രചന : തങ്കം കല്ലങ്ങാട്ട് ✍️
പൂമരക്കൊമ്പിലിരിക്കും തത്തേ
എൻ കളിത്തോഴിയായ് കൂടൂല്ലേ
കിങ്ങിണിക്കൂടൊന്നൊരുക്കാം ഞാൻ
കൺമണിക്കുട്ടിയും കൂടൂല്ലേ
തേൻമാവിൻ കൊമ്പിൽ പറന്നിരിക്കാം
മാങ്കനിയേറെ പറിച്ചു തരാം
തെങ്ങോല കൊണ്ടൊരു മെത്ത വക്കാം
നങ്ങേലിപ്പയ്യിൻ പുറത്തിരിക്കാം
കുഞ്ഞു തത്തേ,പൊന്നു തത്തേ
പൂമരത്തിൽ നിന്നിറങ്ങൂല്ലേ
കൂടുകില്ലേ, കൂടുകില്ലേ
നമ്മോട് ചങ്ങാത്തം കൂടുകില്ലേ ?
പൂമരക്കൊമ്പിലിരിക്കും തത്തേ….
മഞ്ഞണിപ്പാടത്ത് പോയി വരാം
പൊന്നിൻ കതിർക്കുല കൊണ്ടു പോരാം
തൊണ്ടിപ്പഴവും പറിച്ചെടുക്കാം
മിണ്ടിയും മൂളിയുമങ്ങിരിക്കാം
കുഞ്ഞു തത്തേ, കുഞ്ഞു തത്തേ
പൂമരത്തിൽ നിന്നിറങ്ങുകില്ലെ
കൂടുകില്ലേ…കൂടുകില്ലേ
നമ്മോട് ചങ്ങാത്തം കൂടുകില്ലേ
പൂമരക്കൊമ്പിലിരിക്കും തത്തേ….
