രചന : ജയനൻ✍

അടകുടി
അമ്മു
പര പര വെട്ടം മാറുന്നേരം
പട്ടത്തെരുവിൽ
തട്ടാക്കുടിയിൽ
നാലാൾകൂടുംഅന്തിക്കടയിൽ
വഴിയോരത്തണൽ
നിഴലിൻ ചോട്ടിൽ
കറിവേപ്പില, വാഴപ്പിണ്ടി
പച്ചക്കറികൾ നാട്ടുപഴങ്ങൾ
തലയിൽച്ചുമടായ് ആടിയുലഞ്ഞും
ഊരുകൾചുറ്റിവലഞ്ഞും
കാലംതേച്ചു ചതിച്ചത്
ഓർത്തുകിടപ്പൂ അട കുടി അമ്മു…
കണ്ടച്ചേറിൻ
വണ്ടലൊലിക്കും
പുഞ്ചക്കരിയിൽ
നടുവേകീറിയ പടുവാൽക്കണ്ടം
ആറുപറക്കരി
പൂന്തക്കണ്ടം
നിലവെള്ളച്ചേർ
കുത്തിമറിച്ചും
മുട്ടിലിഴഞ്ഞും
പൊള്ളും വെയിലിൻ
കൂറ പുതച്ചും
മേലുവിയർത്തുകുളിച്ചും
ഉഴുതുമറിക്കും
കന്നിച്ചേറ്റിൽ
ഇറ്റിയൊഴുകിയആർത്തവരക്തം
അടിമുണ്ടിൻചേർ
നനവുപകർന്നും
പുല മായ് നടവിനു
പാകംചേറ്റിൽ
ഞാറ്റടിഞാറിൻ കറ്റയെ റിഞ്ഞും
ഒരുകൈചേറ്റിൽ
കുത്തിനിവർന്നും
നട്ടും കൊയ്തും
ഉള്ളാഴത്തിൻ വാമൊഴിയായ്
പുലയപ്പാട്ടുകൾ
പാടിയുറഞ്ഞും
പുലയാടിയൊടുങ്ങി
പൂരപ്പാട്ടിൻപല്ലവിയായ്
ഓരോന്നോർത്തു കിടപ്പാണങ്ങനെ
പുലയാടിച്ചി
അടകുടി അമ്മു….
ഉളുമ്പുമണക്കും
കണ്ടച്ചേറിൻ
തോട്ടുവരമ്പിൽ
അപ്പനുകിട്ടിയ അടകുടി മണ്ണിൽ
ഏച്ചുമെരുക്കിയ
തകരപ്പുരയിൽ
അന്തിക്കൂട്ടിനു
വന്നുകിടപ്പാൻ
കീറപ്പായയിലൊണ്ടിയൊതുങ്ങാൻ
ആകപ്പാടൊരു കൂത്തിപ്പട്ടി ;
ഇവളുടെ കുരയോ
രാത്രിവെളിച്ചം …
‘ഒഴിഞ്ഞു പോടീ അമ്മുക്കുട്ടീ… ‘
മുറവിളികൂട്ടും കാറ്റും മഴയും
പിണിയാളായോ കാലം ?
കണ്ടത് കടിയത്
വിഴുവാടലുകൾ
വാവലാടിയ പുന്നക പേരക
തിന്നും വിറ്റും
കണ്ടം വഴിയേ ഓടിനടന്നും
നാരകമുള്ളാൽ കുത്തിയ കാതിന്
ഓട്ടയടയ്ക്കാൻ
മറ്റൊരു മുള്ളിന്
പൊന്തക്കാടുകൾ പരതി നടന്നവൾ
ഞാറ്റടി മണ്ണിൽ
മുട്ടിപ്പുല്ലിൻ പൂക്കളിറുത്തും
‘മഴവില്ലിന്റെ നേരവകാശി
ആരാണമ്മേ പറയാമോ ? –
കടങ്കഥകൊഞ്ചിപ്പറഞ്ഞു കളിച്ചും
മഴയുംവെയിലും
കൊണ്ടുവളർന്നവൾ ;
‘അങ്ങത്തിൻ ഒളിയമ്പിൻകോലം – ‘
കാലം തേച്ചുകിടത്തിയ കോലം
വായുകുരുങ്ങിയ
തൊണ്ടക്കുഴിയിൽ
വാമൊഴിചത്തുകിടക്കും കാലം ;
ഓരോന്നോർത്തു കിടപ്പൂ
അടകുടി അമ്മു…
അസ്ഥിച്ചൂടിൻ
തൃഷ്ണ ശമിപ്പാൻ
അസ്ഥിതരിപ്പർപിള്ളേർ മൊഴിയും:
വിട്ടിൽതെറിപ്പൻകാമത്തെയ്യം
പായൽനിറമാണവളുടെ മാറിന്
ചേറിൻ നനവാണവളുടെ ദേഹം
ഇല്ലവിയർപ്പിനുദുർഗന്ധം
പിടലിക്കില്ല കുണ്ടും കുഴിയും
തവളകിതപ്പാണവളുടെ ചുണ്ടിന്
‘ഓപ്പിന് എന്തര് മൂപ്പെടിയേ –
അമ്മയെവീഴ്ത്തിയ ജന്മിത്തിരുമൊഴി ;
വാഴ് വിൻ പല്ലവി –
കാതിൽ
മുഴങ്ങുന്നോങ്കാരം…
ഓർമ്മകളാറ്റിയുറക്കാനിത്തിരി വാറ്റിയപട്ടച്ചാരായം
മോന്തി മയങ്ങീ
അടകുടി അമ്മു ….
പട്ടയമില്ലാ മണ്ണും പുരയും
തണ്ടപ്പേരിൻ കള്ളികൾ ശൂന്യം
എലിഗകൾ- അതിരടയാളം ശൂന്യം
തണ്ണീർത്തടമിത് –
സർക്കാരിന്റെ മൂലധനം…
പെരുമ്പറ കൊട്ടീ :
ഒഴിയാൻ മൂന്നാം നാൾ വരെ സമയം…
അയ്യോ അരുതേ …
വീണ്ടും ഗർഭിണി പെട്ടയൊരുത്തി
തട്ടിൽ പെറ്റു കിടപ്പൂ പൂച്ച
ചട്ടിയിലുള്ളത് ലാവിയൊഴിക്കാൻ
കാവലിരിപ്പൂ കോഴികൾ കാക്കകൾ …
അടയിലിരിപ്പൂ കോഴിയൊരെണ്ണം ….
ചാമ്പപ്പുരയിൽ നിറചനയാടും…
അരുതേ ദുഷ്ടത
എന്തര് ചേതം?
ചേറിലൊടുങ്ങിയ ജന്മങ്ങൾക്കായ്
അങ്ങത്തിന്റെ വരദാനം-
തന്നത് തിന്നത്
ഓർക്കാൻ കിട്ടിയ മണ്ണാണേ….
അപ്പനുമമ്മയും
നടുവുനിവർത്തിയുറങ്ങും മണ്ണേ ….
കർക്കിടമഴയിൽ
പത്തായപ്പുരനിറവിന്
ചോറിനു രുചിയേറിയനേരം
അങ്ങത്തപ്പന് നൽകിയ മണ്ണേ….
എന്നെ അടക്കാൻ ഒരു പിടി മണ്ണേ ….
ആത്‌മഗതoപോലമ്മു കരഞ്ഞു :
അരുതേ നാവിൻ കുരളത;
ചാറ്റുഴിയാൻവന്നപേപ്പിശാചേ….

By ivayana