അവലോകനം : ഷിബു കൃഷ്ണൻ ✍

നമ്മുടെ ഭക്ഷണ സംസ്കാരം ശരിയാണോ തെറ്റാണോ എന്നുള്ളതിനെ കുറിച്ചുള്ള പഠനങ്ങൾ വളരെ അപൂർണവും അവ്യക്തവുമാണ്. കാരണം അതിൽ രണ്ടു പക്ഷമുണ്ട് എന്നുള്ളത് കൊണ്ട് തന്നെ. എങ്കിലും ഭൂരിപക്ഷം പേരും ഇത് മോശമല്ല എന്ന് അഭിപ്രായമാണ്.


വെറും മൈദയും ഇറച്ചിയും ( മിക്കവാറും കോഴിയിറച്ചിയാണ് പൊതുവേ ഉപയോഗിക്കാറ്) മാത്രം ചേർത്ത് കൊണ്ട് വറുത്തും പൊരിച്ചും ഉള്ള വിഭവങ്ങൾ ഹോട്ടലുകളിൽ വിവിധ പേരുകളിലും അറേബ്യൻ വിഭവങ്ങൾ എന്ന പേരിലും മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുമ്പോൾ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ ഭക്ഷ്യ വിഷബാധ കാരണം ധാരാളം പേർ മരിക്കുകയാണ്.


സർക്കാർ വളരെ ഗൗരവപൂർവ്വം ചിന്തിക്കേണ്ട ഒരു കാര്യം കൂടിയാണ്. പ്രത്യേകിച്ച് ഹ്യൂമിഡിറ്റി ധാരാളമുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അംശം ധാരാളം ഉള്ളതുകൊണ്ടുതന്നെ വിദേശങ്ങളിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഇവിടെ കേടാകാനുള്ള സാധ്യത കൂടുതലാണ്.


ഇന്ത്യക്കാർ പൊതുവേ മുളക് ചേർന്ന ആഹാരം ആണ് കഴിക്കുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ മുളക് ചേരുന്നത് നമ്മുടെ കേരളീയ വിഭവങ്ങളിലാണ്. അത് തികച്ചും യാദൃശ്ചികം ആകാൻ സാധ്യതയുമില്ല. പരമാവധി കേടുകൂടാതിരിക്കാനുള്ള തന്ത്രമായിരിക്കാം. പൊതുവേ സസ്യാഹാരങ്ങൾ അധികം ടോക്സിക് ആകാറില്ല.

മാംസാഹാരങ്ങൾ പക്ഷേ അങ്ങനെയല്ല. പ്രത്യേകിച്ചും അധികം സ്പൈസി അല്ലാത്ത അധികം വേകാത്ത (ഷവർമ ഉൾപ്പെടെയുള്ള പാചകരീതികളിൽ അത് മുഴുവനും വെന്തു എന്ന് ഉറപ്പുവരുത്തുന്നില്ല) വൈദേശിക ഭക്ഷ്യ വസ്തുക്കൾ.


നാടൻ പലഹാര സാധനങ്ങൾ ഉള്ള കടകൾ ഇപ്പോൾ വളരെ കുറവാണ്. കാലഘട്ടത്തിന്റെ മാറ്റം ആയിരിക്കാം. സർക്കാറിന് ഇക്കാര്യത്തിൽ പ്രധാന റോൾ വഹിക്കാനുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.

ഷിബു കൃഷ്ണൻ

By ivayana