ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : റെജികുമാർ ചോറ്റാനിക്കര ✍

തംബുരു തലോടിയൊരു രാഗമായും
താളമൊരു താരാട്ടിനീണമായും..
മുന്നിലോ പാൽനിലാവിൽ മഞ്ജുതാരകം
വീണങ്ങു പുഞ്ചിരിപ്പൂ നിറത്താൽ..
വീഥികൾ കുങ്കുമചാർത്തിൽ സ്വയം മറ-
ന്നൂഞ്ഞാലാടും മധുരസ്വപ്നങ്ങളും..
അമ്പിളിപ്പൊൻതാരകപ്പൂമരന്ദവും
ചേലെഴും ചെങ്കവിൾതുടിതുടിപ്പും..
മൃദുലം മനോഹരം മാന്തളിർച്ചില്ലയിൽ
മനസ്സാം പൂങ്കുയിൽ നൃത്തമാടീ..
തരളം തണൽതരും തരുവിന്നിതൾ
കൊഴിയുന്നൊരീ മണൽക്കാട്ടിനുള്ളിൽ..
പുണരുന്ന പിഞ്ചിളം പൂവെന്നപോലെ
പവനുതിർക്കും നീളെയീദിനങ്ങൾ..
തഴുകുന്ന പനിനീരിനരുമയാം തുള്ളികൾ
താനേ പതിച്ചുവെന്നോ കിനാവിൽ..
ഒഴുകിയൊരു സാഗരത്തിൽ ചേർന്നിടും
ജലബിന്ദു തൻ സമ്മേളനം പോൽ..
ഓർമ്മകൾ വീണ്ടുമീയൂഷരചിത്തവും
മറികടന്നെങ്ങോ പറക്കുന്നുവോ..
നീലനിലാവിൽ തിളങ്ങുന്നൊരീ കുഞ്ഞു-
മഞ്ഞിൻകണികകൾക്കുള്ളിലായീ..
മിന്നിടുന്നൂ നേർത്തപാളിയായോർമ്മയിൽ
നിന്നുതിർക്കും മൗനനൊമ്പരങ്ങൾ..

റെജികുമാർ

By ivayana