രചന : അഹ്‌മദ് മുഈനുദ്ദീൻ.✍

ലേബർ ക്യാമ്പിൽ
പരുക്കൻ ശബ്ദങ്ങൾക്കിടയിൽ
നിലത്ത്
മുഖം ചേർത്ത് കിടന്നപ്പോൾ
തോടിന്റെ
തണുപ്പെന്നെ തൊട്ടു.
വീടിന് പുറത്തിറങ്ങുമ്പോഴൊക്കെ
തോട് കാലിൽ കെട്ടിപ്പിടിക്കും
കാലിത്ര മൃദുവായത്
തോടിന്റെ പരിചരണം തന്നെ.
വേനലിൽ
വരയൻ മീശയാകുമെങ്കിലും
വർഷത്തിൽ
നിറവയറുമായ് നിൽക്കും
വളരെ ശ്രദ്ധിച്ചാൽ
വെള്ളത്തിന്റെ മൂളിപ്പാട്ട് കേൾക്കാം
റെയിൽ പാളങ്ങൾ പോലെയാണ്
തെങ്ങിൻ തടത്തിലേക്ക്
വെട്ടിയ ചാലുകൾ.
ഒറ്റയാവശ്യത്തിന് മാത്രമുള്ള നിർമ്മിതി.
കടലാസുതോണിയിറക്കാനും
ഓർമ്മകൾക്കൊപ്പമൊഴുകാനും
പറ്റിയൊരിടം.
അനധികൃതമായി
ട്രാക്ക് മുറിച്ചു കടക്കുന്നതിന്
തുല്യമാകുമോ
കളിവഞ്ചിയിറക്കുന്നത്?
എന്റെ മുന്നിലൊരാൾ
വെപ്പുപല്ല്
നാവുകൊണ്ടിളക്കിക്കളിക്കുന്നു
വാക്കുകൾ തിരിച്ചറിവില്ലാതെ
ഈ ബോറൻ കളികൾക്കിടയിൽ
പെട്ടു പോകുന്നു
ഞാൻ തല വെട്ടിച്ച്
തണുപ്പ് തിരയുകയാണിപ്പോൾ.

അഹ്‌മദ് മുഈനുദ്ദീൻ.

By ivayana