രചന : വിദ്യ രാജീവ്‌✍

സായന്തനത്തിന്റെ ഛായയിൽ ആഴിതൻ
മാറിൽ മനംനീരാടുമീ വേളയിലൊരു
കാവ്യാംഗനയായ് തന്ത്രികൾ മീട്ടുവാൻ മോഹമുണരുന്നു…

ശ്യാമാംബരത്തിൽ ചെന്താമരപ്പൂവിതറി
വിരഹമേകി ആദിത്യശോഭ പതിയെ മാഞ്ഞിടുന്നേരം,

മൂവന്തിക്കുളിരണിഞ്ഞ് സന്ധ്യ
ചന്ദ്രികാലോലയായ് ചാരുഹാസം തൂകി
രാവിൻ മാറിൽ അലിഞ്ഞു ചേരുന്നു…

കാറ്റുതിർക്കും ദലമർമ്മരങ്ങൾ
മേനിയാകെ തഴുകുന്ന സുഖം പകരവേ,
പറവകൾ കൂടണയാൻ തുനിയുന്നു…

ദൂരെ, ശ്രീകോവിലിലെ ദീപാരാധനയുടെ
മണിമുഴക്കം ഒഴുകിയെത്തി
മനസ്സ് ഭക്തി സാന്ദ്രമാകുന്നു…

ഇത്രയും സൗകുമാര്യമേറിയ
പ്രകൃതീവിലാസിനിയെ
നിന്നെ കാണുമ്പോൾ
കണ്ണും കരളും കുളിർ കോരുന്നു…

സായന്തനം കണ്ടു മടങ്ങീടവേയെൻ
ഏകാന്തയെ മറന്ന്
മനമിനിയും സായാഹ്നങ്ങൾ
കണ്ടു കൂടണയാൻ കൊതിക്കുന്നു…!!

By ivayana