രചന : സി.ഷാജീവ്✍

പത്തിന്റെ മെയിൻ പരീക്ഷയാണ് അടുത്തുവരുന്നത്. ടീച്ചേഴ്സെല്ലാം ക്ലാസ്സിൽ നന്നായി റിവിഷൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് അഞ്ചാമത്തെ പീരിയഡ് മലയാളമാണ്. എല്ലാവരെയും ഒന്ന് കാര്യമായി വിലയിരുത്താമെന്ന് കരുതി.


പഠിച്ചുകൊണ്ടുവരേണ്ട പാഠം നേരത്തെ പറഞ്ഞിരുന്നു : ‘അമ്മയുടെ എഴുത്തുകൾ’ എന്ന മധുസൂദനൻ നായരുടെ കവിതയാണ്.
അഞ്ചാമത്തെ പീരിയഡ് ക്ലാസ്സിൽ കയറിച്ചെന്ന് എല്ലാവരോടും പുസ്തകം അടച്ചുവെയ്ക്കുവാൻ പറഞ്ഞു. ക്ലാസ്സിൽ നിശ്ശബ്ദത.
ചോദിക്കുന്ന ചോദ്യം മറ്റുള്ളവർ കേൾക്കാതിരിക്കുവാനും, ഉത്തരങ്ങൾ കുട്ടികൾ പതുക്കെ പറഞ്ഞുകൊടുക്കാതിരിക്കുവാനും വേണ്ടി, ഓരോ കുട്ടിയെയും അടുത്തുവിളിച്ച് അവരോടുമാത്രം പതുക്കെ ചോദിക്കാം എന്നുകരുതി.


ആരോട് ആദ്യം ചോദിക്കണമെന്നാലോചിക്കേ, ക്ലാസ്സിലെ ഉഴപ്പനും, എന്നാൽ മെച്ചപ്പെട്ടുവരുന്നുണ്ടെന്ന കേൾവിയുമുള്ള സുധീഷിനെ വിളിച്ച്, അടുത്തുനിർത്തി ഞാൻ ചോദിച്ചു :
‘അമ്മയുടെ എഴുത്തുകളെല്ലാം അമ്മയായിത്തന്നെയിരിക്കട്ടെ എന്ന് അയാൾ തീരുമാനിച്ചത് എന്തുകൊണ്ടാണ്?


ചോദ്യം ചോദിച്ച സന്തോഷത്തിൽ ഉത്തരം പ്രതീക്ഷിച്ച്, ഞാൻ സുധീഷിനെ നോക്കി. അവൻ ഗൗരവം കലർന്ന ബഹുമാനത്തോടെ എൻ്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു : ‘അയാളുടെ മധുരക്കിഴങ്ങ് നഷ്ടപ്പെട്ടതുകൊണ്ട്.’
ആദ്യം ദേഷ്യം വന്നെങ്കിലും, ഉള്ളിൽനിന്നും ഉയർന്നുവന്ന ചിരി അടക്കിക്കൊണ്ട് ഞാൻ സുധീഷിനോട് ‘നീ ഒന്നുകൂടി ആലോചിച്ചിട്ട് മറുപടി പറഞ്ഞേ…’ എന്നുപറഞ്ഞു.
സുധീഷ് കുറച്ചുനേരം മൗനമായി നിന്നു. അവൻ നന്നായി ആലോചനയിൽ മുഴുകി.
ഞാൻ ചോദ്യം ആവർത്തിച്ചു : ‘അമ്മയുടെ എഴുത്തുകളെല്ലാം അമ്മയായിത്തന്നെയിരിക്കട്ടെ എന്ന് അയാൾ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
സുധീഷ് ആലോചിച്ചുറപ്പിച്ചതിനുശേഷം മറുപടി പറഞ്ഞു : ‘അയാളുടെ മധുരക്കിഴങ്ങ് നഷ്ടപ്പെട്ടതുകൊണ്ട്.’


ഞാൻ ചോദ്യം ചോദിച്ച പാഠത്തിന് ചേർന്നുള്ള പാഠം, ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ടതായതിനാൽ, അതുമായി കൂടിക്കലർന്ന് തെറ്റിദ്ധരിച്ചാണ് അവൻ മറുപടി പറഞ്ഞതെന്ന് മനസ്സിലായതോടെ ഞാൻ അവനെ കാരുണ്യത്തോടെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു :
‘ഇതുതന്നെയല്ലേ നീ നേരത്തെയും പറഞ്ഞത്? ഉത്തരം തെറ്റാണ്. ആലോചിച്ചാൽ നിനക്ക് ശരിയുത്തരം പറയുവാൻ കഴിയും. ഒന്നുകൂടി ആലോചിച്ചിട്ട് കൃത്യമായ ഉത്തരം പറയൂ…’ ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു.


ഞാൻ ചോദ്യം ആവർത്തിച്ചു : ‘അമ്മയുടെ എഴുത്തുകളെല്ലാം അമ്മയായിത്തന്നെയിരിക്കട്ടെ എന്ന് അയാൾ തീരുമാനിച്ചത് എന്തുകൊണ്ടാണ്?’
കൃത്യമായ ഉത്തരം പറയണമെന്ന ആഗ്രഹം അവനിൽ പ്രബലമായതായി എനിക്കു തോന്നി. അവൻ കുറച്ചുനേരംകൂടി ആലോചിച്ച്, എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ നിഷ്കളങ്കമായി പറഞ്ഞു.


‘ഉത്തരം കിട്ടി സാർ.’
‘എങ്കിൽ ഉത്തരം പറയൂ…’
അവൻ പാറിക്കിടന്ന, അവന്റെ മുടി അലസമായി മാടിയൊതുക്കി ഇങ്ങനെ പറഞ്ഞു :
‘അയാളുടെ വെറും കിഴങ്ങ് നഷ്ടപ്പെട്ടതുകൊണ്ട്.’
ശരിക്കും കിഴങ്ങ് നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ സുധീഷിനെ തുറിച്ചുനോക്കി.
താൻ എന്തെങ്കിലും അബദ്ധം പറഞ്ഞുവോ എന്നുള്ള ആശങ്കയിൽ, അവൻ നിസ്സഹായനായി എന്നെയും തുറിച്ചുനോക്കി.


അപ്പോൾ അവന്റെ ചിതറിക്കിടന്ന മുടിയിഴകൾ, ഒരു ഉരുളക്കിഴങ്ങുപാടമാകുന്നതായും, അവന്റെ മുഖം ഒരു വലിയ ഉരുളക്കിഴങ്ങാകുന്നതായും എനിക്കു തോന്നി.
ആ തോന്നലിൽ, ഞാൻ വിയർത്തുകുളിച്ച് കസേരയിൽ തളർന്നിരുന്നു.

NB : കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും തികച്ചും ഭാവന മാത്രം. ആരോടെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃച്ഛികം മാത്രം.

സി.ഷാജീവ്

By ivayana