രചന : ഹാരീസ്‌ഖാൻ ✍

“വെറും കണ്ട്കൂടായ്ക ” ഒരാളെ ഇഷ്ടപ്പെടാതിരിക്കാൻ, അപഹസിക്കാൻ, വെറുക്കാൻ കാരണങ്ങളൊന്നും വേണ്ടാതിരിക്കുക എന്നതിന് പറയുന്ന വാക്കാണത്. കേരളത്തിൽ രണ്ട് പോരാണ് ഇതിന് കാര്യമായി ഇരയായിട്ടുള്ളത്…

★കേരളത്തിലെ രാഷ്ട്രീയക്കാരെ ശ്രദ്ധിച്ചാൽ അതിൽ ഏറ്റവും സമർഥനായ നിയമാസഭാ സാമാജികനും, മന്ത്രിയുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളം കണ്ട ഏറ്റവും മികച്ച അഭ്യന്തര മന്ത്രി, നിയസഭയിലെ പ്രകടനം, പ്രതിപക്ഷത്തിൻെറ ചോദ്യങ്ങൾക്ക് കൃത്യമായി പഠിച്ച് മറുപടികൊടുക്കുന്ന വ്യക്തി, എന്ന നിലയിലെല്ലാം അദ്ധേഹം സമർത്ഥനായിരുന്നു.

ടി പി വധക്കേസ് അദ്ധേഹം അന്വേഷിച്ച രീതി നോക്കുക, ഇടക്ക് സ്വന്തം പാർട്ടി തന്നെ ഇടപെട്ട് അന്വേഷണം മുന്നോട്ട് പോവാതെ തടഞ്ഞില്ലായിരുന്നേൽ സി പി എം എന്ന പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ കേരളത്തിൽ തകർന്ന് പോയേനെ…

സ്വന്തം പാർട്ടി അന്നെടുത്ത ആ നിലപാടാണ് കേരളത്തിലെ കോൺഗ്രസിനെ ഇന്ന് ഈ വിധം ദുർബ്ബലമാക്കിയത് എന്ന് വിടി ബലറാം പിന്നീട് നിരീക്ഷിച്ചിട്ടുണ്ട്.

തിരുവഞ്ചൂർ ഒരു സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടി നസ്രിയ നസ്റീൻ എന്ന് പറയുമ്പോൾ അദ്ധേഹത്തിന് അസുഖം മൂലം വന്ന ഒരു നാക്ക്പിഴവിന്, മലയാളി തുടർച്ചയായി അപഹസിച്ചും കോമാളിയായി ചിത്രീകരിച്ചും ശേഷകാല രാഷ്ട്രീയത്തിൽ അദ്ധേഹത്തെ മൂലക്കിരുത്തി. മുഖ്യമന്ത്രിയായിരുന്നേൽ ഉമ്മൻചാണ്ടിയേക്കാൾ മികവ് പുലർത്തുമായിരുന്ന മനുഷ്യനാണ്…

★ ഉമ്മൻചാണ്ടിയുടെ കാലത്ത് സ്ഥാപിച്ചതാണ് യുവജന കമ്മീഷൻ. മറ്റു കമ്മീഷനുകൾ പോലെ ചെയർമാനെ സർക്കാരാണ് നിയമിക്കുന്നത് പ്രായം 18 നും 40 നും ഇടയിലായിരിക്കണം എന്നേ നിബന്ധനയേയുള്ളൂ. ഉമ്മൻചാണ്ടിയുടെ കാലത്ത് ഒരു യൂത്ത് കോൺഗ്രസുകാരനായി രുന്നു ചെയർമാൻ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല…

ഭരണം മാറിയപ്പോൾ ചിന്ത ജെറോം വന്നു. കൂടെ ചൊറിച്ചിലും. ഏതോ വേദിയിൽ എൻറമ്മേടെ ജിമിക്കി കമ്മൽ എന്ന സിനിമാ പാട്ടിനെ വിമർശിച്ചതോടെ വിമർശ്ശിച്ച വരിമാത്രം അടർത്തിയെടുത്ത് ട്രോളായി, കോമാളിയാക്കാനുള്ള ശ്രമങ്ങളായി..

പിന്നിടങ്ങോട്ട് ഒരു കാരണവുമില്ലാതെ അപഹസിക്കലും വേട്ടയാടലുമായി… കാരണമൊന്നും ഇല്ല…

എന്തിനെയാണ് അവരെ ഇങ്ങിനെ വിമർശിക്കുന്നത് എന്ന് മാത്രം ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. അവർ എന്തേലും അഴിമതി കാണിച്ചോ? സ്വജനപക്ഷപാതം കാണിച്ചോ?

ബി എഡും ഇംഗ്ലീഷ് സാഹിത്യത്തിൽ phd ഉള്ളതും ഒരു കുറവ് യോഗ്യതയാണോ?

എന്താണ് യ്ഥാർത്ഥ പ്രശ്നം ..?

ശംബളക്കൂടുതലാണോ പ്രശ്നം?

ഒരു Kseb യിലെ സീനിയർ ക്ലാർക്ക് വാങ്ങുന്ന സാലറിയല്ലേ അവർക്കുള്ളൂ…? അവരുടെ വിദ്യാഭ്യാസ യോഗ്യത വെച്ച് വേറെ ജോലിയിൽ അതിൽ കൂടുതൽ സാലറി അവർക്ക് കിട്ടില്ലേ?

കിട്ടാനുള്ള ശംബള കുടിശ്ശിക ചോദിച്ചതാണോ പ്രശ്നം …? നമ്മൊളൊന്നും ശംബളം ബാലൻസായാൽ ചോദിക്കാറില്ലേ..?

പുതിയ വിവാദം ഡോക്ടറേറ്റ് പ്രബന്ധത്തിൽ വാഴക്കലയുടെ കർത്താവ് ചങ്ങമ്പുഴ എന്നെഴുതേണ്ടത് വൈലപ്പിള്ളി എന്നായിപ്പോയി എന്നതാണ് (സൈക്കിളെടുത്ത് ചിന്തയുടെ പ്രബന്ധം തന്നെ ചെക്ക് ചെയ്യാൻ പോയതിലുള്ള ദുഷ്ടലാക്കിനെ നമുക്ക് വിടാം ) അതോടെ വിമർശ്ശനവും ഡോക്ടറേറ്റ് പിൻവലിക്കണം എന്ന കരച്ചിലുകളുമായി. വാഴക്കുലയോ, കവിതയോ അല്ല “നവലിബറൽ കാലഘട്ടത്തിലെ മലയാള സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ” എന്നതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം ആ വിഷയം അവതരിപ്പിക്കുമ്പോൾ സാന്ദർഭിക വശാൽ വാഴക്കുലയെ പേര് പരാമർശിച്ചപ്പോഴാണ് കവിയുടെ പേര് തെറ്റായി ഉപയോഗിച്ചത്. ഗവേഷണ വിഷയത്തിൻെറ മെറിറ്റിനെ ബാധിക്കാത്ത ഇത്തരം എററുകൾ തിരുത്തി സമർപ്പിക്കുകയാണ് ചെയ്യാറ്.

ചെറിയൊരു സാങ്കേതിക പ്രശ്നം മാത്രമാണത്.

ശേഷം ലൈബ്രറിയിൽ പൊതു വായനക്കായി വെച്ച് ഓപ്പൺ ഡിഫൻസിന് വിധേയയിട്ടാണ് ഒരാൾക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്…ഇതെല്ലാം പർവ്വതീകരിച്ച് കാണിച്ച് പ്രധാന വാർത്തയാക്കി നിലവിലെ തങ്ങളുടെ രാഷ്ട്രീയ യജമാനരുടെ വീഴ്ച്ചകൾ വാർത്തയിൽ നിന്ന് മാറച്ച് പിടിക്കുക എന്ന ലക്ഷ്യമാണ് ഏഷ്യനെറ്റ് പോലുള്ള മാധ്യമങ്ങൾക്കുള്ളത് എന്നെങ്കിലും മനസ്സിലാക്കിയാൽ നമുക്ക് കൊള്ളാം…

ചിന്തയോടുള്ള കാരണങ്ങളില്ലാത്ത ഇത്തരം മനോഭാവം തന്നെ ഒരു ഗവേഷണ വിഷയത്തിനുണ്ട് …

ലേശം വെളുപ്പിച്ചില്ലേ..?

തീർച്ചയായും, കറുപ്പിക്കാൻ മാത്രമുള്ളതല്ല അക്ഷരം.

ഹാരീസ്‌ഖാൻ

By ivayana