക്കുന്നു.
